സൗഹൃദ ബാക്ടീരിയകൾ ഉണ്ടാക്കും; ഇത് ജൈവ കീടനാശിനി
text_fieldsദോഹ: ഖത്തര്‍ യൂണിവേഴ്സിറ്റി ഗവേഷകർക്ക് നേട്ടം. ഖത്തര്‍ മണ്ണില്‍നിന്നും രോഗാണുമുക്തമായ സൗഹൃദ ബാക്ടീരിയകളെ ഉത്പാദിപ്പിക്കുന്ന ജൈവ കീടനാശിനികളെയാണ് ഇവർ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഫ്രാന്‍സിലെ മോണ്ട്പെല്ലിയര്‍ സര്‍വകലാശാലയിലെ ഡബ്ല്യു.എച്ച്.ഒ കേന്ദ്രവുമായി സഹകരിച്ചായിരുന്നു ഗവേഷണം.
രാസ കീടിനാശികള്‍ക്ക് സുരക്ഷിത ബദലായി കണക്കാക്കുന്ന ജൈവ കീടനാശിനിയാണ് വികസിപ്പിച്ചിരിക്കുന്നത്. ഇവ മനുഷ്യര്‍ക്കും പരിസ്ഥിതിക്കും ഭക്ഷ്യശൃംഖലക്കും ദോഷകരമല്ല. രാസ കീടനാശിനികളുടെ വ്യാപകമായ ഉപയോഗം മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും പരിസ്ഥിതിക്കും ദോഷകരമാണെന്നും ജൈവകൃഷിയില്‍ ഇത്തരം കീടനാശിനികളുടെ ഉപയോഗം അനുവദനീയമല്ലെന്നും കോളജ് ഓഫ് ആര്‍ട്സ് ആൻറ് സയന്‍സസിലെ ബയോളജിക്കല്‍ ആൻറ് എന്‍വയോണ്‍മെൻറല്‍ സയന്‍സിലെ മൈക്രോബയോളജി, മോളിക്യുലര്‍ ബയോടെക്നോളജി വിഭാഗം പ്രൊഫസര്‍ സമീര്‍ ജൂന പറഞ്ഞു.
പ്രഫ. സമീര്‍ ജൂനയോടൊപ്പം ഡോ. റോദ അല്‍ താനി, ദാബിയ ആൽഥാനി, ഫാത്തിമ അല്‍ യാഫി അല്‍ മുഹന്നദി, ഡോ. സഹൂര്‍ അല്‍ ഹസ്സന്‍, പ്രൊഫ. ക്വുറിക്കോ മിഗേലി എന്നിവരും ഖത്തര്‍ യൂണിവേഴ്സിറ്റി പി.എച്ച്.ഡി ആൻറ് എം.എസ്.സി വിദ്യാര്‍ഥികളായ കവിത നായര്‍, റാന്‍ഡ ഡെയ്ദാന്‍, റീം അല്‍ അസ്മാര്‍ എന്നിവരുമാണ് പങ്കെടുത്തത്.
വ്യാവസായിക തലത്തില്‍ വളരെ ഉയര്‍ന്ന ഗുണനിലവാരവും ഫലങ്ങളും ലഭ്യമാക്കുന്ന മികച്ച ബയോടെക്നോളജി പദ്ധതിയാണിതെന്ന് ഡോ. റോദ കൂട്ടിച്ചേര്‍ത്തു. ഗവേഷണ ഫലങ്ങള്‍ നിരവധി പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധീകരിച്ചത് വലിയ സ്വാധീനമുണ്ടാക്കുമെന്നും പ്രഫ. സമീര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.