ഖത്തരി ഹജ്ജ് മിഷന് പുരസ്കാരം
text_fieldsസൗദി ഹജ്ജ് മന്ത്രാലയം പുരസ്കാരം ഖത്തരി ഹജ്ജ് മിഷൻ പ്രതിനിധികൾ ഏറ്റുവാങ്ങിയപ്പോൾ
ദോഹ: ഈ വർഷത്തെ ഹജ്ജ് സീസണിൽ സേവന മികവിന് ഖത്തറിന്റെ ഹജ്ജ് മിഷന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെ പുരസ്കാരം. ഹജ്ജ് സീസണിൽ തീർഥാടകർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനുള്ള അംഗീകാരമായാണ് പുരസ്കാരം. സൗദി വിഷൻ 2030ന്റെ പിൽഗ്രിംസ് പ്രോഗ്രാമുമായി സഹകരിച്ച് ഹജ്ജ്-ഉംറ മന്ത്രാലയം മക്കയിൽ സംഘടിപ്പിച്ച വാർഷിക സമാപന ചടങ്ങിൽ ഖത്തരി ഹജ്ജ് മിഷൻ അംഗങ്ങൾ ആദരവ് ഏറ്റുവാങ്ങി.
ചടങ്ങിൽ, തീർഥാടർക്ക് നൽകിയ സേവന മികവിനുള്ള ലബിതാം അവാർഡും സൗദി ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ ബിൻ മുഹമ്മദ് അൽ റാബിഅ, പിൽഗ്രിംസ് എക്സ്പീരിയൻസ് പ്രോഗ്രാം സി.ഇ.ഒ മുഹമ്മദ് എ. ഇസ്മാഈലും സമ്മാനിച്ചു. ഖത്തരി ഹജ്ജ് മിഷനുള്ള പുരസ്കാരം മിഷൻ ഉപമേധാവി അലി ബിൻ സുൽത്താൻ അൽ മിസ്ഫിരി ഏറ്റുവാങ്ങി.
അതേസമയം, ഹജ്ജ് കർമങ്ങൾ സുഗമമാക്കുന്നതിനും വേഗത്തിലാക്കുന്നതിനും എല്ലാ സൗകര്യങ്ങളുമൊരുക്കുകയും തീർഥാടകർക്ക് മികച്ച സേവനങ്ങൾ ലഭ്യമാക്കുകയും ചെയ്ത സൗദി ഭരണകൂടത്തിന്റെ പരിശ്രമങ്ങളെ അൽ മിസ്ഫിരി പ്രശംസിച്ചു.
സൗദി ഹജ്ജ് മന്ത്രാലയവും ദക്ഷിണേഷ്യൻ തീർഥാടകർക്കായുള്ള തവാഫ സ്ഥാപനവും തമ്മിലുള്ള നിരന്തര സഹകരണം ഖത്തരി ഹജ്ജ് മിഷന്റെ പ്രവർത്തനങ്ങൾക്ക് സഹായകമായെന്നും ഖത്തരി തീർഥാടകർക്കുള്ള എല്ലാ കാര്യങ്ങളും വേഗത്തിലാക്കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.