എ.ടി.ഡി പുരസ്കാരത്തിളക്കത്തിൽ കഹ്റമ
text_fieldsദോഹ: ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷന് (കഹ്റമ) അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന അസോസിയേഷൻ ഫോർ ടാലന്റ് ഡെവലപ്മെന്റ് (എ.ടി.ഡി) പുരസ്കാരം. വിദ്യാഭ്യാസം, ജീവനക്കാരുടെ വളർച്ച, മാനേജ്മെന്റ് എന്നിവയിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന സംഘടനകൾക്കും സ്ഥാപനങ്ങൾക്കും നൽകുന്ന എ.ടി.ഡി അവാർഡുകൾ കഹ്റമയുടെ മാനവ വിഭവശേഷി വകുപ്പാണ് കരസ്ഥമാക്കിയിരിക്കുന്നത്.
ഖത്തറിൽ എ.ടി.ഡി ബഹുമതി ലഭിക്കുന്ന ആദ്യ സ്ഥാപനംകൂടിയാണ് കഹ്റമ. പരിശീലന, ടാലൻഡ് ഡെവലപ്മെന്റ് മേഖലയിലെ ഏറ്റവും വലിയ സ്ഥാപനങ്ങളിലൊന്നാണ് 1943ൽ സ്ഥാപിതമായ എ.ടി.ഡി. എ.ടി.ഡിയുടെ വാർഷിക സമ്മേളനത്തിൽ അംഗീകാരം ലഭിച്ചതോടെ ആഗോളാടിസ്ഥാനത്തിൽ മുൻനിര സ്ഥാപനങ്ങളുടെ പട്ടികയിലേക്കാണ് കഹ്റമ നടന്നുകയറിയത്.
മാനവ വിഭവശേഷിയെ കോർപറേഷന്റെ ജീവനാഡിയായാണ് കണക്കാക്കുന്നതെന്നും അവർക്ക് വിദ്യാഭ്യാസ, വളർച്ച അന്തരീക്ഷം പരിപോഷിപ്പിക്കുക, ജീവനക്കാരെ അവരുടെ കഴിവുകൾ വളർത്തുന്നതിന് പ്രാപ്തരാക്കുക തുടങ്ങിയവയിലാണ് ശ്രദ്ധ നൽകുന്നതെന്നും ഹ്യൂമൻ റിസോഴ്സ് ഡിപ്പാർട്മെന്റ് മാനേജർ നജ്ല അൽ ബൂഐനൈൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.