ഭിക്ഷാടനം പ്രോത്സാഹിപ്പിക്കരുതെന്ന്
text_fieldsദോഹ: 2022 ഫിഫ ലോകകപ്പ് സമയത്തും ഇക്കഴിഞ്ഞ റമദാനിലും ഖത്തറിൽ ഭിക്ഷാടനം വ്യാപകമായിരുന്നെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം ഫസ്റ്റ് ലെഫ്. ഫഹദ് ജാസിം അൽ മൻസൂരി പറഞ്ഞു. ലോകമെമ്പാടുമുള്ള നിരവധി സന്ദർശകരെ സ്വാഗതം ചെയ്യാൻ ഖത്തർ തുറന്നിട്ടിരിക്കുന്ന ലോകകപ്പ് കാലയളവിൽ ഭിക്ഷാടന കേസുകൾ ഉയരുന്നത് സ്വാഭാവികമാണ് -ഖത്തർ റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. ഭിക്ഷാടനം മാത്രം ലക്ഷ്യമാക്കി ചിലർ ഖത്തറിലെത്തിയെന്നും ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
കുട്ടികളെയും വ്യാജ മെഡിക്കൽ റിപ്പോർട്ടുകളും വ്യാജ പരിക്കുകളും ഉപയോഗിച്ച് ഉദാരമതികളായ വ്യക്തികളെ ചൂഷണം ചെയ്യാനും മുതലെടുക്കാനും യാചകർ ശ്രമിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് റോഡുകളിലോ പൊതുസ്ഥലങ്ങളിലോ ഭിക്ഷാടനം നടത്തുകയോ പ്രായപൂർത്തിയാകാത്തവരെ ഭിക്ഷാടനത്തിന് പ്രേരിപ്പിക്കുകയോ ചെയ്യുന്നവർക്ക് ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കും. അല്ലെങ്കിൽ ശിക്ഷക്ക് പകരമായി യാചകരെ പ്രത്യേക കേന്ദ്രങ്ങളിൽ പാർപ്പിക്കുകയും കുറ്റകൃത്യത്തിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യും. ഭിക്ഷാടന സംഭവങ്ങൾ 33618627/2347444 എന്ന നമ്പറിലോ മെട്രാഷ് 2 ആപ്പിലൂടെയോ റിപ്പോർട്ട് ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.