ദോഹയുടെ ആകാശം കളർഫുളാക്കാൻ ബലൂൺ ഫെസ്റ്റ്
text_fieldsദോഹ: ഖത്തറിെൻറ ആകാശത്ത് നിറങ്ങളുടെ വിസ്മയം തീർക്കാൻ ഇടവേളക്കുേശഷം വീണ്ടും ബലൂൺ ഫെസ്റ്റിവൽ തിരികെയെത്തുന്നു. നവംബർ 30ന് ആരംഭിക്കുന്ന ഫിഫ അറബ് കപ്പ് ചാമ്പ്യൻഷിപ്പോടെ മേഖലയുടെ ശ്രദോകേന്ദ്രമാവുന്ന ഖത്തറിലേക്ക് സഞ്ചാരികളെ കൂടുതൽ ആകർഷിക്കാനാണ് ആസ്പയർ പാർക്കിൽ കൂറ്റൺ ബലൂണുകളുടെ ഫെസ്റ്റ് ഒരുങ്ങുന്നത്.
ഡിസംബർ ഒമ്പതുമുതൽ 18 വരെയാണ് ഫെസ്റ്റ്. പത്തുദിവസം നീണ്ടുനിൽക്കുന്ന പ്രദർശനത്തിൽ വിവിധ വർണങ്ങളിലും, ആകൃതിയിലുമുള്ള 40 ബലൂണുകൾ ഖത്തറിെൻറ ആകാശം അലങ്കരിക്കും. തവള, കരടി, കടുവ, കുറുക്കന്, നായ, കോമാളി, ബോട്ട് തുടങ്ങി നിരവധി രൂപങ്ങളിലാണ് എയർബലൂണുകൾ പ്രദർശിപ്പിക്കുന്നത്.
'ഫിഫ അറബ് കപ്പുമായി ബന്ധപ്പെട്ട്, കാണികൾക്കും സഞ്ചാരികൾക്കും കൂടുതൽ വിനോദം പകരുന്നതിെൻറ ഭാഗമായാണ് രണ്ടാം എഡിഷൻ ബലൂൺ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതെന്ന് സംഘാടക സമിതി ചെയർമാൻ ശൈഖ് അബ്ദുൽറഹ്മാൻ ബിൻ ഹസൻ ആൽഥാനി പറഞ്ഞു. ഖത്തറിനെ ആഗോള സഞ്ചാര കേന്ദ്രമായി ഉയര്‍ത്തുക എന്ന ലക്ഷ്യമാണ് ഫെസ്റ്റിവലിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
ഫിഫ അറബ് കപ്പിനായി പല രാജ്യങ്ങളിൽനിന്നുമെത്തുന്ന കാണികൾക്ക് വേറിട്ടൊരു അനുഭവമായിരിക്കും ഫെസ്റ്റിവൽ ഒരുക്കുന്നതെന്ന് ഖത്തർ ടൂറിസത്തിെൻറ ഇവൻറ്-ഫെസ്റ്റിവൽ ടെക്നിക്കൽ സപ്പോർട്ട് വിഭാഗം ആക്ടിങ് ഹെഡ് ഹമദ് അൽ ഖാജ പറഞ്ഞു. ഇത്തവണ പൊതുജനങ്ങൾക്ക് കൂടുതൽ അവസരം കൂടി ഫെസ്റ്റിവലിെൻറ ഭാഗമായി ഒരുക്കുന്നതായി മാർക്കറ്റിങ് മാനേജർ റസ്ലാൻ കുർത്വെലിവ് പറഞ്ഞു. ആസ്പയര് പാര്‍ക്കില്‍ വൈകീട്ട് നാലുമുതല്‍ രാത്രി 10 വരെ വിവിധ സംഗീത, നൃത്ത പരിപാടികളും കുട്ടികള്‍ക്കായി വിവിധ ഗെയിമുകളും സംഘടിപ്പിക്കും. മുൻവർഷത്തെ അപേക്ഷിച്ച്, ഇക്കുറി സന്ദർശകരുടെ എണ്ണം 50,000 കവിയുമെന്ന് പ്രതീക്ഷിക്കുന്നതായും റസ്ലാൻ അറിയിച്ചു. പൊതുജനങ്ങൾക്ക് 299 റിയാൽ നിരക്കിൽ ബലൂൺ പറത്താനുള്ള അവസരവും നൽകും.
ഫെസ്റ്റിവൽ വെബ്സൈറ്റായ www.qatarballoonfestival.com ലും ദോഹ ഫെസ്റ്റിവല്‍ സിറ്റിയിലും അടുത്ത ആഴ്ചയോടെ ടിക്കറ്റുകള്‍ ലഭ്യമാകും. 2019 ഡിസംബറിലാണ് ഖത്തറിൽ ആദ്യ ബലൂൺ ഫെസ്റ്റിവലിന് വേദിയായത്. 13 രാജ്യങ്ങളിൽനിന്നായി 33ഓളം വ്യത്യസ്ത ബലൂണുകളാണ് 12 ദിവസം നീണ്ടു നിന്ന പ്രഥമ മേളയിൽ പങ്കാളികളായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.