തിരികെ ആശ്വാസത്തോടെ
text_fieldsദോഹ: ആശങ്കകൾക്കും ആശ്വാസങ്ങൾക്കും മധ്യേ ഇന്ത്യയിൽനിന്നുൾപ്പെടെയുള്ള യാത്രക്കാർ ദോഹയിൽ എത്തിത്തുടങ്ങി. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തികൊണ്ടുള്ള പുതിയ നയം പ്രാബല്ല്യത്തിൽ വന്ന ആദ്യ ദിനം എന്ന നിലയിൽ ആശങ്കയിലായിരുന്ന പ്രവാസ സമൂഹം. നാട്ടിൽനിന്ന് ഖത്തറിലേക്ക് പുറപ്പെടാനായി കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലെത്തിയവരിൽ പലർക്കും ഇഹ്തിറാസ് പ്രീ രജിസ്ട്രേഷൻ കൃത്യമായി ചെയ്യാൻ കഴിയാത്തതിനാൽ പ്രയാസം നേരിട്ടു.
ദോഹയിലെത്തുന്നതിന് 12 മണിക്കൂർ മുെമ്പങ്കിലും രജിസ്റ്റർ ചെയ്യണം എന്ന നിർദേശമുണ്ടായെങ്കിലും പല യാത്രക്കാരും ഇതൊന്നുമില്ലാതെയാണ് വിമാനത്താവളങ്ങളിലെത്തിയത്. ക്വാറൻറീൻ വേണ്ടാത്തവർ രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചതിൻെറ രേഖകൾ, ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് എന്നിവ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണമെന്നായിരുന്നു നിർദേശം. എന്നാൽ, ഇഹ്തിറാസ് ആപ്പ് വഴി അപ്ലോഡ് ചെയ്യാൻ ശ്രമിച്ചവർക്ക് ഇത് മുടങ്ങി.
കണ്ണൂരിൽനിന്ന് ദോഹയിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർക്ക് യാത്ര മുടങ്ങുമെന്ന നിലയിലായിരുന്നു കാര്യങ്ങൾ. തുടർന്ന് ദോഹയിൽനിന്നുള്ള പ്രത്യേക നിർദേശത്തെ തുടർന്ന് ഒരു ദിവസത്തേക്ക് മാത്രം ഇളവു നൽകിയതിൻെറ അടിസ്ഥാനത്തിലാണ് പലരുടെ യാത്ര മുടങ്ങാതിരുന്നത്.
അതിനിടെ, ക്യൂ.ഐഡി ഇല്ലാത്ത യാത്രക്കാർക്ക് ഇഹ്തിറാസിൽ വിശദാംശങ്ങൾ രജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ലെന്നും പരാതിയുണ്ട്. കോവിഡ് വാക്സിനേറ്റഡ് അല്ലെങ്കിൽ പുതിയ വിസയിൽ വരുന്നവർക്ക് ഇഹ്തിറാസിൽ യാത്രാനുമതി ലഭിക്കുന്നില്ല എന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളിൽനിന്ന് ഇവർക്കു നൽകുന്ന വിശദീകരണം. ഖത്തർ അംഗീകൃത വാക്സിനുകൾ സ്വീകരിച്ച് 14 ദിവസത്തിനു ശേഷം യാത്രചെയ്യാമെന്നാണ് ഇവർക്കു ലഭിക്കുന്ന നിർദേശം.ടൂറിസ്റ്റ്, ബിസിനസ്, ഫാമി വിസ നടപടി ക്രമങ്ങളും ഇന്നലെ മുതൽ നിലവിൽ വന്നിട്ടുണ്ട്.
രജിസ്ട്രേഷൻ വെബ്സൈറ്റ് വഴി
വിമാനം ദോഹയിൽ ലാൻഡ് ചെയ്യുന്ന സമയത്തിന് 12 മണിക്കൂർ മുമ്പായി ഇഹ്തിറാസ് വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യുന്ന യാത്രക്കാർക്ക് മാത്രമാണ് ഖത്തറിൽ പ്രവേശിക്കാൻ അനുമതി ലഭിക്കൂ (www.ehteraz.gov.qa).
തിങ്കളാഴ്ച നിലവിൽ വന്ന പ്രീ രജിസ്ട്രേഷൻ സംവിധാനം വഴി ലോഗ് ഇൻ ചെയ്ത് യാത്രാ-ആരോഗ്യ വിവരങ്ങൾ നൽകിയാൽ, മിനിറ്റുകൾക്കകം അനുമതി ലഭിച്ചതായി സർട്ടിഫിക്കറ്റ് ലഭിക്കും. ഈ സർട്ടിഫിക്കറ്റിന് 24 മണിക്കൂർ മാത്രമാണ് കാലാവധി. എല്ലാതരം യാത്രക്കാർക്കും രജിസ്ട്രേഷൻ നിർബന്ധമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.