ആഘോഷത്തിന്റെ ബലിപെരുന്നാൾ
text_fieldsഅവധിക്കാലം ആഘോഷമാക്കാം; തീരങ്ങളും വിനോദ കേന്ദ്രങ്ങളും റെഡി
ദോഹ: പെരുന്നാളായി, അവധിയും ആഘോഷവുമെല്ലാം ചേർന്ന ഏതാനും ദിവസങ്ങൾ. ബുധനാഴ്ച പെരുന്നാൾ നമസ്കാരവും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സന്ദർശനവും കഴിഞ്ഞ്, പെരുന്നാൾ വിഭവങ്ങൾക്കുംശേഷം ആഘോഷങ്ങളുടെ നാളുകളാണ് ഖത്തർ കാത്തുവെക്കുന്നത്. പകൽ സമയങ്ങളിൽ ചൂടിൽ വെന്തുരുകുമ്പോൾ വൈകീട്ടും രാത്രിയും സജീവമാകുന്ന ഒരുപിടി പരിപാടികളാണ് കാത്തിരിക്കുന്നത്.
ആകർഷകമായ കലാ, സാംസ്കാരിക പ്രദർശനങ്ങളും പരിപാടികളും മുതൽ ആവേശകരമായ കായിക മത്സരങ്ങളും വിസ്മയിപ്പിക്കുന്ന സംഗീത, നാടക പരിപാടികൾ മുതൽ ആകർഷകമായ ഹോട്ടൽ, വിനോദസഞ്ചാര പ്രമോഷനുകൾ വരെ ബലിപെരുന്നാൾ കലണ്ടറിലുണ്ട്. പൊതുജനങ്ങൾക്കും സന്ദർശകർക്കും അവിസ്മരണീയ ഉത്സവകാലമായിരിക്കും ഇത്തവണ അവധി ദിനങ്ങൾ സമ്മാനിക്കുക.
എജുക്കേഷൻ സിറ്റിയിൽ ഈദ്ഗാഹും വിനോദങ്ങളും
ലോകകപ്പിലെ ഏറ്റവും പ്രധാനപ്പെട്ട സ്റ്റേഡിയങ്ങളിലൊന്നായ ഖത്തർ ഫൗണ്ടേഷനിലെ എജുക്കേഷൻ സിറ്റി സ്റ്റേഡിയം ബലിപെരുന്നാളിനും പ്രാർഥനക്കും വേദിയാകും. കുടുംബങ്ങളുടെ ബലി പെരുന്നാൾ ആഘോഷങ്ങളുടെ ഒരു പ്രധാന ഹൈലൈറ്റ് തന്നെയായിരിക്കും ശീതീകരിച്ച സ്റ്റേഡിയത്തിനകത്തെ പെരുന്നാൾ നമസ്കാരവും ചടങ്ങുകളും.
റമദാൻ നോമ്പ് കഴിഞ്ഞുള്ള പെരുന്നാളിന്റെ പ്രാർഥനക്ക് സ്റ്റേഡിയത്തിലെത്താൻ കഴിയാത്തവർക്കുള്ള സുവർണാവസരം കൂടിയാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. പ്രാർഥനക്കുശേഷം എജുക്കേഷൻ സിറ്റി മസ്ജിദിൽ രാവിലെ ഒമ്പതുവരെ വൈവിധ്യമാർന്ന ആഘോഷ പരിപാടികളും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്. കുട്ടികൾക്കായുള്ള ഫെയ്സ് പെയിന്റിങ്, ഗെയിമുകൾ, രുചികരമായ ഭക്ഷണം എന്നിവ ഇവിടെ ആസ്വദിക്കാം.
സ്വകാര്യ മേഖലയിൽ മൂന്നു ദിനം അവധി
ദോഹ: സ്വകാര്യ മേഖലയിൽ മൂന്നു ദിവസം ഈദ് അവധി പ്രഖ്യാപിച്ച് തൊഴിൽ മന്ത്രാലയം. മുഴുവൻ വേതനത്തോടെയാവും ഇതെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. അതേസമയം, അവധി ദിനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് തൊഴിൽ നിയമപ്രകാരം നിർദേശിക്കുന്ന അലവൻസും വേതനവും നൽകണം.
