വിസിൽ മുഴക്കാൻ റഫറിമാരായി
text_fieldsദോഹ: ലോകകപ്പ് ഫുട്ബാളിന് പന്തുരുളാൻ ആറു മാസം ബാക്കിനിൽക്കെ കളി നിയന്ത്രിക്കാനുള്ള പടയാളികളായി. 36 പേരുടെ പട്ടികയിൽ ഇക്കുറി മൂന്ന് വനിതാ റഫറിമാർ കൂടിയുണ്ടെന്നാണ് ഏറെ വിശേഷപ്പെട്ടത്. പ്രധാന റഫറിമാർക്ക് പുറമേ 69 അസി.റഫറിമാരും 24 വീഡിയോ മാച്ച് ഒഫീഷ്യൽസും (വി.എം.ഒ) മത്സരങ്ങൾ നിയന്ത്രിക്കാനുണ്ടാകും.
ആറ് കോൺഫെഡറേഷനുകളുമായി കൂടിയാലോചിച്ച ശേഷമാണ് റഫറിമാരെ പ്രഖ്യാപിച്ചിരിക്കുന്നത്. റഫറിമാരുടെ വ്യക്തിഗത മികവും ഫിഫ ടൂർണമെൻറുകളിലെയും ഈയിടെ നടന്ന അന്താരാഷ്ട്ര, ആഭ്യന്തര ചാമ്പ്യൻഷിപ്പുകളിലെ പ്രകടനവും അടിസ്ഥാനമാക്കിയാണ് റഫറിമാരുടെ അന്തിമ പട്ടിക പുറത്തുവിട്ടിരിക്കുന്നത്.
ഫിഫ ചരിത്രത്തിലാദ്യമായാണ് ലോകകപ്പ് ഫുട്ബോൾ നിയന്ത്രിക്കുന്നതിന് മൂന്ന് വനിതാ റഫറിമാരെ തെരഞ്ഞെടുത്തിരിക്കുന്നത്. ഫ്രാൻസിൽ നിന്നുള്ള സ്റ്റെഫാനി ഫ്രാപാർട്, റുവാണ്ടയിൽ നിന്നുള്ള സാലിമ മുകസാംഗ, ജപ്പാനിൽ നിന്നുള്ള യോഷിമി യമാഷിത എന്നിവരാണവർ. ഇവരെ കൂടാതെ നുയേസ ബാക് (ബ്രസീൽ), കാരെൻ ഡിയാസ് മെഡീന (മെക്സിക്കോ), കാതറിൻ നെസ്ബിറ്റ് (അമേരിക്ക) എന്നീ വനിതാ അസി. റഫറിമാരും ഫിഫ പട്ടികയിലുൾപ്പെട്ടിട്ടുണ്ട്.
ലോകകപ്പിനായി വനിത റഫറിമാരെ തെരഞ്ഞെടുക്കാൻ സാധിച്ചതിൽഅതിയായ സന്തോഷമുണ്ടെന്നും വളരെ ദീർഘകാലത്തെ പ്രക്രിയയിലൂടെയാണ് വനിതാ റഫറിമാരെ തെരഞ്ഞെടുക്കപ്പെട്ടതെന്നും ഫിഫ റഫറീ കമ്മിറ്റി ചെയർമാൻ പിയർ ലൂയിജി കൊളീന പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് തന്നെ ജൂനിയർ, സീനിയർ ടൂർണമെൻറുകളിൽ വനിതാ റഫറിമാരെ ഫിഫ നിയമിച്ച് തുടങ്ങിയിട്ടുണ്ടെന്നും മികച്ച പ്രകടനം പുറത്തെടുക്കുന്ന വനിതാ റഫറിമാർ പുരുഷ ലോകകപ്പ് പോലെയുള്ള വമ്പൻ ടൂർണമെൻറുകളിൽ പങ്കെടുക്കാൻ യോഗ്യരാണെന്നും വ്യക്തിഗത മികവും ടൂർണമെൻറുകളിലെ പ്രകടനവുമാണ് തെരഞ്ഞെടുപ്പിലെ മാനദണ്ഡമെന്നും കൊളീന വ്യക്തമാക്കി.
2018ലെ റഷ്യൻ ലോകകപ്പ് ഫുട്ബോൾ ഏറെ വിജയകരമായിരുന്നു. ഏറ്റവും മികച്ച റഫറിയിങ്ങിനാണ് റഷ്യയിൽ നടന്ന ലോകകപ്പ് സാക്ഷ്യം വഹിച്ചത്. ഏതാനും മാസങ്ങൾക്കകം ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പിൽ ഏറ്റവും മികച്ച റഫറിയിങ് വാഗ്ദാനം ചെയ്യുന്നുവെന്നും കൊളീന കൂട്ടിച്ചേർത്തു.
2022ലേക്കുള്ള റഫറിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയ റോഡ് ടു ഖത്തർ 2022 പദ്ധതി 2019ൽ തന്നെ ആരംഭിച്ചിരുന്നു. കോവിഡ് മഹാമാരി കാരണം തയ്യാറെടുപ്പുകൾ മന്ദഗതിയിലായെന്നും നിരവധി പരിപാടികൾ ദീർഘകാലത്തേക്ക് നിർത്തിവെക്കേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും മികച്ച റഫറിമാരെയാണ് നമുക്ക് ലഭിച്ചിട്ടുള്ളത്. ലോകകപ്പിനായി നാമനിർദേശം ചെയ്യപ്പെട്ടവർക്ക് തയ്യാറെടുപ്പുകൾക്ക് മതിയായ സമയം ലഭിച്ചിരുന്നു. തെരഞ്ഞെടുത്തവരെ പ്രഖ്യാപിച്ചെങ്കിലും വരും മാസങ്ങളിലും അവരുടെ പ്രകടനങ്ങളെ നിരീക്ഷിക്കുമെന്നും ലോകകപ്പ് ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര മത്സരങ്ങൾ നിയന്ത്രിച്ച റഫറി ഇതിഹാസം കൊളീന വ്യക്തമാക്കി. അവരോട് പറയാനുള്ളത് കൃത്യമാണ്. തെരഞ്ഞെടുക്കപ്പെട്ടു എന്ന കാരണത്താൽ വിശ്രമിക്കാനുള്ള സമയമല്ല. കൂടുതൽ പരിശ്രമിക്കണം. -അദ്ദേഹം മുന്നറിയിപ്പ്നൽകി.
തെരഞ്ഞെടുക്കപ്പെട്ട റഫറിമാർ അസുൻസിയോൻ, മാഡ്രിഡ്, ദോഹ എന്നിവിടങ്ങളിലായി നടക്കുന്ന നിരവധി പരിശീലന സെമിനാറുകളിൽ പങ്കെടുക്കും.
2018ലെ ലോകകപ്പ് ഫുട്ബോളിലാണ് ആദ്യമായി വീഡിയോ അസിസ്റ്റൻറ് റഫറി സംവിധാനം (വി.എ.ആർ) നടപ്പിലാക്കിയത്. ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പിനായി 24 വീഡിയോ മാച്ച് ഒഫീഷ്യൽസിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. റഷ്യയിലേക്ക് യൂറോപ്പ്, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളിൽ നിന്ന് മാത്രമായിരുന്നു വീഡിയോ മാച്ച് ഒഫീഷ്യൽസിനെ തെരഞ്ഞെടുത്തിരുന്നതെങ്കിൽ ഖത്തറിലേക്ക് ഏഷ്യ, ആഫ്രിക്ക, മധ്യ, വടക്കൻ അമേരിക്ക രാജ്യങ്ങളിൽ നിന്നെല്ലാം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.