ഓൺലൈൻ തട്ടിപ്പുകൾ സൂക്ഷിക്കണം
text_fieldsദോഹ: റമദാനിൽ സമൂഹ മാധ്യമങ്ങളിലൂടെയുള്ള തട്ടിപ്പുകൾക്കെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ദേശീയ സൈബർ സെക്യൂരിറ്റി ഏജൻസി (എൻ.സി.എസ്.എ). പുണ്യമാസത്തിന്റെ പേരിൽ വ്യാജ നിക്ഷേപ കാമ്പയിനുകളും ഓഫറുകളും റമദാൻ സർപ്രൈസുകളും പ്രഖ്യാപിച്ചുള്ളതാണ് ഇത്തരം തട്ടിപ്പുകളെന്നും ഏജൻസി അറിയിച്ചു.
ഖത്തറിലെ നിരവധി ദേശീയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വ്യാജകേന്ദ്രങ്ങളിൽ നിന്നും ഉയരുന്നത്. ഈ കാമ്പയിനിൽ വീഴുന്നവർ അവർ പ്രമോട്ട് ചെയ്യുന്ന വെബ്സൈറ്റുകൾ സന്ദർശിക്കുന്നതുവഴി തട്ടിപ്പു സംഘത്തിന്റെ കെണിയിൽ അകപ്പെടും. ചതികൾ ഒളിഞ്ഞിരിക്കുന്നതാണ് ഇത്തരം പ്രചാരണങ്ങളെന്ന് എൻ.സി.എസ്.എ മുന്നറിയിപ്പ് നൽകി. സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നവരും മറ്റും കൂടുതൽ സൂക്ഷ്മത പാലിച്ചാൽ തട്ടിപ്പുകൾ എളുപ്പത്തിൽ മനസ്സിലാക്കാം. പരസ്യങ്ങളിൽ ഭാഷാപരമായ പിശകുകളും ഔദ്യോഗിക സ്ഥാപനങ്ങളുടെ നിലവാരത്തിന് ഉയരാത്ത ദുർബലമായ പാറ്റേണുമാണ് സ്ഥിരമായി ഉപയോഗിക്കുന്നത്. അതോടൊപ്പം, ഔദ്യോഗിക സ്ഥാപനങ്ങൾ ഒരിക്കലും ചെയ്യാത്ത, സ്വതന്ത്ര, ഓപൺസോഴ്സായ വേർഡ്പ്രസ് സംവിധാനമാണ് ഫിഷിങ് കാമ്പയിനുകൾ അവരുടെ പരസ്യങ്ങൾക്കായി ഉപയോഗിക്കുന്നത്.
സാമ്പത്തിക നിക്ഷേപത്തിലൂടെയും വിലക്കിഴിവ് ഓഫറുകളിലൂടെയും പൊതുജനങ്ങളെ ആകർഷിക്കാൻ ശ്രമിക്കുന്ന പരസ്യങ്ങൾ, കൂടുതൽ വിവരങ്ങൾക്കായി ഉപഭോക്താക്കളുടെ സ്വകാര്യ ബാങ്കിങ് ഡേറ്റകൾ ആവശ്യപ്പെടുന്നുണ്ട്. ഖത്തറിലെ ഒരു ഔദ്യോഗിക സ്ഥാപനവും അപേക്ഷകരിൽനിന്നോ ഉപഭോക്താക്കളിൽനിന്നോ ഒരിക്കലും വ്യക്തിഗത, സ്വകാര്യ വിവരങ്ങൾ ആവശ്യപ്പെടുകയില്ലെന്നും എല്ലാ ഔദ്യോഗിക ഇടപാടുകളും ഹുകൂമി പ്ലാറ്റ്ഫോം വഴിയോ അല്ലെങ്കിൽ ദേശീയ ഡോക്യുമെന്റേഷൻ പ്ലാറ്റ്ഫോം (എൻ.എ.എസ്) വഴിയോ ആണ് നടത്തുന്നതെന്നും എൻ.സി.എസ്.എ ഉറപ്പുനൽകി.
രാജ്യത്തെ ഔദ്യോഗിക സ്ഥാപനങ്ങൾ തങ്ങളുടെ ഔദ്യോഗിക പ്ലാറ്റ്ഫോമുകൾ, ഔദ്യോഗിക ഗെസറ്റ്, ഖത്തർ വാർത്ത ഏജൻസി, ജി.സി.ഒ എന്നിവയിലൂടെ പരസ്യം ചെയ്യാതെ പരസ്യ കാമ്പയിനുകൾ നടത്തുന്നില്ലെന്നും ഏജൻസി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.