കൃഷി പച്ചപിടിപ്പിക്കാൻ അധികൃതർ
text_fieldsദോഹ: രാജ്യത്തെ കർഷകർക്കായി കാർഷിക യന്ത്രവത്കരണ സേവനം ആരംഭിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം. കാർഷിക പ്രവൃത്തികൾക്കായി ഉംസലാൽ, അൽ ഷഹാനിയ, അൽ ഷമാൽ എന്നിവിടങ്ങളിൽ പുതിയ കാർഷിക ഉപകരണങ്ങൾ മന്ത്രാലയത്തിന് കീഴിലെ കാർഷികകാര്യ വകുപ്പ് അവതരിപ്പിച്ചു. പ്ലോ റെയിലുകൾ, പ്ലോ ട്രാൻസ്പോർട്ട് വാഹനങ്ങൾ, ലാൻഡ് ലെവലിങ് മെഷീനുകൾ, ലോബെഡുകൾ എന്നിവയും മന്ത്രാലയം നൽകുന്ന കാർഷിക ഉപകരണങ്ങളിൽപെടുന്നു. തുറന്ന നിലം, ഹരിതഗൃഹങ്ങൾ (ഗ്രീൻ ഹൗസ്) അല്ലെങ്കിൽ നെറ്റ് ഹാളുകൾ എന്നിവിടങ്ങളിൽ നിലം ഒരുക്കുന്നതിനും ഉഴുതുമറിക്കുന്നതിനും നിരപ്പാക്കുന്നതിനും കർഷകർക്ക് ആവശ്യമായ ഉപകരണങ്ങളാണിവ.
കാർഷിക മേഖലയിൽ മികച്ച ആധുനിക രീതികളും മാർഗങ്ങളും ഉപയോഗിച്ച് കാർഷിക മേഖല വികസിപ്പിക്കുന്നതിനും സാങ്കേതികവിദ്യക്കൊപ്പം മുന്നേറുന്നതിനുമുള്ള തന്ത്രത്തിന്റെ ചട്ടക്കൂടിലാണ് കർഷകർക്ക് നൽകുന്ന പിന്തുണയെന്ന് കാർഷികകാര്യ വകുപ്പ് മേധാവി യൂസുഫ് ഖാലിദ് അൽ ഖുലൈഫി പറഞ്ഞു. 2023-’24 കാർഷിക സീസണിൽ കർഷകർക്ക് വിവിധ യന്ത്രവത്കൃത സേവനങ്ങൾ നൽകാനുള്ള സംരംഭം ആരംഭിച്ചതായും അൽ ഖുലൈഫി പറഞ്ഞു. രാജ്യത്തെ ഭൂമിശാസ്ത്രത്തെ അടിസ്ഥാനമാക്കി വടക്ക്, തെക്ക് പ്രദേശങ്ങളിലായി മൂന്ന് കാർഷിക സേവനങ്ങൾവഴി കാർഷിക യന്ത്രങ്ങളും ട്രാക്ടർ, കലപ്പ തുടങ്ങിയ ഉപകരണങ്ങളും നൽകി നേരത്തേ രജിസ്റ്റർ ചെയ്ത ഫാമുകൾക്ക് കാർഷിക യന്ത്രവത്കരണ സേവനം ആരംഭിച്ചതായും വടക്ക് അൽ സുബാറ, ഉംസലാൽ, തെക്ക് അൽ ഷിഹാനിയ എന്നിവിടങ്ങളിലുമാണ് ഇതിന് തുടക്കംകുറിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അപേക്ഷ സമർപ്പിച്ച് രണ്ടോ നാലോ ദിവസത്തിനുള്ളിൽ കർഷകന് സേവനം ലഭ്യമാക്കുമെന്ന് കാർഷികകാര്യ വകുപ്പ് ഗൈഡൻസ് ആൻഡ് അഗ്രികൾചറൽ സർവിസസ് മേധാവി അഹ്മദ് അൽ യാഫിഈ പറഞ്ഞു. കലപ്പകളുടെയും കാർഷിക ഉപകരണങ്ങളുടെയും എണ്ണം വർധിച്ചതോടെ യന്ത്രങ്ങൾക്കായുള്ള കർഷകരുടെ കാത്തിരിപ്പ് കാലം കുറഞ്ഞതായും അൽ യാഫിഈ കൂട്ടിച്ചേർത്തു.
ഫാമുകൾക്കകത്ത് ആവശ്യമായ ജോലികൾ യഥാസമയം നിർവഹിക്കുന്നതിന് എല്ലാ കേന്ദ്രങ്ങളിലും പ്രതിദിനം ആറ് മണിക്കൂർ എന്ന തോതിൽ ഉപകരണങ്ങൾ ലഭ്യമായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.