റോഡിൽ ജാഗ്രതൈ... വാഹനാപകട മരണങ്ങളും ഗതാഗത നിയമലംഘനങ്ങളും കൂടിയതായി റിപ്പോർട്ട്
text_fieldsദോഹ: അടുത്തിടെയായി ഖത്തറിൽ ഗതാഗത നിയമലംഘനങ്ങളും റോഡപകടങ്ങളിലെ മരണനിരക്കും വർധിച്ചുവെന്ന് പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. അപകടങ്ങളുടെയും നിയമലംഘനത്തിന് സ്വീകരിക്കുന്ന നടപടികളുടെയും അടിസ്ഥാനത്തിലാണ് ഈ കണക്കുകൾ. ഒരു മാസത്തിനുള്ളിൽ റോഡപകടങ്ങളിലുണ്ടാകുന്ന മരണനിരക്ക് 13ൽനിന്ന് 20 ആയി ഉയർന്നിട്ടുണ്ട്. 54 ശതമാനം വർധനയാണ് ഇതിലുണ്ടായിരിക്കുന്നത്.
റോഡുകളിൽ ജാഗ്രതയും സൂക്ഷ്മതയും ആവശ്യപ്പെടുന്നതാണ് റിപ്പോർട്ടിലെ സൂചന. രണ്ടു വർഷം മുമ്പുള്ള അവസ്ഥയല്ല ഖത്തറിലുള്ളതെന്നും റോഡുകൾ വലുതാകുകയും പാതകൾ ഇരട്ടിക്കുകയും കൂടുതൽ സിഗ്നലുകൾ സ്ഥാപിക്കുകയും ചെയ്തെങ്കിലും അപകടങ്ങൾ വർധിക്കുകയാണെന്ന് 14 വർഷത്തോളമായി ഖത്തറിൽ ഡ്രൈവറായ അബ്ദുൽ വഹാബ് പ്രാദേശിക ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു.
വേഗപരിധി ലംഘിക്കുന്നതിന് കനത്ത പിഴയാണെങ്കിലും പണമടക്കാൻ കഴിയുന്നവർ അത് ലംഘിക്കുന്നത് നിത്യകാഴ്ചയാണെന്നും, വലിയ പിക്അപ് കാറുകൾ റോഡുകളിൽ സിഗ്-സാഗ് ചെയ്ത് മറ്റു വാഹനങ്ങളെ വെട്ടിക്കുന്നത് പതിവാണെന്നും വഹാബ് കൂട്ടിച്ചേർത്തു.
അതേസമയം, അപകടങ്ങളുടെ കാര്യത്തിൽ മുൻ വർഷത്തെയും മാസത്തെയും അപേക്ഷിച്ച് കുറവ് രേഖപ്പെടുത്തിയതായി പി.എസ്.എ വ്യക്തമാക്കി. നേരത്തേ 779 അപകടങ്ങളായിരുന്നെങ്കിൽ മേയ് മാസത്തിൽ 709 ആയി കുറഞ്ഞു. ഇതിൽതന്നെ ചെറിയ അപകടങ്ങളുടെ എണ്ണം 647 ആണ്. 37 വലിയ അപകടങ്ങളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ദുഖാൻ ഒഴികെയുള്ള പ്രദേശങ്ങളിലെല്ലാം ചെറിയ അപകടങ്ങളിൽ കുറവുണ്ടായതായും ചെറിയ അപകടങ്ങൾ ഏറ്റവും കുറഞ്ഞ പ്രദേശങ്ങൾ മഅ്മൂറയും റയാനുമാണെന്നും പി.എസ്.എ ചൂണ്ടിക്കാട്ടുന്നു. ദീർഘദൂര യാത്രകളിലും രാത്രികാലങ്ങളിലെ സഞ്ചാരങ്ങളിലുമെല്ലാം ഡ്രൈവർമാർ കൂടുതൽ സൂക്ഷ്മത പാലിക്കേണ്ടതിന്റെ ആവശ്യകതയാണ് ഏറ്റവും പുതിയ പി.എസ്.എ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.