20ന്റെ തിളക്കത്തിൽ ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ
text_fieldsദോഹ: ഗൾഫിലും ഇന്ത്യയിലും ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ ആരോഗ്യ പരിചരണരംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി മാറിയ ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്റെ ഖത്തറിലെ ജൈത്രയാത്രക്ക് 20 വർഷത്തിന്റെ തിളക്കം. 2003ൽ മിശൈരിബിലെ അൽ റഫ പോളിക്ലിനിക്കായി പ്രവർത്തനം ആരംഭിച്ച ആസ്റ്റർ ചുരുങ്ങിയ നാളുകൾക്കുള്ളിലാണ് ഖത്തറിലെ സ്വദേശികളുടെയും പ്രവാസികളുടെയും ചികിത്സ മേഖലയിൽ മുൻനിര സ്ഥാപനമായി മാറിയത്.
ഇന്ത്യൻ മാനേജ്മെന്റിനു കീഴിൽ പ്രവർത്തിക്കുന്ന ആദ്യ പോളിക്ലിനിക്കായാണ് 20 വർഷംമുമ്പ് പ്രവർത്തനം ആരംഭിച്ചത്. ഏറ്റവും മികച്ച ചികിത്സകളുമായി ചുരുങ്ങിയ നാളുകൾക്കുള്ളിൽ പ്രശസ്തി നേടിയ സ്ഥാപനം, 2013ലാണ് സിറിങ് റോഡിലെ വിശാലമായ ആശുപത്രി സംവിധാനത്തിലേക്ക് മാറുന്നത്.
നിലവിൽ ആസ്റ്ററിനു കീഴിൽ അഞ്ച് മെഡിക്കൽ സെന്ററുകളും ആറ് ഫാർമസികളും ഖത്തറിലെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്നു. ആസ്റ്റർ മെഡിക്കൽ സെന്റർ, ആസ്റ്റർ ഹോസ്പിറ്റൽസ്, ആസ്റ്റർ ഫാർമസി എന്നിവ ഉൾപ്പെടുന്നതാണ് ഖത്തറിലെ ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപനങ്ങൾ. സ്വദേശികൾക്കും വിദേശികൾക്കും ആധുനിക ചികിത്സ നൽകിക്കൊണ്ട് ഖത്തർ നാഷനൽ ഹെൽത്ത് സ്ട്രാറ്റജി പദ്ധതിയിലും സ്ഥാപനം നിർണായക പങ്കുവഹിക്കുന്നു.
കാർഡിയോളജി, ന്യൂറോളജി, ഗാസ്ട്രോ എൻറോളജി, യൂറോളജി, ഫാമിലി മെഡിസിൻ എന്നിവ ഉൾപ്പെടെ നിരവധി ചികിത്സ വിഭാഗങ്ങളിലായി രണ്ടു പതിറ്റാണ്ടിനിടെ 20 ലക്ഷത്തോളം പേർക്ക് മികച്ച ചികിത്സയും നൽകാൻ കഴിഞ്ഞു. പതിനായിരത്തോളം ശസ്ത്രക്രിയകളും മറ്റുമായി നിരവധി പേരുടെ ജീവൻരക്ഷാ കേന്ദ്രമായും പ്രവർത്തിച്ചു.
ആസ്റ്ററിന്റെ രണ്ടു പതിറ്റാണ്ട് പിന്നിട്ട ജൈത്രയാത്രയിൽ ഒപ്പംനിന്ന് സമർപ്പണത്തോടെ പ്രവർത്തിച്ച ഡോക്ടർമാർ, നഴ്സ്, സ്റ്റാഫ് ഉൾപ്പെടെ എല്ലാവരോടും നന്ദി അറിയിക്കുന്നതായി ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സി.ഒ.ഒ ഡോ. കപിൽ ചിബ് പറഞ്ഞു. ഒപ്പംനിന്ന രോഗികൾക്ക് നന്ദി അറിയിക്കുന്നതിനൊപ്പം വരുംനാളുകളിലും ആധുനികവും ഏറ്റവും മികച്ചതുമായ പരിചരണം തുടരും -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.