കണ്ടൽക്കാടുകൾക്കിടയിൽ കയാക്കിങ്
അൽഖോർ പർപ്പിൾ ഐലൻഡിലെ (ബിൻ ഗാനെം ഐലൻഡ്) സമൃദ്ധമായ കണ്ടൽക്കാടുകൾക്കിടയിലൂടെ സാഹസികത തേടുന്നവർക്ക് കയാക്കിങ്ങിനുള്ള അവസരവും അധികൃതർ സജ്ജമാക്കിയിട്ടുണ്ട്. ചടുലമായ പച്ചപ്പിനിടയിൽ ഇളം നീല നിറത്തിൽ തെളിഞ്ഞ ജലാശയത്തിലൂടെയുള്ള കയാക്കിങ് സാഹസിക സഞ്ചാരികളുടെ പെരുന്നാൾ ഓർമകളിൽ ഏറ്റവും അവിസ്മരണീയമാകും. സീസണൽ ഫ്ലെമിംഗോ പക്ഷികളും വലിയ കൊക്കുകളും ഉൾപ്പെടെ വൈവിധ്യമാർന്ന ജന്തുജാലങ്ങളും അപൂർവ സസ്യങ്ങളും കയാക്കിങ് യാത്രക്ക് മനോഹാരിത പകരും.
ജൂൺ 28 മുതൽ ജൂലൈ ഏഴു വരെ സൂഖ് വാഖിഫിലെ അബ്ദുൽ അസീസ് തിയറ്ററിൽ നടക്കുന്ന ഹൊറർ-കോമഡി പ്രൊഡക്ഷനായ ദി ബ്ലാക്ക് മാജിക് പ്ലേ നാടക പ്രേമികൾക്ക് മികച്ച അനുഭവം സമ്മാനിക്കും. തിയറ്റർ പ്രേമികൾക്ക് ജൂൺ 29 മുതൽ ജൂലൈ രണ്ടുവരെ ഹാമിൽട്ടൺ സ്കൂളിൽ അവതരിപ്പിക്കുന്ന ഹാസ്യ സോഷ്യൽ ഹൊറർ നാടകമായ ഗഫ്വ പ്ലേ ആസ്വദിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
ജൂലൈ നാലുമുതൽ ഒമ്പതുവരെ ലുസൈൽ മൾട്ടിപർപ്പസ് ഹാളിനെ അലങ്കരിക്കാൻ ഡിസ്നി ഓൺ ഐസ് 100 വർഷത്തെ വിസ്മയം സമ്മാനിക്കും. കഴിവുകൾ വർധിപ്പിക്കാനും ശിൽപശാലകളിൽ പങ്കെടുക്കാനും ആഗ്രഹിക്കുന്നവർക്ക് അതിനും ഈ അവധിക്കാലത്ത് വേദികളുണ്ട്.
ജൂൺ 29 മുതൽ ജൂലൈ ഒന്നുവരെ ലുസൈൽ പ്ലേസ് വെൻഡോം മാളിൽ ഹീനത് സൽമ ഫാമിന്റെ ബീൻ/ബറാഇം ടി.വി ആക്ടിവേഷൻ ആൻഡ് വർക്ക്ഷോപ്പുകളിൽ പങ്കെടുക്കാനും പഠിക്കാനുമുള്ള സവിശേഷമായ അവസരമാണ് ഇവർക്ക് ലഭിക്കാനിരിക്കുന്നത്.
