സ്രാവുകളുടെ സംരക്ഷകരാകാം; ബോധവത്കരണവുമായി മന്ത്രാലയം
text_fieldsദോഹ: തിമിംഗലസ്രാവുകൾക്കായുള്ള അന്താരാഷ്ട്ര ദിനം ആചരിച്ച് ഖത്തർ പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രാലയം.
തിമിംഗലസ്രാവുമായി ബന്ധപ്പെട്ട് സമുദ്ര പരിസ്ഥിതിയും ജൈവവൈവിധ്യവും സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമായി മാൾ ഓഫ് ഖത്തറിലാണ് മന്ത്രാലയം പരിപാടി സംഘടിപ്പിച്ചത്. വംശനാശഭീഷണി നേരിടുന്ന മത്സ്യങ്ങളിലൊന്നായ തിമിംഗലസ്രാവുകൾക്കുവേണ്ടി എല്ലാ വർഷവും ആഗസ്റ്റ് 30നാണ് അന്താരാഷ്ട്ര ദിനം ആചരിച്ചുവരുന്നത്. രാജ്യത്തിന്റെ വടക്ക്-കിഴക്ക് ഭാഗത്ത് ഖത്തരി സമുദ്രാതിർത്തിയിൽ ധാരാളമായി കാണപ്പെടുന്ന തിമിംഗലസ്രാവിനെക്കുറിച്ച പ്രത്യേക ഡോക്യുമെന്ററി പ്രദർശനവും ഖത്തരി ഫോട്ടോഗ്രഫറായ അസം അൽ മന്നാഇയുടെ ഫോട്ടോ പ്രദർശനവും അന്താരാഷ്ട്ര ദിനാചരണ ഭാഗമായി ഉൾപ്പെടുത്തിയിരുന്നു.
പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിരവികസനത്തിനും സംഭാവന നൽകുന്ന എല്ലാ അന്താരാഷ്ട്ര പരിസ്ഥിതി സംരംഭങ്ങളിലും ലോകരാജ്യങ്ങളുമായി ചേരാനുള്ള താൽപര്യത്തിന്റെ ഭാഗമാണ് മന്ത്രാലയത്തിന്റെ അന്താരാഷ്ട്ര തിമിംഗലസ്രാവ് ദിനാചരണമെന്ന് പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിലെ സമുദ്രജീവി വികസന വിഭാഗം മേധാവി ജാസിം ലാരി പറഞ്ഞു.
വംശനാശഭീഷണി നേരിടുന്ന ജീവിവർഗമായാണ് തിമിംഗലസ്രാവുകളെ കണക്കാക്കുന്നത്. ഖത്തറിന്റെ തീരത്ത് വലിയതോതിലെത്തുന്ന ഇവയുടെ സംരക്ഷണത്തിനായി തീവ്രശ്രമങ്ങളിലാണ് പരിസ്ഥിതി മന്ത്രാലയം. എല്ലാ പാരിസ്ഥിതിക പ്രശ്നങ്ങളിലും പ്രാദേശിക സമൂഹത്തെ ബോധവത്കരിക്കുന്നതിനുള്ള കാമ്പയിനുകളിൽ പൊതുജനങ്ങളുടെയും യുവാക്കളുടെയും പങ്കാളിത്തം അനിവാര്യമാണെന്നും, തിമിംഗലസ്രാവ് നേരിടുന്ന ഭീഷണികളെ വിശദീകരിക്കുന്നതോടൊപ്പം ഈ മത്സ്യത്തെയും ആഗോള പരിസ്ഥിതി സന്തുലിതാവസ്ഥ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെയും കുറിച്ച് പൊതുജനങ്ങളെ പരിചയപ്പെടുത്തുകയാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്നും ജാസിം ലാരി വ്യക്തമാക്കി.
വംശനാശഭീഷണി നേരിടുന്ന തിമിംഗല സ്രാവുകളുടെ സംരക്ഷണം മുൻനിർത്തി, യുനെസ്കോയുമായി സഹകരിച്ച് പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രാലയം മേയ് മാസത്തിൽ റാസ് മത്ബഖിലെ അക്വാട്ടിക്സ് മത്സ്യഗവേഷണ കേന്ദ്രത്തിൽവെച്ച് ഖത്തർ തിമിംഗല സ്രാവ് സംരക്ഷണ ഫോറം സംഘടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.