കളിക്കാരുടെ ഫിറ്റ്നസ് ഉറപ്പാക്കാൻ ആസ്പെറ്റാർ
text_fieldsദോഹ: കളിമുറ്റങ്ങളും ടീമുകളും താരങ്ങളുമായി കായികലോകത്തിന് ഒരുപിടി വിസ്മയങ്ങൾ സമ്മാനിച്ച ഖത്തറിന്റെ മറ്റൊരു അതിശയകേന്ദ്രമാണ് സ്പോർട്സ് മെഡിസിൻ സ്പെഷ്യാലിറ്റി ആശുപത്രിയായ ആസ്പെറ്റാർ. ലോകകപ്പ് ഫുട്ബാൾ മേള ഖത്തറിലേക്ക് വരുമ്പോൾ ലോകശ്രദ്ധയിലെത്തുന്നതും കായിക ആരോഗ്യ പരിചരണ രംഗത്തെ ഈ കേന്ദ്രമായിരിക്കും. ഫിഫ ലോകകപ്പിനെയും ലോകോത്തര താരങ്ങളെയും സ്വീകരിക്കാൻ ആസ്പെറ്റാർ സജ്ജമായതായി അധികൃതർ അറിയിച്ചു.
ഓർത്തോപീഡിക് സർജൻമാർ, കാർഡിയോളജിസ്റ്റുകൾ, സ്പോർട്സ് മെഡിസിൻ ഫിസിഷ്യൻസ്, സ്പോർട്സ് ഡെൻറിസ്റ്റുകൾ, സ്പോർട്സ് സൈക്കോളജിസ്റ്റുകൾ, ഫിസിയോതെറപ്പിസ്റ്റുകൾ, മസാജ് തെറപ്പിസ്റ്റുകൾ, നഴ്സുമാർ, ശാസ്ത്ര ഗവേഷകർ, റേഡിയോളജിസ്റ്റുകൾ, ഫിസിക്കൽ കോച്ചുമാർ, ഫാർമസിസ്റ്റുകൾ, സ്പോർട്സ് ന്യൂട്രീഷ്യനിസ്റ്റുകൾ, സ്പോർട്സ് പോഡിയാസ്ട്രിസ്റ്റുകൾ, ബയോമെഡിക്കൽ എൻജിനീയർമാർ... എല്ലാവരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഖത്തറിലെത്തുന്ന താരങ്ങളെ സ്വീകരിക്കാൻ സജ്ജമാണെന്ന് ആസ്പെറ്റാർ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോ സന്ദേശത്തിൽ അറിയിച്ചു.
2009ൽ ഫിഫ മെഡിക്കൽ സെന്റർ ഓഫ് എക്സലൻസ് ബൈ എഫ്-മാർക്ക് അംഗീകാരവും 2014ൽ ഐ.ഒ.സി റിസർച്ച് സെന്റർ ഫോർ പ്രിവൻഷൻ ഓഫ് ഇഞ്ചുറി ആൻഡ് പ്രൊട്ടക്ഷൻ ഓഫ് അത്ലറ്റ് ഹെൽത്ത് അംഗീകാരവും ആസ്പെറ്റാറിനെ തേടിയെത്തി. തൊട്ടടുത്ത വർഷം ഐ.എച്ച്.എഫ് റഫറൻസ് സെന്റർ ഫോർ അത്ലറ്റ് ആൻഡ് റഫറി ഹെൽത്ത് അംഗീകാരവും സ്ഥാപനത്തിന് ലഭിച്ചു.
മേഖലയിൽ ഫിഫ മെഡിക്കൽ സെന്റർ ഓഫ് എക്സലൻസ് അംഗീകാരം നേടുന്ന പ്രഥമ സ്പോർട്സ് മെഡിസിൻ സെന്ററാണ് ആസ്പയർ സോണിൽ സ്ഥിതി ചെയ്യുന്ന ആസ്പെറ്റാർ. ഖത്തറിൽ നടന്ന നൂറിലധികം ദേശീയ, അന്തർദേശീയ കായിക ചാമ്പ്യൻഷിപ്പുകളിലും ടൂർണമെന്റുകളിലും ആസ്പെറ്റാർ തങ്ങളുടെ സേവനം ഉറപ്പുവരുത്തിയിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 18,000ത്തിലധികം താരങ്ങൾക്ക് ഇവിടെ മെഡിക്കൽ പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്.
കാൽമുട്ടിലെ തരുണാസ്ഥി വൈകല്യം പരിഹരിക്കാൻ പുതിയ തെറപ്പി ഈ വർഷം ജൂണിൽ ആസ്പെറ്റാർ അവതരിപ്പിച്ചിരുന്നു. പുതിയ സാങ്കേതികവിദ്യ പ്രകാരം, പുതുതായി വേർതിരിച്ചെടുത്ത കോൺട്രോസൈറ്റുകളോടെയുള്ള ഒറ്റഘട്ട തരുണാസ്ഥി ചികിത്സക്കുള്ള സാങ്കേതികവിദ്യ ഇതാദ്യമായാണ് യൂറോപ്പിന് പുറത്ത് നടത്തുന്നത്. മൂവ്മെന്റ് അസസ്മെന്റ് ലാബ്, സ്പോർട്സ് സർജറി ട്രെയ്നിങ് സെന്റർ, ഹൈഡ്രോതെറപ്പി പൂളുകൾ, ആൾറ്റിറ്റ്യൂഡ് ഡോർമിറ്ററി, ക്ലൈമറ്റ് ചേംബർ, വാംഅപ് ട്രാക്ക്, ഫിസിയോതെറപ്പി ആൻഡ് റിഹാബിലിറ്റേഷൻ, ഫിറ്റ്നസ് ഏരിയ, അത്ലറ്റ്സ് സ്ക്രീനിങ് യൂനിറ്റ്, ഡിജിറ്റൽ ഓർത്തോട്ടിക് ലാബ്, വെർച്വൽ റിയാലിറ്റി, ഓപറേറ്റിങ് തിയറ്റർ ആൻഡ് പോസ്റ്റ് സർജറി വാർഡ്, സ്പോർട്സ് ഡെന്റിസ്ട്രി ഏരിയ, മെഡിക്കൽ ഇമേജിങ്, ലബോറട്ടറി, ഫാർമസി എന്നിങ്ങനെ പതിനാറോളം വിഭാഗങ്ങളാണ് ആസ്പെറ്റാറിന് കീഴിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.