സുഡാനിൽ എംബസിക്കുനേരെ ആക്രമണം; അപലപിച്ച് ഖത്തർ
text_fieldsദോഹ: ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനിലെ ഖർത്തൂമിൽ ഖത്തറിന്റെ നയതന്ത്ര കാര്യാലയത്തിനുനേരെ ആക്രമണം. സുഡാനിലെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ ആറാഴ്ച പിന്നിടവേയാണ് വെള്ളിയാഴ്ച ഖത്തറിന്റെ നയതന്ത്ര കാര്യാലയത്തിനു നേരെയും ആക്രമണമുണ്ടായത്. സംഭവത്തെ ഖത്തർ വിദേശകാര്യ മന്ത്രാലയം കടുത്ത ഭാഷയിൽ അപലപിച്ചു. എംബസി ജീവനക്കാരെ നേരത്തേതന്നെ ഒഴിപ്പിച്ചതിനാൽ ആർക്കും പരിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ആഭ്യന്തര സംഘർഷങ്ങളിൽനിന്ന് എംബസികൾ, നയതന്ത്ര ദൗത്യങ്ങൾ, അന്താരാഷ്ട്ര സംഘടനകളുടെ ആസ്ഥാനം, സിവിലിയൻ സൗകര്യങ്ങൾ എന്നിവ ഒഴിവാക്കണമെന്ന് ഖത്തർ വ്യക്തമാക്കി. ആക്രമണത്തിന് ഉത്തരവാദികളായവരെ പ്രോസിക്യൂട്ട് ചെയ്ത് അർഹമായ ശിക്ഷ നൽകണമെന്നും ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും കരാറുകളുടെയും ലംഘനമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
സുഡാനിലെ സംഘർഷം എത്രയുംവേഗം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഏപ്രിൽ ആദ്യവാരത്തിൽ ആരംഭിച്ച ആഭ്യന്തര യുദ്ധത്തിനു പിന്നാലെ ഖത്തർ തങ്ങളുടെ പൗരന്മാരെ ഒഴിപ്പിച്ചിരുന്നു. തുടർന്ന് രാജ്യത്തേക്ക് ഭക്ഷണവും മരുന്നും ഉൾപ്പെടെ മാനുഷിക സഹായങ്ങൾ എത്തിക്കുകയും ഖത്തരി റെസിഡന്റുമാരായ ആയിരത്തോളം സുഡാനികളെ ദോഹയിൽ എത്തിക്കുകയും ചെയ്തിരുന്നു. രാജ്യത്ത് ഏറ്റുമുട്ടൽ അവസാനിപ്പിച്ച് സമാധാനം നിലനിർത്താനുള്ള ശ്രമങ്ങൾക്കിടയിലാണ് കഴിഞ്ഞ ദിവസം ഖത്തർ നയതന്ത്ര കാര്യാലയവും ആക്രമിച്ചത്. യു.എ.ഇ, സൗദി അറേബ്യ, ഒമാൻ തുടങ്ങിയ വിവിധ രാജ്യങ്ങളും അപലപിച്ചു. നയതന്ത്ര സ്ഥാപനങ്ങളെയും വ്യക്തികളെയും ഉന്നംവെച്ച് ആക്രമണം നടത്തുന്നത് ഗുരുതര നിയമലംഘനമാണെന്ന് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) പ്രസ്താവനയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.