ചൂടുകാലമാണ്, സൂര്യാഘാതവും സൂര്യാതപവും ശ്രദ്ധിക്കാം
text_fieldsദോഹ: ചൂട് സംബന്ധമായ രോഗങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി ഹമദ് മെഡിക്കൽ കോർപറേഷൻ. ചൂടിനെ പ്രതിരോധിക്കാനുള്ള ശേഷി കുറയുന്നതോടെ സൂര്യാഘാതം, സൂര്യാതപം പോലെയുള്ള രോഗാവസ്ഥക്ക് സാധ്യതയേറെയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും എച്ച്.എം.സി അറിയിച്ചു.
സൂര്യാഘാതം പോലെയുള്ള സാഹചര്യങ്ങളിൽ കൃത്യമായ ചികിത്സ തേടിയില്ലെങ്കിൽ ജീവനുവരെ ഭീഷണിയാണ്. ധാരാളമായി വെള്ളം കുടിക്കുകയും സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ പതിക്കുന്നത് നിർബന്ധമായും ഒഴിവാക്കണമെന്നും എച്ച്.എം.സി നിർദേശിച്ചു.
ചൂടു കാരണം എന്തെങ്കിലും അസ്വസ്ഥത അനുഭവപ്പെടുകയാണെങ്കിൽ ഉടൻ തന്നെ അടിയന്തര വിഭാഗത്തിൽ എത്തി ചികിത്സ തേടണം. നിർജലീകരണം, സൂര്യാതപം, സൂര്യാഘാതം എന്നിവയാണ് ചൂടുകാലത്തെ പ്രധാന രോഗങ്ങൾ. സൂര്യപ്രകാശം നേരിട്ട് പതിക്കുന്നത് മൂലമോ ആവശ്യത്തിന് വെള്ളം കുടിക്കാതിരുന്നാലോ ഇത്തരം രോഗാവസ്ഥ ഉണ്ടാകാം.
അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയരുന്നതോടെ ശരീരത്തിെൻറ താപനിയന്ത്രണ സംവിധാനങ്ങൽ തകരാറിലാകുകയും ചൂട് പുറന്തള്ളപ്പെടുന്നതിന് തടസ്സങ്ങൾ നേരിടുകയും ചെയ്യും. ഇത് ശരീരത്തിെൻറ പ്രവർത്തനം തകരാറിലാക്കും. ഈ അവസ്ഥയാണ് സൂര്യാഘാതം. സൂര്യാഘാതത്തെക്കാൾ കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യാതപം (ഹീറ്റ് എക്സോഷൻ). കനത്ത ചൂടിൽ ശരീരത്തിൽനിന്നും ജലവും ലവണങ്ങളും വിയർപ്പിലൂടെ അമിതമായ അളവിൽ നഷ്ടമാകുന്നതിനെ തുടർന്നുണ്ടാകുന്ന ക്ഷീണം, തലകറക്കം, ഛർദി, തലവേദന, ബോധക്ഷയം എന്നിവയാണ് ഇതിെൻറ ലക്ഷണങ്ങൾ.
ചൂട് സംബന്ധമായ രോഗങ്ങളുടെ പ്രധാന ലക്ഷണങ്ങൾ ശരീരം ചുവന്ന് ചൂടാകുക, ശക്തമായ തലവേദന, പേശീവലിവ്, തലകറക്കം, ഉയർന്ന ശരീരതാപനില എന്നിവയാണ്. ഈ ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ ഉടൻ അടിയന്തര വിഭാഗത്തിലെത്തി ചികിത്സ നേടിയിരിക്കണം.
സൂര്യാഘാതത്തെ തുടർന്ന് കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ മരണമോ അതല്ലെങ്കിൽ ആജീവനാന്തം ശരീരത്തിെൻറ ശേഷിക്കുറവോ സംഭവിക്കാമെന്നും ഹമദ് മെഡിക്കൽ കോർപറേഷൻ ഓർമപ്പെടുത്തുന്നു.
രാജ്യത്ത് അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യമാണുള്ളത്. കടുത്ത തലവേദന, നിർജലീകരണം എന്നിവ സംഭവിക്കുന്നതോടെ വേദനജനകമായ പേശീവലിവ്, തളർച്ച, അതിസാരം, ഛർദി, തൊലി പൊട്ടുക, ഹൃദയസ്പന്ദനത്തിലെ ക്രമമില്ലായ്മ തുടങ്ങിയ രോഗാവസ്ഥക്ക് കാരണമാകും.
ഇതിലേതെങ്കിലും ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ ഉടൻ തണൽ പ്രദേശത്തേക്ക് മാറിയിരുന്ന് വിശ്രമിക്കണം. കൂടുതൽ വെള്ളം കുടിക്കണം. കടുത്ത ചൂടിനെ നേരിടുന്നതിന് പുറത്തിറങ്ങുമ്പോൾ ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാൻ ശ്രമിക്കണം. ധാരാളമായി വെള്ളം കുടിക്കുകയും പഴങ്ങൾ ഭക്ഷിക്കുകയും ചെയ്യണം.
