ഏഷ്യൻ കപ്പിനും സജ്ജമായി ആസ്പെറ്റാർ
text_fieldsദോഹ: ഖത്തർ വിജയകരമായി ആതിഥ്യമരുളിയ ഫിഫ ലോകകപ്പിൽ സ്പോർട്സ് മെഡിസിൻ സേവനങ്ങൾകൊണ്ട് മേഖലയിലെ ശ്രദ്ധേയമായി മാറിയ ആസ്പെറ്റാർ ഓർത്തോപീഡിക്സ് ആൻഡ് സ്പോർട്സ് മെഡിസിൻ ആശുപത്രി വൻകരയുടെ മേളയെയും വരവേൽക്കാനുള്ള ഒരുക്കത്തിലാണ്. ലോകോത്തര കായിക താരങ്ങളുടെ ചികിത്സയിലും, ഫിറ്റ്നസ് പരിചരണത്തിലും മുൻനിര സ്ഥാപനമായി മാറിയ ആസ്പെറ്റാറിന്റെ സേവനം ഏഷ്യൻ കപ്പിലും ലഭ്യമാവും.
2022 ലോകകപ്പിൽ കായിക താരങ്ങൾക്ക് ലോകോത്തര നിലവാരത്തിൽ മെഡിക്കൽ സേവനങ്ങൾ നൽകുന്നതിൽ തെളിയിച്ച മികവ് ജനുവരിയിൽ ആരംഭിക്കുന്ന ഏഷ്യൻ കപ്പിലും തുടരുമെന്ന് ആസ്പെറ്റാർ സി.ഇ.ഒ ഡോ. അബ്ദുൽ അസീസ് അൽ കുവാരി പറഞ്ഞു.
ലോകത്തിലെ മികച്ച അത്ലറ്റുകൾക്ക് ഉന്നത നിലവാരത്തിലുള്ള മെഡിക്കൽ സേവനങ്ങൾ ലോകകപ്പ് വേളയിൽ നൽകാനായി. പങ്കെടുത്ത 32 ടീമുകൾക്ക് പുറമേ ടീം പ്രതിനിധികൾക്കും ഫിഫയുടെ ഉയർന്ന ഉദ്യോഗസ്ഥർക്കും മെഡിക്കൽ സേവനങ്ങളുടെ എക്സ്ക്ലൂസിവ് ദാതാവ് എന്ന നിലയിൽ ആശുപത്രിയുടെ പ്രതിബദ്ധത തെളിയിക്കപ്പെട്ടതാണെന്നും ഡോ. അൽ കുവാരി കൂട്ടിച്ചേർത്തു.
ബ്രിട്ടീഷ് ജേർണൽ ഓഫ് സ്പോർട്സ് മെഡിസിൻ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനത്തിൽ ഖത്തർ ലോകകപ്പിലെ മെഡിക്കൽ സേവനങ്ങൾ എന്ന തലക്കെട്ടിൽ ടൂർണമെന്റിലെ വൈവിധ്യമാർന്ന മെഡിക്കൽ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ആസ്പെറ്റാറിന്റെ പങ്ക് ചൂണ്ടിക്കാട്ടിയിരുന്നു. 832 അത്ലറ്റുകൾ, 1300 ഫിഫ അംഗീകൃത ടീം പ്രതിനിധികളും സ്റ്റാഫുകളും, 130 മാച്ച് ഒഫീഷ്യൽമാർ എന്നിവർക്കും നിരവധി വി.ഐ.പികൾക്കും മെഡിക്കൽ സേവനം നൽകിയത് ആസ്പെറ്റാർ ആയിരുന്നു.
പോളിക്ലിനിക്കിലെ 167 അത്ലറ്റുകളെ ആസ്പെറ്റാർ പരിശോധിക്കുകയും 94 അത്ലറ്റുകളിൽ 143 റേഡിയോളജി പരിശോധനകൾ നടത്തുകയും ചെയ്തു. ഇതിൽ 67 ശതമാനവും എം.ആർ.ഐ ആയിരുന്നു. കളിക്കാർക്കുള്ള ഉപദേശത്തിനും ഫാസ്റ്റ് ട്രാക്ക് കാർഡിയാക് വിലയിരുത്തലുകൾക്കുമായി 24 മണിക്കൂർ ഓൺ കോൾ സ്പോർട്സ് കാർഡിയോളജി പരിശോധന സേവനവും ആസ്പെറ്റാർ വാഗ്ദാനം ചെയ്തു.
കളിക്കാരിൽ പല്ലുകൾക്ക് സംഭവിക്കുന്ന പരിക്കുകൾ പരിശോധിക്കുന്നതിന് ആശുപത്രിയിൽ പയനിയറിങ് ഡെന്റൽ കിറ്റും അവതരിപ്പിച്ചു. ഇത് ഈ മേഖലയിലെ ആദ്യത്തെ സംരംഭമായാണ് അറിയപ്പെടുന്നത്.
ലോകകപ്പിന്റെ ഭാഗമായി കിടത്തി ചികിത്സിക്കുന്നതിനുള്ള മുറികളുടെ എണ്ണം 25ൽ നിന്ന് വിപുലീകരിച്ച് 50 ആയി ഉയർത്തിയിരുന്നു. കൂടാതെ ഔട്ട് പേഷ്യന്റ് ക്ലിനിക്കുകൾ വിപുലീകരിക്കുകയും ചെയ്തു. ഉയർന്ന തലത്തിലുള്ള സുരക്ഷയും രഹസ്യസ്വഭാവവും ഉറപ്പുവരുത്തുന്നതിനായി മെഡിക്കൽ സെന്റർ മത്സരങ്ങളിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് മാത്രമായി സമർപ്പിച്ചിരിക്കുകയാണ്.
2023ലെ ഏഷ്യൻ കപ്പിനായി തയാറെടുക്കുമ്പോൾ മുൻനിര അത്ലറ്റുകളുടെ ആരോഗ്യത്തെയും പ്രകടനത്തെയും പിന്തുണക്കുന്നതിൽ മികവിന്റെ പൈതൃകം തുടരാനുള്ള തയാറെടുപ്പിലാണ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്പോർട്സ് മെഡിസിൻ ആശുപത്രികളിലൊന്നായ ആസ്പെറ്റാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.