ഒളിമ്പിക്സ്: ബർഷിം ഫൈനലിലേക്ക്
text_fieldsദോഹ: വിടവാങ്ങൽ ഒളിമ്പിക്സിന് സ്വർണത്തിളക്കം നൽകാനായി പാരിസിലേക്ക് പറന്ന ഖത്തറിന്റെ പറക്കും മനുഷ്യൻ മുഅതസ് ബർഷിമിന് ഫൈനൽ പ്രവേശം. ബുധനാഴ്ച നടന്ന പുരുഷ ഹൈജംപിൽ കാൽവണ്ണയിലെ വേദനയെയും മറികടന്ന് 2.27 മീറ്ററിൽ പറന്നിറങ്ങിയാണ് നിലവിലെ ഒളിമ്പിക്സ് ചാമ്പ്യനും മൂന്നു തവണ ലോകചാമ്പ്യനുമായ മുഅതസ് ബർഷിം ഫൈനലിൽ പ്രവേശിച്ചത്. ഖത്തർ സമയം ശനിയാഴ്ച രാത്രി 10 മുതലാണ് മെഡൽ പോരാട്ടം.
ബർഷിമിനൊപ്പം ടോക്യോ ഒളിമ്പിക്സിൽ സ്വർണം പങ്കുവെച്ച കൂട്ടുകാരൻ ഇറ്റലിയുടെ ജിയാൻമാർകോ ടാംബേരിയും ഫൈനൽ റൗണ്ട് പോരാട്ടത്തിൽ ഇടം നേടി. ബർഷിം ഉൾപ്പെടെ 12 പേരാണ് ഫൈനലിൽ പ്രവേശിച്ചത്. ഗ്രൂപ് ‘എ’യിൽ നിന്ന് നാലും, ബിയിൽ നിന്ന് ഒരാളും 2.27 മീറ്റർ ചാടി. ഗ്രൂപ് ‘ബി’യിൽ മത്സരിച്ച ടാംബെരി 2.24 മീറ്റർ ചാടിയാണ് ഫൈനൽ ടിക്കറ്റ് നേടിയത്.
2.15 മീറ്ററിൽ തുടങ്ങിയ ബർഷിം, 2.20 മീ, 2.24 മീറ്ററുകൾ ആദ്യ ശ്രമത്തിൽ തന്നെ മറികടന്നു. എന്നാൽ, 2.27 മീറ്റർ, ആദ്യ ശ്രമത്തിൽ മറികടക്കാൻ കഴിഞ്ഞില്ല. ഇതിനിടെയാണ് ജംപിനുള്ള റണ്ണപ്പിനിടെ പേശീവലിവുമൂലം ബർഷിം വീഴുന്നത്.
ചാടാനുള്ള ശ്രമം ഉപേക്ഷിച്ച് ഗ്രൗണ്ടിൽ വിശ്രമിച്ച ബർഷിമിന് അരികിലേക്ക് കൂട്ടുകാരൻ ജിയാൻമാർകോ ടാംബേരി ഓടിയെത്തി. ടീം ഫിസിയോയുടെയും മറ്റും സഹായത്തോടെ ശരീരം മെരുക്കിയെടുത്ത താരം രണ്ടാം ശ്രമത്തിൽ 2.27 മീറ്റർ ചാടിക്കൊണ്ട് ഫൈനലിലേക്ക് അനായാസം യോഗ്യത നേടി.
ക്രോസ് ബാർ തട്ടാതെ പിറ്റിൽ വീണതിനുപിന്നാലെ നെയിം കാർഡ് പറിച്ചുകൊണ്ട് ഞാൻ ഇവിടെ ഫൈനലിൽ ഉണ്ടെന്ന പ്രഖ്യാപനവുമായി ആരാധകരെ ഇളക്കിമറിച്ചു. തന്റെ നാലാമത്തെ ഒളിമ്പിക്സിനായി പാരിസിലേക്ക് പറന്ന ബർഷിം തന്റെ വിടവാങ്ങൽ ഒളിമ്പിക്സാണെന്ന പ്രഖ്യാപനവും നേരത്തെ നടത്തിയിരുന്നു.
2012 ലണ്ടൻ, 2016 റിയോ ഒളിമ്പിക്സുകളിൽ വെള്ളിയും 2020 ടോക്യോയിൽ സ്വർണവും നേടിയ ഖത്തറിന്റെ ഇതിഹാസ പുത്രൻ വിടവാങ്ങൽ ഒളിമ്പിക്സിൽ വീണ്ടും പൊന്നണിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. സീസണിൽ മികച്ച ഫോമിലുള്ള കൊറിയയുടെ സാങ്യോക് വൂ, ചെക് റിപ്പബ്ലിക്കിന്റെ യാൻ സ്റ്റെഫല എന്നിവർ തന്നെയാവും ഫൈനലിലെ വെല്ലുവിളിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.