കുടുംബങ്ങളിലേക്ക് ഭക്ഷ്യക്കിറ്റുമായി ഔഖാഫ്
text_fieldsദോഹ: ഇഫ്താർ ടെന്റുകളും കിറ്റ് വിതരണകേന്ദ്രങ്ങളുമായി റമദാന് വിപുല സംവിധാനങ്ങൾ ഒരുക്കിയ ഇസ്ലാമിക മതകാര്യമന്ത്രാലയം അർഹരായ കുടുംബങ്ങളിലേക്കും സഹായമെത്തിക്കുന്നു. റമദാനിൽ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നാലായിരത്തോളം കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒരുമാസത്തേക്കാവശ്യമായ ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടുന്ന കിറ്റാണ് നൽകുന്നത്.
ഓരോ കുടുംബത്തിലെയും അംഗങ്ങളുടെ എണ്ണം അനുസരിച്ച് ഒരു മാസത്തേക്കുള്ള വിഭവങ്ങൾ ഉൾപ്പെടുത്തുമെന്ന് ഔഖാഫ് ആസ്ഥാനത്തുനടന്ന വാർത്തസമ്മേളനത്തിൽ അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ വിവിധ മേഖലകളിലെ അർഹരായ നാലായിരത്തോളം കുടുംബങ്ങളിലേക്ക് ഇവ എത്തിക്കുമെന്ന് ഔഖാഫ് ഡയറക്ടർ ജനറൽ ഡോ. ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ ഗാനിം ആൽഥാനി അറിയിച്ചു.
വളന്റിയർമാരുടെയും വാഹനങ്ങളുടെയും സൗകര്യം ഉപയോഗപ്പെടുത്തിയാവും ലക്ഷ്യസ്ഥാനത്തെത്തിക്കുക. റമദാനിന്റെ ഭാഗമായി മന്ത്രാലയം ഏർപ്പെടുത്തുന്ന വിവിധ പദ്ധതികളിലേക്ക് പിന്തുണയും സംഭാവനയും നൽകാൻ പൊതുജനങ്ങളോട് അഭ്യർഥിച്ചു.
റമദാൻ ആരംഭിച്ചതിനു പിന്നാലെ മന്ത്രാലയം നേതൃത്വത്തിൽ ഇഫ്താർ ടെന്റുകൾ സജീവമായിക്കഴിഞ്ഞു. ഒരു ദിവസം 24,000ത്തോളം പേർക്ക് എന്ന നിലയിൽ 15 ഇടങ്ങളിലായി 20 ഇഫ്താർ ടെന്റുകളാണ് പ്രവർത്തിക്കുന്നത്. ഏഴും ലക്ഷം പേർക്ക് ഇഫ്താർ സൗകര്യം ഒരുക്കുന്നുണ്ട്. അതോടൊപ്പം ഇഫ്താർ കിറ്റ് വിതരണവും തുടരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.