നോമ്പിനൊരുങ്ങി ഔഖാഫ്
text_fieldsദോഹ: നോമ്പുകാലത്തെ വരവേൽക്കാൻ വിപുലമായ തയാറെടുപ്പുകളോടെ ഇസ്ലാമിക മതകാര്യമന്ത്രാലയം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇഫ്താർ ടെൻറുകളും നോമ്പുതുറ വിഭവങ്ങളുടെ വിതരണ കേന്ദ്രങ്ങളും സ്ഥാപിക്കുമെന്നും ഇതുവഴി ഏഴ് ലക്ഷത്തോളം പേർക്ക് നോമ്പുതുറ ഒരുക്കുമെന്നും ഇസ്ലാമിക മതകാര്യമന്ത്രാലയം ഔഖാഫ് അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 15 സ്ഥലങ്ങളിലായി 20 ടെൻറുകളും അഞ്ച് വിതരണകേന്ദ്രങ്ങളും വഴി പ്രതിദിനം 24,000ത്തോളം പേരെ നോമ്പുതുറപ്പിക്കാനുള്ള സംവിധാനങ്ങളാണ് ഔഖാഫ് ഒരുക്കുന്നത്.
‘ഇഫ്താര്‍ സ്വാഇം’ എന്ന കാമ്പയിന് വഴിയാണ് ഖത്തറിലെ മതകാര്യ മന്ത്രാലയമായ ഔഖാഫ് നോമ്പുകാര്‍ക്ക് ഭക്ഷണമൊരുക്കുന്നതെന്ന് ഔഖാഫ് ഡയറക്ടർ ജനറൽ ഡോ. ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ ഗാനിം ആൽഥാനി വാർത്തസമ്മേളനത്തിൽ അറിയിച്ചു. മന്ത്രാലയത്തിന്റെ ഈ പദ്ധതിയെ പിന്തുണക്കുന്നവർക്കുള്ള നന്ദി അറിയിച്ച് ഡോ. ശൈഖ് ഖാലിദ്, ആവശ്യങ്ങൾ കൂടിയതിന്റെ അടിസ്ഥാനത്തിലാണ് ഇഫ്താർ ടെൻറുകളും വിതരണ കേന്ദ്രങ്ങളും വർധിപ്പിക്കാൻ തീരുമാനിച്ചതെന്ന് പറഞ്ഞു.
ഔഖാഫ് വെബ്സൈറ്റ് വഴി പൊതുജനങ്ങൾക്ക് ഈ പദ്ധതിയിലേക്ക് സംഭാവന നൽകി പങ്കുചേരാമെന്ന് അസി. ഡയറക്ടർ ജനറൽ മുഹമ്മദ് ബിൻ യാഖൂബ് അൽ അലി അറിയിച്ചു.സാമൂഹിക ഐക്യം ശക്തിപ്പെടുത്തുക എന്നതിനൊപ്പം സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്നവർക്കും നല്ല ഇഫ്താറുമായി നോമ്പ് തുറക്കാൻ സൗകര്യമൊരുക്കുകയാണ് മന്ത്രാലയം ഈ ദൗത്യത്തിലൂടെ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇഫ്താർ ടെൻറുകൾ
ഐൻ ഖാലിദ് (വ്യാഴം, വെള്ളി മാർക്കറ്റ്), അൽ സൈലിയ (ന്യൂ സെൻട്രൽ മാർക്കറ്റ്), ഇൻഡസ്ട്രിയൽ ഏരിയ (ഈദ് മുസല്ല, സ്ട്രീറ്റ് 23 അൽ അതിയ്യ), ഇൻഡസ്ട്രിയൽ സോൺ സ്ട്രീറ്റ് 38, അൽ റയ്യാൻ (ഈദ് പ്രയർ ഹാൾ), അൽ മുൻതസ, ഉം സലാൽ മുഹമ്മദ്, അൽ വക്റ (ഓൾവക്റ മാർക്കറ്റിന് എതിർവശം), അൽ ഖോർ (ഉഥ്മാൻ മസ്ജിദ്), ബിൻ ഉംറാൻ (ഈദ് പ്രയർ ഹാൾ), അൽ അസിസിയ (ഈദ് പ്രയർ ഹാൾ), സൂഖ് അൽ അലി, അൽ സുലൈമി (നോർത് ഫാം ഏരിയ), മുറൈഖ് (879 പള്ളിക്ക് അരികിൽ), അൽ തുമാമ എന്നിവടങ്ങളിലാണ് റമദാൻ ടെൻറുകൾ സജ്ജീകരിക്കുന്നത്.
ഇതോടൊപ്പം തന്നെ ഓള്‍ഡ് എയര്‍പോര്‍ട്ട്, ഉം ഗുവൈലിന, ഫരീജ് ബിന്‍ മഹ്മൂദ്, സൂഖ് ഫലേഹ്, സല്‍വ റോഡ് എന്നിവടങ്ങളില്‍ ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയോളം പേര്‍ക്കാണ് ഇത്തവണ ഇഫ്താര്‍ ഒരുക്കുന്നതെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.