ഗസ്സയിലെ ഖത്തർ കമ്മിറ്റി ആസ്ഥാനത്തിന് നേരെയും ആക്രമണം
text_fieldsദോഹ: ഗസ്സയുടെ പുനർനിർമാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ഖത്തർ കമ്മിറ്റി ആസ്ഥാനത്തിന് നേരെയും ഇസ്രായേലിന്റെ ആക്രമണം. സംഭവത്തെ ഖത്തർ വിദേശകാര്യമന്ത്രാലയം ശക്തമായ ഭാഷയിൽ അപലപിച്ചു. സാധാരണ ജനങ്ങൾ, ആശുപത്രികൾ, സ്കൂളുകൾ എന്നിവയുൾപ്പെടെയുള്ള സ്ഥാപനങ്ങളെയും വ്യക്തികളെയും ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്ന് മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
പതിറ്റാണ്ടുകളായി തുടരുന്ന ആക്രമണവും ഉപരോധവും കാരണം ജീവിതം ദുസ്സഹമായ ഫലസ്തീൻ ജനതക്ക് പുതുജീവിതം കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യവുമായാണ് ഗസ്സ പുനർനിർമാണത്തിനുള്ള ഖത്തർ കമ്മിറ്റി പ്രവർത്തിക്കുന്നത്. നിരപരാധികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ ആവർത്തിക്കുന്ന ആക്രമണം തടയാൻ അന്താരാഷ്ട്ര സമൂഹ ഇടപെടണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
ഗസ്സയിലെ ഖത്തർ കമ്മിറ്റി ആസ്ഥാനത്തിന് നേരെ നടന്ന ആക്രമണത്തെ സൗദി അറേബ്യയും ശക്തമായി പ്രതിഷേധിച്ചു. എല്ലാ അന്താരാഷ്ട്ര നിയമങ്ങളെയും മാനദണ്ഡങ്ങളെയും ഇസ്രായേൽ സൈന്യം ലംഘിക്കുകയാണെന്ന് സൗദി വ്യക്തമാക്കി. ഈ നഗ്നമായ ആക്രമണത്തിനെതിരെ ഖത്തറിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതായും സൗദി പറഞ്ഞു. യു.എ.ഇ, കുവൈത്ത്, ഒമാൻ, ഈജിപ്ത്, ജോർഡൻ, ജി.സി.സി കമ്മിറ്റി, ഒ.ഐ.സി തുടങ്ങിയവയും നടപടിയെ അപലപിച്ചു.
2012ലാണ് ജീവകാരുണ്യ, വികസന പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് ഗസ്സയിൽ പുനർനിർമാണ കമ്മിറ്റി പ്രവർത്തനമാരംഭിച്ചത്. കുടുംബങ്ങൾക്ക് തൊഴിൽ, ധനസഹായം, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ തുടങ്ങിയ വിവിധ പദ്ധതികൾ ഇതുവഴി നടപ്പാക്കുന്നുണ്ട്. തകർത്ത കെട്ടിടത്തിന് മുകളിൽ ഇസ്രായേലിന്റെ അടയാളമായ സ്റ്റാർ ഓഫ് ഡേവിഡ് പെയിന്റ് ചെയ്ത ദൃശ്യങ്ങളും സാമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.