'റോഡിലും സ്കൂളിലും വീട്ടിലും സുരക്ഷിതമാവട്ടെ’
text_fieldsദോഹ: നീണ്ട ഇടവേളയും കഴിഞ്ഞ് രാജ്യത്തെ സ്കൂളുകളും കിന്റർ ഗാർട്ടനുകളും ഉൾപ്പെടെ ആയിരത്തോളം കലാലയങ്ങൾ വീണ്ടും ഉണരുേമ്പാൾ ആവശ്യമായ എല്ലാ സുരക്ഷ, ആരോഗ്യ ക്രമീകരണങ്ങളുമായി ആഭ്യന്തര മന്ത്രാലയവും ആരോഗ്യ വിഭാഗവും.
റോഡ് സുരക്ഷ, കാൽനട ക്കാരുടെ സുരക്ഷ, ശുചിത്വം തുടങ്ങി എല്ലാകാര്യങ്ങളിലും പൊതുജനങ്ങൾ സൂക്ഷ്മത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറേഷൻ, ഹമദ് ട്രോമ സെന്റർ, ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ ഓർമിപ്പിച്ചു.
റോഡുകളിലെ സുരക്ഷ എപ്പോഴും പ്രധാനമാണെന്നും, പ്രത്യേകിച്ച് സ്കൂൾ സമയങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രാലയത്തിലെ സാംക്രമികരോഗ പ്രതിരോധ വിഭാഗം മേധാവി ഡോ. ശൈഖ് മുഹമ്മദ് ബിൻ ഹമദ് ആൽഥാനി നിർദേശിച്ചു. ‘കുട്ടികളുടെ ആരോഗ്യ സുരക്ഷയിൽ റോഡിലെ സുരക്ഷയും ഏറെ പ്രധാനമാണ്.
റോഡ് സുരക്ഷ നടപടികൾ കർശനമായി പാലിച്ചുകൊണ്ട് അധ്യയന വർഷം സുരക്ഷിതമായി ആരംഭിക്കുന്നതിന് നമുക്കെല്ലാവർക്കും ഒന്നിക്കാം’ -സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
സ്കൂൾ അധ്യയനം ആരംഭിക്കുേമ്പാൾ റോഡിലെ തിരക്ക് കണക്കിലെടുത്ത് ആവശ്യമായ എല്ലാ തയാറെടുപ്പും നടത്തിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മീഡിയ ഓഫിസർ ലഫ്. അബ്ദുൽ മുഹസിൻ അൽ റുവൈലി പറഞ്ഞു.
രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും റോഡുകൾ, സ്കൂൾ പരിസരങ്ങൾ, താമസ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായി വേണ്ട സുരക്ഷ തയാറെടുപ്പ് നടത്തിയതായും അദ്ദേഹം വ്യക്തമാക്കി. ട്രാഫിക് പൊലീസ് പേട്രാളിങ്, പരിശോധന, നിരീക്ഷണം എന്നിവ ശക്തമാക്കിയതായും ഡ്രൈവ് ചെയ്യുന്നവരും റോഡ് ഉപയോഗിക്കുന്നവരും കുട്ടികളുടെ സുരക്ഷ കണക്കിലെടുക്കണമെന്നും നിർദേശിച്ചു. റോഡുകളിലെ സുരക്ഷയുടെ പ്രാധാന്യം ഹമദ് ഇഞ്ചുറി പ്രിവൻഷൻ പ്രോഗ്രാം അസി. ഡയറക്ടർ ഡോ. ആയിഷ ആബിദും ഓർമിപ്പിച്ചു.
‘റോഡ് സുരക്ഷയിൽ കുടുംബങ്ങൾ കൂടുതൽ ശ്രദ്ധ നൽകേണ്ട സമയമാണിത്. വാഹനാപകടങ്ങൾ ഒഴിവാക്കി, സുരക്ഷിതത്വം പാലിക്കുന്നതിന് രക്ഷിതാക്കൾ, സ്കൂൾ അധികൃതർ, ഡ്രൈവർമാർ എല്ലാവരും ജാഗ്രത പാലിക്കണം.
സീറ്റുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുക, മാതാപിതാക്കളും ബസ് ഡ്രൈവർമാരും വാഹനമോടിക്കുമ്പോൾ സീറ്റ് ബെൽറ്റ് അണിയുക, വേഗപരിധിക്കുള്ളിൽ വാഹനമോടിക്കുക, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക, ട്രാഫിക് നിയമങ്ങൾ പാലിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിച്ച് മാതൃകയാകണം’ -ഡോ. ആയിഷ ആബിദ് വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.