ബീച്ച് ഗെയിംസ്: മിന്നും പ്രകടനവുമായി ഖത്തർ, വോളിയിൽ ഉൾപ്പെടെ സ്വർണനേട്ടം
text_fields1.ബീച്ച് ഗെയിംസ് വോളിയിൽ സ്വർണം നേടിയ ഖത്തറിന്റെ അഹ്മദ് തിജാൻ- ശരീഫ് യൂനുസ് സഖ്യം
2. കുതിരയോട്ട റിങ് ആൻഡ് പെഗ് വിഭാഗത്തിൽ സ്വർണം നേടിയ റാശിദ് അൽ ദോസരി
ദോഹ: ഒമാനിൽ സമാപിച്ച ജി.സി.സി ബീച്ച് ഗെയിംസിൽ രണ്ട് സ്വർണം ഉൾപ്പെടെ അഞ്ച് മെഡലുകൾകൂടി സ്വന്തമാക്കി ഖത്തർ. ബീച്ച് വോളിയിൽ ഒളിമ്പിക്സ് മെഡൽ ജേതാക്കളായ സൂപ്പർ സഖ്യം അഹ്മദ് തിജാൻ, ശരീഫ് യൂനുസ് സഖ്യം സ്വർണമെഡലുമായി ഖത്തറിന് അഭിമാനമായി. ഫൈനലിൽ ആതിഥേയ സംഘമായ ഒമാന്റെ മാസൻ ഹാശ്മി, ഹൂദ് അൽ ജൽബൗദി ടീമിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് ഖത്തർ സഖ്യം സ്വർണമണിയിച്ചത്. ഗെയിംസിൽ ഒരു തോൽവി പോലും വഴങ്ങാതെയായിരുന്നു ഇരുവരും മുന്നേറിയത്. ക്വാർട്ടറിൽ സൗദിയെയും, സെമിയിൽ മറ്റൊരു ഒമാൻ സംഘത്തെയും തോൽപിച്ചായിരുന്നു ഖത്തരി ടീമിന്റെ കുതിപ്പ്. ബഹ്റൈൻ വെങ്കലം നേടി.
കുതിരയോട്ടം പെഗ് മത്സരത്തിൽ ഖത്തർ മൂന്ന് മെഡലുകൾ നേടി. റാശിദ് ഫഹദ് അൽ ദോസരി വ്യക്തിഗത വിഭാഗത്തിൽ സ്വർണം നേടി. അതി അത്ബ വ്യക്തിഗത വിഭാഗത്തിൽ നേരത്തേ സ്വർണം സ്വന്തമാക്കിയിരുന്നു. ടീം ഇനത്തിലും ഖത്തർ സംഘം വെങ്കലം നേടി. ഇതിനുപുറമെ അലി അത്ബ വ്യക്തിഗത പെഗ് ആൻഡ് റിങ് കാറ്റഗറിയിൽ വെങ്കലമണിഞ്ഞു. പായ്വഞ്ചിയോട്ടത്തിൽ ഖത്തരി കുട്ടികൾ മത്സരിച്ച ടീമും മെഡൽ പോഡിയത്തിൽ ഫിനിഷ് ചെയ്തു. നാലു ദിവസങ്ങളിലായി നടന്ന ഗെയിംസിൽ 18 അംഗ സംഘമാണ് ഖത്തറിനായി മത്സരിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.