ഭക്ഷ്യ സുരക്ഷ പരിശോധന ശക്തമാക്കി അധികൃതർ
text_fieldsദോഹ: ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മൂന്നു മാസത്തിനിടെ വിവിധ മുനിസിപ്പാലിറ്റികളിൽ പരിശോധന ശക്തമാക്കി അധികൃതർ.
ഏപ്രിൽ മുതൽ ജൂൺവരെ 62,000ൽപരം ഭക്ഷ്യ സുരക്ഷാ പരിശോധന നടന്നതായി മുൻസിപ്പൽ അധികൃതർ അറിയിച്ചു. ഇത്തരം പരിശോധനകളിൽ നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തിയതായും ഇവക്കെതിരെ നിയമ നടപടി സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി.
നിശ്ചിത കാലയളവിൽ നിയമലംഘനത്തിന്റെ പേരിൽ 51 സ്ഥാപനങ്ങളാണ് ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ അടച്ചുപൂട്ടിയത്. 12,000ൽപരം സ്ഥാപങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തു. ദോഹ മുനിസിപ്പാലിറ്റി മാത്രം രണ്ടാം പാദത്തിൽ 26,000 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ നടത്തി. പ്രാദേശിക വിപണിയിൽനിന്ന് 172 ഭക്ഷണസാമ്പിളുകൾ പരിശോധനക്കായി ലബോറട്ടറികളിലേക്ക് അയച്ചു.
എട്ട് ഫുഡ് ഔട്ട്ലെറ്റുകൾ അടച്ചുപൂട്ടുകയും 3,390 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. ദോഹ മുനിസിപ്പാലിറ്റിയിലെ മൃഗഡോക്ടർമാർ മാംസ വിൽപന കേന്ദ്രങ്ങൾ പരിശോധിക്കുകയും വിൽപനക്കായി കൊണ്ടുവന്ന 62 അറുത്ത മൃഗങ്ങൾ ഭക്ഷ്യയോഗ്യമല്ലാത്തതിനാൽ പൂർണമായി നശിപ്പിക്കുകയും ചെയ്തു.
വിവിധ ഇടങ്ങളിൽനിന്നായി ഭക്ഷ്യയോഗ്യമല്ലാത്ത 606 കിലോ മാംസവും പിടിച്ചെടുത്ത് നശിപ്പിച്ചതായി ദോഹ മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.