ബലൂൺ ഫെസ്റ്റിവലിന് തുടക്കം
text_fieldsഖത്തർ ടൂറിസത്തിന്റെ ‘ഫീൽ മോർ ഇൻ ഖത്തർ’ ബ്രാൻഡ് പ്ലാറ്റ്ഫോമിന്റെ സീസണൽ വിപുലീകരണമാണ് ‘ഫീൽ വിന്റർ ഇൻ ഖത്തർ’. ശീതകാല കാമ്പയിന്റെ മറ്റൊരു ഭാഗമായ മൂന്നാമത് ഖത്തർ ബലൂൺ ഫെസ്റ്റിവലിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു പുതിയ പ്രഖ്യാപനം. 17 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള 50ലധികം ഹോട്ട് എയർ ബലൂണുകൾ അടുത്ത ഒമ്പതുദിവസം ഖത്തറിന്റെ അന്തരീക്ഷത്തിൽ പ്രദർശിപ്പിക്കും. ഉദ്ഘാടന ദിവസം ശക്തമായ കാറ്റുകാരണം ബലൂണുകൾക്ക് പറക്കാൻ സാധിച്ചിരുന്നില്ല. പകരം ഭീമാകാരമായ പ്രകാശിക്കുന്ന പട്ടങ്ങളുടെ പ്രദർശനം നടന്നു. ഇത് എല്ലാ ദിവസവുമുണ്ടാകും.
ഇതോടൊപ്പം തത്സമയ വിനോദ പരിപാടികളും രുചിവൈവിധ്യങ്ങളോടെയുള്ള ഭക്ഷണ ട്രക്കുകളും ബൂത്തുകളുമുണ്ട്. ദോഹ തുറമുഖത്തെ ഗ്രാൻഡ് ക്രൂയിസ് ടെർമിനലിന് മുന്നിലുള്ള ഗ്രീൻ ഏരിയയിലാണ് ഉത്സവം നടക്കുന്നത്. ജനുവരി 26 മുതൽ സീസൺ അവസാനം വരെ നടക്കുന്ന ഖത്തർ ലൈവ് ‘ഫീൽ വിൻറർ ഇൻ ഖത്തർ’ കാമ്പയിൻ കലണ്ടറിലെ പ്രധാന ഇവൻറുകളിലൊന്നാണ്. പ്രമുഖരായ പ്രാദേശിക, അന്തർദേശീയ കലാകാരന്മാരുടെ തത്സമയ പ്രകടനങ്ങൾ ഇതിൽ അവതരിപ്പിക്കും.
ജനുവരി 26 മുതൽ 28 വരെ കതാറ ആംഫി തിയറ്ററിൽ നടക്കുന്ന ഡിസ്നി പ്രിൻസസ് കൺസേർട്ട്, ജനുവരി 31 മുതൽ ഫെബ്രുവരി നാലുവരെ ഫുവൈരിത് കൈറ്റ് ബീച്ചിൽ നടക്കുന്ന ജി.കെ.എ കൈറ്റ് വേൾഡ് കപ്പ്, ഫെബ്രുവരി 13 മുതൽ 18 വരെ ഖത്തർ ടോട്ടൽ എനർജീസ് ഓപൺ ടെന്നിസ്, ഫെബ്രുവരി 20 മുതൽ 25 വരെ പ്രഖ്യാപിച്ച ഖത്തർ എക്സോൺ മൊബീൽ ഓപൺ ടെന്നിസ് ചാമ്പ്യൻഷിപ് എന്നിവയും ‘ഫീൽ വിൻറർ ഇൻ ഖത്തർ’ കാമ്പയിനിലുൾപ്പെടും.
രണ്ട് ടൂർണമെൻറുകൾക്കും ഖലീഫ രാജ്യാന്തര ടെന്നിസ്, സ്ക്വാഷ് കോംപ്ലക്സ് വേദിയാകും.അഞ്ഞൂറിലധികം ബ്രാൻഡുകളുമായി ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് എക്സിബിഷൻ ഫെബ്രുവരി 20 മുതൽ 23 വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിൽ നടക്കും. കൂടാതെ അൽ ശഖബ് കുതിരയോട്ടം, 12ാമത് ഖത്തർ അന്താരാഷ്ട്ര ഭക്ഷ്യമേള, മാർച്ച് ഒന്നുമുതൽ 18 വരെയുള്ള ഷോപ് ഖത്തർ എന്നിവയും കാമ്പയിനോടനുബന്ധിച്ച് നടക്കും. ശീതകാല കാമ്പയിന്റെ അവസാനത്തിൽ റമദാൻ ബസാറും അവതരിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.