ബീച്ചുകളിലെത്താം, കാലാവസ്ഥ മുന്നറിയിപ്പുകൾ പാലിച്ച്
text_fieldsദോഹ: രാജ്യത്ത് ചൂടുകൂടിവരുന്നതിനാൽ ബീച്ചുകളിൽ കുടുംബവുമായി എത്തുന്നവർ കൂടിവരുകയാണ്. കനത്ത ചൂടിൽനിന്ന് രക്ഷനേടി വെള്ളത്തിൽ കളിച്ചുല്ലസിക്കാൻ വരുന്നവർ ഏറെ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്. കുട്ടികളും കുടുംബങ്ങളുമായി ബീച്ചുകളിലേക്ക് ഒഴിവുവേളകൾ ചെലവഴിക്കാൻ പോകുന്നതിനുമുമ്പ് കാലാവസ്ഥാ വകുപ്പിെൻറ മുന്നറിയിപ്പുകൾ പ്രത്യേകം ശ്രദ്ധിക്കണം.
കടൽത്തീരങ്ങളിൽ ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയേറെയാണ്. അതിനാൽ, കാലാവസ്ഥാ മുന്നറിയിപ്പുകൾ ഇടവിട്ട് ശ്രദ്ധിക്കണം. എന്നിട്ട് മാത്രമേ ബീച്ചുകളിൽ പോകാവൂ. ബീച്ചുകളിലും പൂളുകളിലും നീന്താൻ ഇറങ്ങുമ്പോൾ സുരക്ഷാ മുൻകരുതലുകൾ പാലിക്കണം. കുട്ടികൾ വെള്ളത്തിലിറങ്ങുമ്പോൾ രക്ഷിതാക്കളും മാതാപിതാക്കളും അവരുടെ തൊട്ടടുത്ത് ഉണ്ടാകണം. അവരെ എപ്പോഴും നിരീക്ഷിക്കണം. നിശ്ചയിക്കപ്പെട്ട ഭാഗങ്ങളിൽ മാത്രം നീന്തണം. നീന്തുന്നതുമായി ബന്ധപ്പെട്ട അടിസ്ഥാനകാര്യങ്ങൾ കുട്ടികളെ പഠിപ്പിച്ചിരിക്കണം.
ബീച്ചുകളിലിറങ്ങുമ്പോൾ ലൈഫ് ജാക്കറ്റ് പോലെയുള്ള സുരക്ഷാ സംവിധാനങ്ങൾ ധരിക്കണം. വെള്ളത്തിൽമുങ്ങി അപകടം പറ്റുന്നവർക്കുള്ള പ്രാഥമിക ശുശ്രൂഷയായ സി.പി.ആർ സംബന്ധിച്ച് ആളുകൾക്ക് അറിവുണ്ടായിരിക്കണം. ബീച്ചുകളിലേക്ക് തിരിക്കും മുമ്പ് കാലാവസ്ഥാ മുന്നറിയിപ്പുകൾ സംബന്ധിച്ച് ബോധവാന്മാരായിരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയവും മുന്നറിയിപ്പ് നൽകുന്നുണ്ട്. കടലിലും തീരത്തും കടൽക്ഷോഭത്തിനും കടൽചുഴികൾക്കും സാധ്യതയേറെയാണ്. രക്ഷിതാക്കളും കുട്ടികളും കുടുംബങ്ങളും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. തീരക്കടലിൽ കണ്ടുവരുന്ന റിപ് കറൻറ് പ്രതിഭാസം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കടലിൽ കുളിക്കാനിറങ്ങുന്നവർ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.
തീരപ്രദേശങ്ങളിൽ കടൽ പരപ്പ് നീന്തുന്നതിന് പാകമായ ശാന്തതയോടെ കാണും. എന്നാൽ, അടിയിൽ ആഴക്കടലിലേക്ക് വലിച്ചുകൊണ്ട് പോകാൻ തക്കം ചുഴിയോടുകൂടിയ ശക്തമായ നീരൊഴുക്ക് ഉണ്ടാകുന്നതാണ് റിപ് കറൻറ് പ്രതിഭാസം. ചുഴിത്തിരയിൽ പെടുന്നതോടെവെ ള്ളത്തിലിറങ്ങിയ വ്യക്തിക്ക് തിരിച്ചുവരാൻ ഏറെ പ്രയാസമായിരിക്കും. റിപ് കറൻറ് സമയങ്ങളിൽ തീരത്ത് കടൽ ശാന്തമായിരിക്കും. വെള്ളത്തിെൻറ നിറം ഇരുണ്ടതുമായിരിക്കും.
