വ്യാജരേഖ ചമച്ച് ജോലിക്ക് ശ്രമം; 83 പേർ കരിമ്പട്ടികയിൽ
text_fieldsദോഹ: തെറ്റായ രേഖകൾ സമർപ്പിച്ച് ലൈസൻസ് നേടാൻ ശ്രമിച്ച 83 ആരോഗ്യ പ്രവർത്തകർക്കെതിരെ നടപടി സ്വീകരിച്ചതായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 2022, 2023 വർഷങ്ങളിലായാണ് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നതിനുള്ള മന്ത്രാലയം ലൈസൻസിനായി സമർപ്പിച്ച രേഖകൾ വ്യാജമാണെന്ന് തിരിച്ചറിഞ്ഞതും നടപടി സ്വീകരിച്ചതും.
ഇവർക്ക് ലൈസൻസ് നിഷേധിക്കുകയും, കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം ഹെൽത്ത് കെയർ പ്രഫഷൻസ് വിഭാഗം ഡയറക്ടർ ഡോ. സഅദ് അൽ കഅബി പറഞ്ഞു.
രാജ്യത്തെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന വിദഗ്ധരുടെ യോഗ്യത പരിശോധിക്കുന്നതിനുള്ള കർശന നടപടികൾ പിന്തുടരുന്നതായും, അപേക്ഷകർക്ക് ലൈസൻസ് അനുവദിക്കുന്നതിന് മുമ്പ് നിയമലംഘനങ്ങൾ കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ പ്രഫഷനലുകളെ ഖത്തറിലെ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നതിൽനിന്നും ആജീവനാന്തം വിലക്കുകയും ചെയ്തു.
ആരോഗ്യ വിദഗ്ധർ ജോലി ചെയ്തിരുന്ന തസ്തികകൾ, പ്രവൃത്തി പരിചയം എന്നിവയിൽ കൃത്രിമത്വം കാണിച്ചാണ് ജോലിക്ക് ശ്രമിക്കുന്നത്. വിശ്വാസ യോഗ്യമല്ലാത്ത സ്ഥാപനങ്ങളിൽനിന്നുള്ള അക്കാദമിക് യോഗ്യതകളിൽ കൃത്രിമം കാണിച്ച സംഭവങ്ങളും യോഗ്യത പരീക്ഷകളിൽ തെറ്റിദ്ധരിപ്പിക്കുന്ന ഫലങ്ങളും സമർപ്പിച്ചതായും ഡോ. സഅദ് അൽ കഅബി വിശദീകരിച്ചു.
ഡോക്ടർമാർ, നഴ്സുമാർ, മറ്റു ആരോഗ്യ വിദഗ്ധർ എന്നിവരുൾപ്പെടെ വിവിധ വിഭാഗങ്ങളിൽ ഇത്തരം ലംഘനങ്ങൾ കണ്ടെത്തിയതായും വ്യക്തമാക്കി. ആരോഗ്യ മേഖലയിലെ അപേക്ഷകർക്ക് തെറ്റായ സർട്ടിഫിക്കറ്റുകൾ നൽകുന്ന ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളെയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതായും, ഈ സ്ഥാപനങ്ങൾ ഭാവിയിൽ നൽകുന്ന ഒരു സർട്ടിഫിക്കറ്റുകളും സ്വീകാര്യമല്ലെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.