ജലമടങ്ങിയ ഭക്ഷണ പദാർഥങ്ങൾ കൂടുതലായി കഴിക്കണം.ചൂട് കനക്കുന്നതോടെ തുറസ്സായ സ്ഥലങ്ങളിൽ ജോലിയെടുക്കുന്നവർ കൂടുതൽ മുൻകരുതൽ സ്വീകരിക്കണം. വാഹനങ്ങളിൽ കുട്ടികളെ തനിച്ചാക്കി രക്ഷിതാക്കൾ പുറത്ത് പോകരുത്. വേനലിൽ കൂടുതൽ ജലമടങ്ങിയ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. ചെറുനാരങ്ങയോ പുതിയിലയോ ഓറഞ്ച് അല്ലികളോ വെള്ളത്തിൽ ചേർത്ത് ഉപയോഗിക്കാം. പ്രതിദിനം ചുരുങ്ങിയത് 12 ക്ലാസ് വെള്ളമെങ്കിലും കുടിക്കണം. ദിവസവും ഏഴു മണിക്കൂറെങ്കിലും ഉറങ്ങണം. ജോഗിങ്, നടത്തം, നീന്തൽ എന്നിവ ശീലമാക്കാൻ ശ്രമിക്കണം.
ഒരു നിമിഷം പോലും കുട്ടികളെ വാഹനത്തിൽ തനിച്ചാക്കരുത്
രാജ്യത്തെ അന്തരീക്ഷ താപനില വർധിക്കുന്നതിനാൽ കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കി പുറത്തുപോകരുതെന്നും ഇങ്ങനെ ചെയ്യുന്നത് അപകടം ക്ഷണിച്ചുവരുത്തലാകുമെന്നും അധികൃതർ. ഒരു നിമിഷത്തേക്ക് മാത്രമാണെങ്കിൽ കൂടി ഇത്തരത്തിൽ വാഹനം പാർക്ക് ചെയ്ത് കുട്ടികളെ അതിലിരുത്തിപ്പോകരുത്.
വേനൽക്കാലങ്ങളിൽ പുറത്തുള്ളതിനേക്കാൾ 40 ഡിഗ്രി സെൽഷ്യസ് അധികമായിരിക്കും കാറിനുള്ളിലെ താപനില. തണുപ്പുള്ള ദിവസങ്ങളിൽ ഇത് 20 ഡിഗ്രി സെൽഷ്യസുമായിരിക്കും. അഞ്ചു മിനിറ്റിനുള്ളിൽ കാറുകളിലെ താപനില ഈ അവസ്ഥയിലെത്തും. കുറഞ്ഞ സമയത്തേക്കാണെങ്കിൽ പോലും കുട്ടികളെ തനിച്ചിരുത്തി പുറത്തുപോകരുത്. കാറുകളിൽ ഒറ്റെപ്പടുന്ന കുട്ടികളിൽ ഉയർന്ന പനി, നിർജലീകരണം, ബോധക്ഷയം എന്നിവക്ക് സാധ്യതയുണ്ട്. ചില സാഹചര്യങ്ങളിൽ മരണം വരെ സംഭവിക്കും.
ചൂട് കൂടിയ കാലാവസ്ഥ എല്ലാവർക്കും അപകടകരമാണ്. എന്നാൽ, കുട്ടികളുടെ കാര്യത്തിൽ ഇത് കടുപ്പമേറിയതാണ്. കുട്ടികളിലെ താപനില മുതിർന്നവരിലേതിനെക്കാൾ വേഗത്തിൽ, അഞ്ചു മിനിറ്റിനുള്ളിൽ തന്നെ വർധിക്കും. വേനൽ ദിവസങ്ങളിൽ ഇത് പെട്ടെന്ന് സംഭവിക്കും.
കാർ പാർക്ക് ചെയ്തിരിക്കുന്നത് തണലിലാണെങ്കിലും അതിൽ അപകടം പതിയിരിക്കുന്നുണ്ട്. കുട്ടികളിൽ സൂര്യാഘാതം, നിർജലീകരണം എന്നിവ പെട്ടെന്ന് സംഭവിക്കുന്നു. തണലിൽ ഗ്ലാസുകൾ അടച്ചിട്ട സാഹചര്യമാണെങ്കിൽ പോലും അപകടത്തിന് സാധ്യതയേറെയാണ്. സൂര്യാഘാതം മരണത്തിന് വരെ കാരണമാകും.
ഒരു മിനിറ്റ് സമയത്തേക്കാണെങ്കിൽപോലും കാറിന് പുറത്തിറങ്ങുമ്പോൾ കുട്ടികളെയും കൂടെക്കൂട്ടണം.
കുട്ടികൾ ഉറങ്ങിപ്പോയതിനാൽ അധിക രക്ഷിതാക്കളും കുട്ടികളുടെ കാര്യത്തിൽ അശ്രദ്ധരാകുന്നുണ്ട്. അതിനാൽ കാറിെൻറ പിറകിലുള്ള കുട്ടികളെ പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കുന്നതിനായി രക്ഷിതാക്കൾ തങ്ങളുടെ മൊബൈൽ, പഴ്സ് തുടങ്ങിയ അത്യാവശ്യ വസ്തുക്കൾ അവരുടെ അടുത്ത് വെക്കണം.
