നയതന്ത്ര സ്ഥാപനങ്ങളുടെ ആസ്തികൾ; പ്രത്യേക സമിതിക്ക് അംഗീകാരം
text_fieldsദോഹ: രാജ്യത്തെ നയതന്ത്ര സ്ഥാപനങ്ങൾക്കും കോൺസുലാർ മിഷനുകൾക്കും ഭൂമിയുടെയും കെട്ടിടങ്ങളുടെയും ഉടമസ്ഥാവകാശം നൽകുന്നത് സംബന്ധിച്ച കമ്മിറ്റി രൂപവത്കരിക്കാനുള്ള കരട് നിർദേശത്തിന് ഖത്തർ മന്ത്രിസഭ അംഗീകാരം നൽകി.
ബുധനാഴ്ച ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അതിയ്യയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് കരട് നിർദേശത്തിന് അംഗീകാരം നൽകിയത്.
വിദേശകാര്യ മന്ത്രാലയത്തിനു കീഴിലാണ് ഇതുസംബന്ധിച്ച് തീരുമാനം എടുക്കുന്നതിനായി കമ്മിറ്റി രൂപവത്കരിക്കുന്നത്. നയതന്ത്ര സ്ഥാപനങ്ങൾ വസ്തു ഉടമസ്ഥത സംബന്ധിച്ചു നൽകുന്ന അപേക്ഷകളിൽ പഠിക്കുകയും ആവശ്യമായ ഭേദഗതികൾക്കായി മന്ത്രാലയത്തോട് നിർദേശിക്കുകയും ചെയ്യും. നയതന്ത്ര സ്ഥാപനങ്ങൾ ഭൂമി സ്വന്തമാക്കുന്നതിനോ കെട്ടിടം നിർമിക്കുന്നതിനോ ആവശ്യമായ മറ്റേതെങ്കിലും വ്യവസ്ഥകളും മാനദണ്ഡങ്ങളും നിർദേശിക്കുകയും അവ മന്ത്രിയുടെ മുമ്പാകെ അവതരിപ്പിക്കുകയും ചെയ്യുക എന്നിവയാണ് കമ്മിറ്റിയുടെ ചുമതലകൾ.
ഇതിനുപുറമെ, വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പൊതു വിദ്യാലയങ്ങളിലെ ടെക്സ്റ്റ് പുസ്തകം, യാത്ര ഫീസ് സംബന്ധിച്ച ഭേദഗതി നിർദേശത്തിനും മന്ത്രിസഭ അംഗീകാരം നൽകി. തുടർന്ന് വിദ്യാഭ്യാസ മന്ത്രാലയം നൽകിയ വിശദീകരണ പ്രകാരം ജി.സി.സി പൗരന്മാരല്ലാത്ത വിദേശ വിദ്യാർഥികൾക്ക് ഫീസ് ഒഴിവാക്കിയതായി വ്യക്തമാക്കി.
എന്നാൽ, ഇസ്ലാമിക മതകാര്യമന്ത്രാലയത്തിനു കീഴിലെ ഇമാമുമാർ, മുഅദ്ദിൻ എന്നിവരുടെ മക്കളുടെ പഠനങ്ങളിലാണ് ഈ ഇളവുകൾ നൽകിയത്. മൂന്നമതായി ഖത്തർ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കമ്പനിയിൽ (ക്യൂ.ഇ.ഡബ്ല്യൂ.സി) വിദേശനിക്ഷേപ പരിധി ഉയർത്താനുള്ള നിർദേശത്തിനും മന്ത്രിസഭ അംഗീകാരം നൽകി.സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ട ഖത്തരി പബ്ലിക് കമ്പനിയായ ക്യൂ.ഇ.ഡബ്ല്യു.സിയിൽ ഇതോടെ 100 ശതമാനം വിദേശ നിക്ഷേപത്തിന് അംഗീകാരമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.