ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം
text_fieldsദോഹ: ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്താനുള്ള മുനിസിപ്പാലിറ്റി മന്ത്രാലയം നിർദേശത്തിന് മന്ത്രിസഭയുടെ അനുമതി.
ബുധനാഴ്ച പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് പരിസ്ഥിതി സംരക്ഷണത്തിൽ നിർണായകമായ കരട് നിർദേശത്തിന് അംഗീകാരം നൽകിയത്.
ഷോപ്പിങ് സെന്ററുകൾ, കമ്പനികൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തി.
ഇവയുടെ വിതരണം, കൈകാര്യം, പ്രദർശനം എന്നതുൾപ്പെടെ എല്ലാതരം ആവശ്യങ്ങളും നിരോധിക്കും. പുനരുപയോഗ സാധ്യതയുള്ള പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കാം.
മണ്ണിൽ ലയിച്ചുചേരുന്ന പ്ലാസ്റ്റിക് ബാഗുകൾ, പേപ്പർകൊണ്ട് നിർമിച്ചവ, തുണിസഞ്ചികൾ എന്നിവയും ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കണമെന്ന് നിർദേശിച്ചു.
രാജ്യത്തെ പ്ലാസ്റ്റിക് ഉപയോഗം കുറക്കുക, പരിസ്ഥിതി സംരക്ഷണം, മാലിന്യ പുനരുപയോഗം എന്നീ പദ്ധതികളുടെ ഭാഗമായാണ് മുനിസിപ്പാലിറ്റി മന്ത്രാലയം കരട് നിയമം തയാറാക്കിയത്.
അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ യൂറോപ്യൻ പര്യടനത്തെയും ദവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിന്റെ പ്രഭാഷണത്തെയും മന്ത്രിസഭ അഭിനന്ദിച്ചു. ലോകസമാധാനത്തിനും പരസ്പര വിശ്വാസ്യതക്കും നീതിക്കും വിവേചനത്തിന് ഇരകളാവുന്നവർക്കുംവേണ്ടി നടത്തിയ പ്രഭാഷണം ചരിത്രപരമായെന്ന് യോഗം വിലയിരുത്തി. സ്പെയിൻ, ജർമനി, ബ്രിട്ടൻ, സ്ലൊവീനിയ തുടങ്ങിയ രാജ്യങ്ങളിലെ സന്ദർശനവും നയതന്ത്ര-ഉഭയകക്ഷി തലത്തിൽ ഫലപ്രദമായെന്ന് വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.