പുറത്തിറങ്ങുമ്പോൾ ഉപയോഗത്തിലല്ലെങ്കിൽ കാർ ലോക്ക് ചെയ്യണം. കുട്ടികൾക്ക് കാറുകളുടെ താക്കോൽ നൽകുന്നതും അവർ എടുക്കുന്നതും പരമാവധി ഒഴിവാക്കണം.
കുട്ടികളുടെ തനിച്ചുള്ള നീന്തലും വേണ്ട
ചൂടുകൂടുന്നതോടെ രാജ്യത്തെ ബീച്ചുകളിലും പൂളുകളിലും തിരക്കേറുകയാണ്. കുടുംബവുമൊത്ത് നിരവധി ആളുകളാണ് ഇവിടങ്ങളിൽ എത്തുന്നത്. ബീച്ചുകളിലും മറ്റും കുട്ടികളുടെ മുങ്ങിമരണം ഉൾപ്പെടെയുള്ള അപകടങ്ങൾ സംഭവിക്കാൻ സാധ്യത കൂടുതലാണ്. ഇതിനാൽ രക്ഷിതാക്കൾ അതിജാഗ്രത പാലിച്ചിരിക്കണം.
ലോകത്താകമാനം മരണത്തിന് കാരണമാകുന്ന മൂന്നാമത്തെ കാരണമാണ് വെള്ളത്തിൽ മുങ്ങിയുള്ളത്. ആകെ അപകട മരണങ്ങളിൽ മുങ്ങിമരണം ഏഴ് ശതമാനം വരുമെന്നും എച്ച്.എം.സി എമർജൻസി മെഡിസിൻ വിഭാഗം പറയുന്നു.
ആയിരക്കണക്കിനാളുകളാണ് ലോകത്തിെൻറ വിവിധ ഭാഗങ്ങളിലായി മുങ്ങിമരിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ കുഞ്ഞുങ്ങളാണ്. ഖത്തറിൽ കുട്ടികൾക്കിടയിലുള്ള മുങ്ങി മരണം വർധിച്ചുവരുകയാണ്. രാജ്യത്ത് മുങ്ങിമരിക്കുന്നവരിൽ 90 ശതമാനവും 10 വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളാണ്. ഇതിൽ തന്നെ 70 ശതമാനത്തോളം നാലു വയസ്സിന് താഴെയുള്ളവരാണ്.
ചൂടുകുടുതലുള്ള ഈ സമയങ്ങളിൽ കൂടുതലായും ബീച്ചുകളിലും വീടുകളിലെയും പുറത്തുമുള്ള സ്വിമ്മിങ് പൂളുകളിലുമാണ് കുട്ടികളും രക്ഷിതാക്കളും ഒഴിവുസമയം ചെലവഴിക്കുന്നത്. കുട്ടികളെ ഇത്തരം സന്ദർഭങ്ങളിൽ തനിച്ചാക്കുന്നത് അപകട സാധ്യത വർധിപ്പിക്കുന്നു. രക്ഷിതാക്കൾ അതിജാഗ്രത പാലിക്കണം.
വീടുകളിലെ സ്വിമ്മിങ് പൂളിന് ചുറ്റും ശക്തിയേറിയ വേലി ഉൾപ്പെടെയുള്ള സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം. ബീച്ചുകളിൽ പോകുന്നതിനുമുമ്പ് രക്ഷിതാക്കൾ കാലാവസ്ഥയുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ ശ്രദ്ധിക്കണം. ബീച്ചുകളിലും പൂളുകളിലും കുട്ടികൾക്കായി നിശ്ചയിക്കപ്പെട്ട ഭാഗങ്ങളിൽ മാത്രം അവരെ ഇറക്കണം. കുട്ടികളുടെ മേൽ എപ്പോഴും രക്ഷിതാക്കളുടെ നിരീക്ഷണം ഉണ്ടായിരിക്കണം. ചെറിയ അശ്രദ്ധ വലിയ അപകടത്തിലേക്ക് നയിക്കും.കുട്ടികൾക്ക് സ്വിമ്മിങ് ജാക്കറ്റ് പോലെയുള്ള സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കണം. കൃത്രിമ ശ്വാസം നൽകുന്നതിെൻറ പ്രാധാന്യം അവരെ പഠിപ്പിക്കണം.
വീടുകളിലെ ബാത്ത് ടബ്ബുകളിലും കുട്ടികൾ പ്രവേശിക്കുന്നത് ഒഴിവാക്കണം. ബാത്ത് ടബ്ബുകളുടെ ഉപയോഗം കഴിയുന്നതോടെ ടോയ്ലറ്റുകളുടെ വാതിലുകൾ അടച്ചിടണം. ഇല്ലെങ്കിൽ വീടകങ്ങളും അപകടസ്ഥലങ്ങളാകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.