ബെൻറ്ലി അവാർഡ്: ഫൈനൽ ലിസ്റ്റിൽ തുമാമ സ്റ്റേഡിയവും
text_fieldsദോഹ: പന്തുരുളും മുേമ്പ താരമാവുകയാണ് ഖത്തർ ലോകകപ്പിെൻറ വേദികളിൽ ഒന്നായ അൽ തുമാമ സ്റ്റേഡിയം. ഉദ്ഘാടന മത്സരത്തിനായി കാത്തിരിക്കുന്ന വേദി നിർമാണ വൈദഗ്ധ്യത്തിെൻറ അംഗീകാരമായി ലോകപ്രശസ്തമായ ബെൻറ്ലി സിസ്റ്റംസ് ഡിജിറ്റൽ അവാർഡിനുള്ള ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചു. അമേരിക്ക ആസ്ഥാനമായുള്ള ഇൻഫ്രാസ്ട്രക്ചർ എൻജിനീയറിങ് സോഫ്റ്റ്വെയർ കമ്പനിയായ ബെൻറ്ലിയുടെ പുരസ്കാരം രാജ്യാന്തര തലത്തിൽ ആർകിടെക്ട് സമൂഹത്തിൽ ഏറെ പ്രശസ്തവുമാണ്.
ബിൽഡിങ് ആൻഡ് കാമ്പസ് വിഭാഗത്തിലാണ് ലോകകപ്പിെൻറ പ്രധാന വേദികളിലൊന്നായ തുമാമ ഇടം പിടിച്ചത്. സ്ട്രക്ചറൽ എൻജിനീയറിങ് വിഭാഗത്തിൽ ദോഹ റോസ്വുഡും ഇടംപിടിച്ചിട്ടുണ്ട്. ഗൾഫ് മേഖലയിൽനിന്ന് വിവിധ വിഭാഗങ്ങളിലേക്കായി പുരസ്കാരത്തിന് നാമനിർദേശം ലഭിച്ചതും ഇവ രണ്ടുമാണ്.
ഖത്തർ ആർകിടെക്ട് ഗ്രൂപ്പായ അറബ് എൻജിനീയറിങ് ബ്യൂറോയാണ് രണ്ടും രൂപകൽപന ചെയ്തത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് 300ഓളം എൻട്രികളാണ് പുരസ്കാരത്തിനയി ലഭിച്ചത്.
ഇവയിൽനിന്ന് 16 അംഗ ജൂറിയാണ് വിവിധ വിഭാഗങ്ങളിലായി 57 ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്തത്. 45 രാജ്യങ്ങളിലെ 230ഓളം എൻജിനീയറിങ് സ്ഥാപനങ്ങൾ മത്സരത്തിൽ പങ്കാളികളായതായി ബെൻറ്ലി സിസ്റ്റംസ് അറിയിച്ചു.
19 വിഭാഗങ്ങളിലായാണ് പുരസ്കാരം നൽകുന്നത്. ഓരോ വിഭാഗങ്ങളിലേക്കും മൂന്നു പേർ ചുരുക്കപ്പട്ടികയിൽ ഇടം പിടിക്കും. ബിൽഡിങ് ആൻഡ് കാമ്പസ് വിഭാഗത്തിൽ തുമാമ സ്റ്റേഡിയത്തിനൊപ്പം മെക്സികോ സിറ്റിയിലെയും റഷ്യയിലെ സെൻറ് പീറ്റേഴ്സ് ബർഗിലെയും രണ്ടു നിർമാണങ്ങളാണ് ഫൈനൽ ലിസ്റ്റിലുള്ളത്. പരമ്പരാഗത അറബ് തലപ്പാവായ 'ഗഹ്ഫിയ' മാതൃകയിൽ ഇബ്രാഹിം ജെയ്ദയാണ് തുമാമ സ്റ്റേഡിയം രൂപകൽപന ചെയ്തത്.
ഇതിനകം 2018ലെ ആർകിടെക്ചറൽ റിവ്യൂ ഫ്യൂച്ചർ പ്രൊജക്ട് സ്പോർട്സ് സ്റ്റേഡിയം പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.