ചുഴിയിൽ പെട്ടാൽ എതിർവശത്തേക്ക് നീന്താൻ ശ്രമിക്കാതെ ശാന്തമായി നിലകൊള്ളുകയും പതിയെ തുഴഞ്ഞ് മുകളിലേക്കെത്താൻ ശ്രമിക്കുകയുമാണ് വേണ്ടത്. സഹായത്തിനായി കൈ വീശുകയും ഉച്ചത്തിൽ വിളിച്ച് ശ്രദ്ധ നേടുകയും ചെയ്യണമെന്നും അധികൃതർ നിർദേശിക്കുന്നു.
കോവിഡ്–19 നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ ഭാഗമായാണ് രാജ്യത്തെ ബീച്ചുകളെല്ലാം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. കോവിഡ്–19 പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയും മുൻകരുതലുകളോടെയുമാണ് ബീച്ചുകളിലേക്കുള്ള പ്രവേശനം അനുവദിച്ചിരിക്കുന്നത്.
അതേസമയം, കടലാമകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പദ്ധതികൾ നടക്കുന്നതിനാൽ ഫുവൈരിത് ബീച്ച് അടച്ചിടുന്നത് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം നീട്ടിയിട്ടുണ്ട്. വംശനാശ ഭീഷണി നേരിടുന്ന വിവിധയിനം കടലാമകളെ സംരക്ഷിക്കുന്ന തുടർപദ്ധതിയാണ് ഖത്തർ പെട്രോളിയത്തിൻെറ സാമ്പത്തിക സഹായത്തോടെ ഖത്തർ യൂനിവേഴ്സിറ്റിയുടെ പരിസ്ഥിതി വകുപ്പിൻെറ നേതൃത്വത്തിൽ നടക്കുന്നത്.
കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്തെ ബീച്ചുകൾ അടച്ചിട്ടത് വംശനാശ ഭീഷണി നേരിടുന്ന ഹോക്സ്ബിൽ വർഗത്തിൽ പെട്ട കടലാമകളുടെ സംരക്ഷണത്തിന് ഏറെ ഗുണകരമായി എന്നാണ് വിലയിരുത്തൽ. ഫുവൈരിത് ബീച്ച് പോലെയുള്ള സംരക്ഷിത പ്രദേശങ്ങളിൽനിന്ന് 2016 മുതൽ 2019 വരെ 15,799 കടലാമക്കുഞ്ഞുങ്ങളെയാണ് കടലിലേക്ക് ഒഴുക്കിയത്. ഹോക്സ്ബിൽ കടലാമകൾക്ക് പ്രജനനത്തിനായി ഏറ്റവും അനുയോജ്യമായ ഇടമാണ് ഫുവൈരിത് ബീച്ചെന്നാണ് പഠനം. പ്രദേശത്തിെൻറ ഭൂമിശാസ്ത്രപരമായ കിടപ്പും പ്രകൃതവും പൊതുജനങ്ങളുടെയും കെട്ടിടങ്ങളുടെയും വാഹനങ്ങളുടെയും ശബ്ദങ്ങളിൽനിന്ന് മുക്തമായതുമാണ് ഇതിന് കാരണം. കോവിഡ്–19 പ്രതിസന്ധികൾക്കിടയിലും മുൻ വർഷങ്ങൾക്ക് സമാനമായി ഈ വർഷവും ഹോക്സ്ബിൽ കടലാമകളുടെ സംരക്ഷണത്തിന് വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
കതാറയിലെ ബീച്ചുകളുടെ പ്രവർത്തന സമയം
കതാറയിലെ ബീച്ചുകളുടെ പ്രവർത്തന സമയം കതാറ കൾചറൽ വില്ലേജ് ഫൗണ്ടേഷൻ പുറത്തുവിട്ടു. കതാറയിലെ 3, 4, 5 ബീച്ചുകളുടെ പ്രവർത്തന സമയമാണ് ഫൗണ്ടേഷൻ പുറത്തുവിട്ടത്. വൈകീട്ട് മൂന്ന് മുതൽ രാത്രി 10 വരെയാണ് ബീച്ചുകളുടെ പ്രവർത്തന സമയം. എന്നാൽ, സൂര്യാസ്തമയം വരെ മാത്രമേ കടലിൽ ഇറങ്ങാനും നീന്താനും അനുവദിക്കൂ.
ബീച്ചിലേക്ക് പ്രവേശിക്കുന്നതിന് ഈയടുത്ത് കതാറ ഫീസ് ഏർപ്പെടുത്തിയിട്ടുണ്ട്. മുതിർന്നവർക്ക് 50 റിയാലാണ് പ്രവേശന ഫീസ്. ഏഴു വയസ്സു മുതൽ 18 വയസ്സു വരെ 25 റിയാൽ. ഏഴു വയസ്സു വരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും. ബീച്ചുകളിലെ കസേരകൾക്ക് ഒന്നിന് 5 റിയാലാണ് നിരക്ക്. കൂടുതൽ വിവരങ്ങൾക്ക് 55449862 എന്ന നമ്പറിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.