ചാട്ടക്കാരുടെ ‘ഗ്രാവിറ്റി ചലഞ്ചു’മായി ബർഷിം
text_fieldsദോഹ: ക്രോസ് ബാറിന് മുകളിലൂടെ ഏറ്റവും ഉയരെ പറന്നിറങ്ങാൻ മിടുക്കരായ താരങ്ങൾക്കുള്ള പോരാട്ടവുമായി ഖത്തറിന്റെ ഹൈജംപ് ലോക-ഒളിമ്പിക്സ് ചാമ്പ്യൻ മുഅതസ് ബർഷിമിന്റെ ‘വാട്ട് ഗ്രാവിറ്റി ചലഞ്ച്’ വരുന്നു.
ഹൈജംപിലെ എക്കാലത്തെയും ഇതിഹാസതാരവും ലോകറെക്കോഡിനുടമയുമായ ഹാവിയർ സോടോമേയർ, ലോകത്തെ മൂന്നാമത്തെ റെക്കോഡുകാരൻ സ്വീഡന്റെ പാട്രിക് സ്യോബർഗ് എന്നിവർ അംബാസഡർമാരായാണ് ഈ വർഷം മേയ് ഒമ്പതിന് കതാറ ആംഫി തിയറ്ററിൽ ബർഷിമിന്റെ സ്വപ്ന ചാമ്പ്യൻഷിപ് യാഥാർഥ്യമാവുന്നത്.
ഖത്തർ അത്ലറ്റിക്സ് ഫെഡറേഷനാണ് സംഘാടകർ. ഹൈജംപിൽ ഉയരങ്ങൾ കീഴടക്കി ലോകചാമ്പ്യൻഷിപ്പിലും ഒളിമ്പിക്സിലും മെഡലുകൾ വാരിക്കൂട്ടുന്നതിനിടെ പത്തുവർഷം മുമ്പ് ബർഷിം തന്നെ അവതരിപ്പിച്ച ആശയമാണ് ‘വാട്ട് ഗ്രാവിറ്റി ചലഞ്ച്’. ഗുരുത്വാകർഷണ ബലത്തെ തോൽപിച്ച് വായുവിലൂടെ ഉയർന്നു ചാടുന്ന ഹൈജംപ് താരങ്ങളുടെ അങ്കം എന്ന നിലയിൽ നൽകിയ വിളിപ്പേരുമായാണ് ബർഷിം മത്സരം സംഘടിപ്പിക്കുന്നത്.
ലോകത്തെ ഏറ്റവും മികച്ച 12 ഹൈജംപ് താരങ്ങളായിരിക്കും ഈ മത്സരത്തിൽ മാറ്റുരക്കുന്നത്. വിജയികൾക്ക് വമ്പൻ തുകയും ഖത്തരി കലാകാരന്മാരായ അഹമ്മദ് അൽ ബഹ്റാനി തയാറാക്കിയ ട്രോഫിയും സമ്മാനമായി നൽകും.
തന്റെ മനസ്സിലും പേപ്പറിലുമായി കിടന്ന ‘ഗ്രാവിറ്റി ചലഞ്ച്’ മത്സരത്തെ യാഥാർഥ്യമാക്കാൻ സഹായിച്ച ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനിക്ക് ബർഷിം നന്ദി അറിയിച്ചു. ദോഹയിൽ നടന്ന വാർത്തസമ്മേളനത്തിൽ സോടോമേയറും സ്യോബർഗും ചേർന്ന് മത്സര പ്രഖ്യാപനം നടത്തി.
ഖത്തറിലെയും മേഖലയിലെയും വളർന്നുവരുന്ന ഹൈജംപ് താരങ്ങൾക്ക് പിന്തുണയും പ്രോത്സാഹനവും നൽകുന്നവിധം മത്സരം മാറുമെന്ന് പ്രതീക്ഷിക്കുന്നതായി ബർഷിം പറഞ്ഞു. 1993ൽ 2.45 മീറ്റർ ചാടി സോടോമേയർ കുറിച്ച റെക്കോഡാണ് ഹൈജംപിൽ 30 വർഷത്തിന് ശേഷവും ഇളക്കമില്ലാതെ തുടരുന്ന ഉയരം. മുഅതസ് ബർഷിം (2.43 മീറ്റർ, 2014), പാട്രിക് സ്യോബർഗ് (2.42മീ, 1987) എന്നിവരാണ് പിന്നിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.