അണിഞ്ഞൊരുങ്ങി ബീച്ചുകൾ; സന്ദർശകർക്ക് സ്വാഗതം
text_fieldsദോഹ: വേനലവധിയും പെരുന്നാൾ അവധിയുമെത്തുന്നതോടെ ഒഴുകിയെത്തുന്ന സന്ദർശകരെ വരവേൽക്കാനൊരുങ്ങി രാജ്യത്തെ കടൽതീരങ്ങൾ. നവീകരണപ്രവർത്തനങ്ങൾ നടത്തിയും മോടികൂട്ടിയും സന്ദർശകരെ വരവേൽക്കാനായി കടലുകളാൽ ചുറ്റപ്പെട്ട രാജ്യത്തിന്റെ എല്ലാ ദിക്കിലുമായി ഉല്ലാസകേന്ദ്രങ്ങൾ സജ്ജമായതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. 15 ബീച്ചുകളാണ് എല്ലാ ഭാഗങ്ങളിലുമായി ഒരുക്കിയത്. കൂടുതലും നവീകരിച്ചപ്പോൾ, ചിലയിടങ്ങളിൽ അധിക സേവനങ്ങളും വിനോദ പരിപാടികളും ഒരുക്കിയാണ് സന്ദർശകരുടെ കേന്ദ്രങ്ങളാക്കിയത്.
ബീച്ചുകളിലും പൊതു പാർക്കുകളിലും വിനോദ പരിപാടികൾ സജീവമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് വേനലവധി ആരംഭിക്കും മുമ്പ് ബീച്ചുകൾ നവീകരിച്ചത്. ഫുവൈരിത് ബീച്ച്, അൽ മറൂണ, അരിദ, അൽ ഫർഖിയ, സിമൈസിമ, അൽ വക്റ, സീലൈൻ, അൽ അദൈദ്, അൽ മംമ്ലഹ ബീച്ച് (വനിതകൾക്കുമാത്രം), അൽ ഗരിയ, സിക്രിത്, ദുഖാൻ, ഉമ്മു ബാബ് ബീച്ച്, അൽ ഖറൈജ് (ബാച്ചിലേഴ്സ്), സൽവ ബീച്ച് എന്നിവയാണ് പെരുന്നാളിന് മുമ്പായി സന്ദർശകർക്കായി ഒരുക്കിയത്.
നടപ്പാതകൾ, തണൽ നൽകുന്ന വ്യത്യസ്ത ഡിസൈനുകളിലുള്ള നിർമിതികൾ, ടോയ്ലറ്റ്, കിയോസ്ക്, ബാർബിക്യൂ എരിയ, കുട്ടികൾക്കുള്ള കളിയിടം, വോളിബാൾ, ഫുട്ബാൾ ഗ്രൗണ്ടുകൾ എന്നിവ ഉൾപ്പെടുത്തിയാണ് ബീച്ചുകൾ കൂടുതൽ ആകർഷകമായി നവീകരിച്ചത്. ഇതിനു പുറമെ, ഭിന്നശേഷിക്കാരായ സന്ദർശകർക്ക് സഞ്ചരിക്കാനുള്ള പ്രത്യേക പാതകളും ചില ബീച്ചുകളിൽ നിർമിച്ചിട്ടുണ്ട്. ഇവർക്ക് സുരക്ഷിതമായി ബീച്ചുകളിൽ എത്തിച്ചേരാനും ഇതുവഴി കഴിയും. സൗരോർജം വഴിയാണ് കൂടുതൽ ബീച്ചുകളിലും വെളിച്ചം നൽകുന്നത്.
സന്ദർശകരുടെ സുരക്ഷയുടെ ഭാഗമായി പാലിക്കേണ്ട നിർദേശങ്ങളും മുനിസിപ്പാലിറ്റി മന്ത്രാലയം പുറത്തുവിട്ടു. വിനോദ സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി 18 ബീച്ചുകൾ നവീകരിക്കുമെന്നാണ് മുനിസിപ്പാലിറ്റി മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചത്. ആദ്യഘട്ടം എന്നനിലയിൽ ലോകകപ്പിന് മുന്നോടിയായി നവംബർ ഒന്നിന് എട്ട് ബീച്ചുകൾ തുറന്നു നൽകിയിരുന്നു.
ഖത്തറിൽ ഏറ്റവും സജീവവും കൂടുതൽ സന്ദർശകർ എത്തുന്നതും സീ ലൈൻ ബീച്ചിലാണ്. കുടുംബങ്ങളും കൂട്ടങ്ങളുമായി എത്തുന്നവർക്ക് വിവിധ വിനോദ പരിപാടികളാണ് സീ ലൈനിലുള്ളത്. നീന്തൽ, ഒട്ടക സവാരി, ഡെസേർട്ട് ഡ്യൂണിലെ റൈഡ് എന്നിവ ഉൾപ്പെടെയുള്ള അനുഭവങ്ങൾ സീ ലൈൻ ബീച്ചിനെ കൂടുതൽ ആകർഷകമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.