പ്രദർശനങ്ങളുമായി ഖത്തർ മ്യൂസിയം
നഗരത്തിലുടനീളം വിവിധ കേന്ദ്രങ്ങളിലായി ഖത്തർ മ്യൂസിയത്തിനുകീഴിൽ വിവിധ പ്രദർശനങ്ങളാണ് അണിനിരത്തിയിരിക്കുന്നത്. എം7 ഗാലറിയിൽ ‘സ്വാറ: ഫോക്കസ് ഓൺ ഫോറെവർ വാലന്റിനോ’ എന്ന വിസ്മയിപ്പിക്കുന്ന പ്രദർശനം നടക്കുമ്പോൾ ഫയര്സ്റ്റേഷൻ ഗാലറി നാലിൽ ‘എഡ്വേർഡോ നവാരോ: ദി ഫ്രീ സ്പിരിറ്റ്സ് ഓഫ് വൈൽഡ് ഹോഴ്സസ്’ പ്രദർശനം നടക്കും. ഫയർ സ്റ്റേഷനിൽ പാനമിയൻ കലാകാരനായ എഡ്വേർഡോ നവാരോയുടെ സൃഷ്ടികളായ മിക്സഡ് പെയിന്റിങ്ങുകൾ ആസ്വദിക്കാം.
അൽ ദഖീറ മാൻഗ്രോവ് നാച്വർ റിസർവുമായി സഹകരിച്ച് ഖത്തർ നാഷനൽ മ്യൂസിയം സംഘടിപ്പിക്കുന്ന ഒലഫൂർ എലിയസന്റെ ‘ദി ക്യൂരിയസ് ഡെസേർട്ട്’ പ്രദർശനം വ്യത്യസ്തത തേടുന്നവർക്ക് പുത്തൻ അനുഭവമായിരിക്കും. ആഗസ്റ്റ് 15 വരെ ദഖീറയിലാണ് പ്രദർശനം. പ്രകൃതിയുമായി ആഴത്തിലുള്ള ബന്ധം തേടുന്ന കലാപ്രേമികൾ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട പ്രദർശനമാണ് ‘ദി ക്യൂരിയസ് ഡെസേർട്ട്’.
കായിക പ്രേമികൾക്കും അവസരം
ജൂൺ 29 വരെ എജുക്കേഷൻ സിറ്റി സ്റ്റുഡന്റ് സെന്ററായ മുൽതഖയിൽ നടക്കുന്ന സമ്മർ ഫുട്ബാൾ ക്യാമ്പ് ഫുട്ബാൾ പ്രേമികൾക്ക് ആവേശകരമായ ദിനങ്ങൾ വാഗ്ദാനം ചെയ്യുന്നു. കൂടാതെ ജൂലൈ രണ്ടുമുതൽ ആഗസ്റ്റ് 24 വരെ പ്ലേ സ്പോർട്ട് മൾട്ടി-സ്പോർട്സ് ആക്ടിവിറ്റീസ് ക്യാമ്പിലേക്ക് എജുക്കേഷൻ സിറ്റി ക്ലബ് ഹൗസ് പങ്കെടുക്കുന്നവർക്ക് അവസരമൊരുക്കുന്നു. ജൂൺ 30ന് കതാറ കൾചറൽ വില്ലേജിൽ പി.എസ്.ജി വീ റൺ ദോഹ ഫൈവ്-കെ റേസ് ഓട്ടക്കാർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദിയാകും.
സന്ദർശകർക്ക് മികച്ച ഓഫറുകളുമായി റിസോർട്ടുകളും ബീച്ചുകളും ഇത്തവണ പെരുന്നാളിന് സജ്ജമായിട്ടുണ്ട്. 974 ബീച്ച് ശനി, ചൊവ്വ ദിവസങ്ങളിൽ സ്ത്രീകൾക്ക് മാത്രമായി തുറന്നു കൊടുക്കും. വിദ്യാഭ്യാസ-വിജ്ഞാന പരിപാടികളും ഈദ് അവധിക്കാലത്ത് സജീവമായിരിക്കും. വിദ്യാഭ്യാസ പ്രദർശനങ്ങളും മത്സരങ്ങളും എല്ലാവർക്കും ആസ്വദിക്കാനായി വിവിധ ഇടങ്ങളിലുണ്ടാകും. കതാറയിലെ അൽ ഥുറയ്യ പ്ലാനറ്റോറിയം ഈദിന്റെ രണ്ടാം ദിവസം മുതൽ നാലാം ദിവസം വരെ സന്ദർശകർക്കായി പ്രത്യേക ഷോകൾ സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.