ഔഖാഫ് ഇഫ്താറിൽ പങ്കെടുത്തത് ഒന്നരലക്ഷത്തിലധികം പേർ
text_fieldsഔഖാഫിന്റെ ഇഫ്താർ ടെന്റുകളിൽ നോമ്പ് തുറക്കാനെത്തിയവർ
ദോഹ: ഖത്തറിന്റെ വ്യത്യസ്ത ഭാഗങ്ങളിലായി ഔഖാഫ് ഇസ്ലാമിക മതകാര്യ മന്ത്രാലയം സംഘടിപ്പിച്ച ഇഫ്താർ ടെന്റുകൾ വഴി നോമ്പുതുറന്നത് ഒന്നരലക്ഷത്തിൽ അധികം പേർ. അൽ വക്റ, അൽഖോർ, അൽ സൈലിയ, തേർസ്ഡേ ആൻഡ് ഫ്രൈഡേ സൂഖ് എന്നിവിടങ്ങളിലായി ഔഖാഫ് ഒരുക്കിയ ഇഫ്താറുകളിലാണ് പ്രവാസികളായ വിവിധ രാജ്യക്കാരുടെ സജീവ പങ്കാളിത്തം.
ആവശ്യക്കാരെയും അർഹരെയും സഹായിക്കുകയെന്ന ലക്ഷ്യത്തോടെ നോമ്പുകാർക്കുള്ള ഔഖാഫ് മന്ത്രാലയത്തിന്റെ ഇഫ്താർ പദ്ധതിയുടെ ഭാഗമായാണ് ഭക്ഷണം വിതരണം ചെയ്യുന്നതെന്ന് പത്രക്കുറിപ്പിൽ മന്ത്രാലയം അറിയിച്ചു. സാമൂഹിക ഐക്യദാർഢ്യത്തിന്റെയും കാരുണ്യത്തിന്റെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുന്ന ഇഫ്താറുകളിൽ മൂന്ന് ലക്ഷത്തോളം പേരെയാണ് ഈ റമദാനിലുടനീളം പ്രതീക്ഷിക്കുന്നത്. ദൈവത്തോട് സാമീപ്യം തേടുന്ന പുണ്യകർമമാണ് ഇഫ്താറെന്ന് ഔഖാഫ് ഇഫ്താർ കമ്മിറ്റി ചെയർമാൻ മുഹമ്മദ് യാഖൂബ് അൽ അലി പറഞ്ഞു.
ഇഫ്താറിനെത്തുന്നവർക്ക് മികച്ച അനുഭവം നൽകാൻ ശീതീകരിച്ച സ്ഥലങ്ങളിൽ ഉയർന്ന നിലവാരത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നത്. പ്രത്യേക കമ്മിറ്റി വഴിയാണ് ഇഫ്താർ കൂടാരങ്ങൾ സംഘടിപ്പിക്കുന്നതെന്നും, ഇതിനായി പ്രത്യേക ടാസ്ക് ഫോഴ്സ്, സൈറ്റ് കൈകാര്യം ചെയ്യുന്നതിനുള്ള വ്യക്തികൾ, ഭക്ഷണം തയാറാക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ആളുകൾ എന്നിവരെല്ലാം ഇതിലുൾപ്പെടുമെന്നും അദ്ദേഹം വിശദീകരിച്ചു.
ഇഫ്താർ പദ്ധതിയുടെ വിജയത്തിനായി മുനിസിപ്പാലിറ്റി മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. പദ്ധതിക്കായി ഖത്തറിലെ ഉദാരമതികളിൽനിന്ന് അകമഴിഞ്ഞ പിന്തുണയാണ് ലഭിക്കുന്നതെന്നും ഇഫ്താർ പദ്ധതിക്കായി സംഭാവന നൽകാൻ ഉദ്ദേശിക്കുന്നവർ ഔഖാഫിന്റെ ഔദ്യോഗിക പോർട്ടൽ വഴി നൽകാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റമദാനിലെ ആദ്യദിവസങ്ങളിൽ ആഭ്യന്തര മന്ത്രാലയം, ട്രാഫിക്, സിവിൽ ഡിഫൻസ്, കമ്യൂണിറ്റി പൊലീസ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.