വീണ്ടുമൊരു ഒളിമ്പിക്സ് സാധ്യത തള്ളാതെ ബർഷിം
text_fieldsദോഹ: 33ാം വയസ്സിലും മെഡൽ സ്വപ്നങ്ങളുടെ ഉയരങ്ങളിലേക്ക് കണ്ണുകളെറിഞ്ഞ് അധ്വാനിക്കുകയാണ് ഖത്തറിന്റെ ഒളിമ്പിക് ഹീറോ മുഅ്തസ് ഈസ ബർഷിം. പങ്കെടുക്കുന്ന എല്ലാ മത്സരത്തിലും വിജയിക്കുകയെന്ന കൗമാരത്തിലെ സ്വപ്നം പേറിതന്നെ തൊട്ടതെല്ലാം പൊന്നാക്കി മുഅ്തസ് ബർഷിം കുതിക്കുന്നു.
പാരിസിൽ നാലാം ഒളിമ്പിക് മെഡൽ സ്വന്തമാക്കിയ ബർഷിമിന്റെ ഇനിയുള്ള ലക്ഷ്യം അടുത്ത വർഷം ജപ്പാനിൽ നടക്കുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പാണ്. ലോക ചാമ്പ്യൻഷിപ്പിലെ നാലാം കിരീടം സ്വന്തമാക്കി ചരിത്രത്തിലിടം നേടാനുള്ള തയാറെടുപ്പിലാണ് താരം.
പാരിസിൽനിന്നും വെങ്കല മെഡൽ നേടി നാട്ടിലെത്തിയതിന് ശേഷം കഴിഞ്ഞ ദിവസമാണ് ബർഷിം മാധ്യമങ്ങളെ കണ്ടത്. ടോക്യോയിൽ സ്വർണം നേടിയ ബർഷിം ലണ്ടനിലും റിയോയിലും വെള്ളിയും നേടി. പാരിസിലെ ബർഷിമിന്റെ വെങ്കല മെഡലായിരുന്നു ഖത്തറിന്റെ ഏക മെഡൽ സമ്പാദ്യവും.
ജപ്പാനിലെ ലോക ചാമ്പ്യൻഷിപ് തന്റെ അവസാന ഔദ്യോഗിക മത്സരമായിരിക്കുമെന്ന് നേരത്തേ ബർഷിം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ലോക ചാമ്പ്യൻഷിപ്പിനു ശേഷവും പ്രധാന ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കാനുള്ള സാധ്യത വാർത്ത സമ്മേളനത്തിൽ അദ്ദേഹം തള്ളിക്കളഞ്ഞില്ല.
എപ്പോഴും എന്തെങ്കിലും പ്രത്യേകമായി ഉണ്ടാകും. അടുത്ത വർഷം ജപ്പാനിലെ ലോക ചാമ്പ്യൻഷിപ്പാണ് എന്റെ ലക്ഷ്യം. ഒരു വലിയ ചാമ്പ്യൻഷിപ്പിലേക്കുള്ള തയാറെടുപ്പുകൾക്കായി ഡയമണ്ട് ലീഗുകളും മുന്നിലുണ്ടാകും -ബർഷിം പറഞ്ഞു.
2028ലെ ലോസ് ആഞ്ജലസ് ഒളിമ്പിക്സിൽ പങ്കെടുക്കുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, അത് സാധ്യമാണ് എന്നായിരുന്നു ബർഷിമിന്റെ മറുപടി.
‘എനിക്ക് ഒരിക്കൽ കൂടി പോകണമെന്നുണ്ട്. എന്നാൽ അവിടെ ഒളിമ്പിക്സിൽ പോകുകയെന്നതിലുപരി, പോകുന്നിടത്ത് വിജയിക്കാനായി പോകണം. എന്നെ സംബന്ധിച്ച് അത് നേടാൻ നൂറുശതമാനം ശാരീരികക്ഷമത ഉറപ്പാക്കണം. ഫിറ്റ്നസ് ഇല്ലാതെ മത്സരത്തിൽ പങ്കെടുക്കാൻ ഞാൻ താൽപര്യപ്പെടുന്നില്ല’ -ബർഷിം വിശദീകരിച്ചു.
പരിക്കേൽക്കാതിരിക്കാൻ വളരെ ശ്രദ്ധിക്കേണ്ട സമയമാണ്. അങ്ങനെയായിരിക്കാൻ വളരെ ബുദ്ധിമുട്ടാണ്. പരിക്ക് പറ്റിയാൽ സുഖപ്പെടാൻ വളരെയധികം സമയമെടുക്കും -താരം പറഞ്ഞു. ക്യൂബൻ ഹൈജംപറായ യാവിയർ സോട്ടോമേയറുടെ 2.45 മീറ്ററെന്ന റെക്കോഡ് തകർക്കുകയാണ് ബർഷിമിന്റെ ലക്ഷ്യം.
‘ലോകറെക്കോഡ് പ്രതീക്ഷ ഞാൻ ഒഴിവാക്കിയിട്ടില്ല. അത് മുന്നിൽ തന്നെയുണ്ട്’ -2.43മീ. വരെ ചാടിയ ബർഷിം പറഞ്ഞു.
എന്നാൽ ഈ ഘട്ടത്തിൽ എല്ലാം ചെയ്തെന്നെനിക്ക് തോന്നുന്നു. ആഗ്രഹിക്കുന്ന ഒരു കാര്യം എപ്പോഴും ആരോഗ്യവാനായിരിക്കുകയെന്നതാണ്. അതിനാൽ കുറച്ച് സീസണുകളിൽ കൂടി പ്രതീക്ഷിക്കാവുന്നതാണ് -പ്രത്യാശ പ്രകടിപ്പിച്ച് ബർഷിം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.