‘ഭാരത് ആസാദി കെ രംഗ്’ സ്വാതന്ത്ര്യദിനാഘോഷം
text_fieldsദോഹ: പ്രവാസി ഇന്ത്യൻ തൊഴിലാളി സമൂഹത്തിന്റെ പങ്കാളിത്തത്തോടെ സ്വാതന്ത്ര്യദിനാഘോഷമൊരുക്കി എംബസി അപെക്സ് സംഘടനയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം. ഐ.സി.സി അശോക ഹാളിലായിരുന്നു ‘ഭാരത് - ആസാദി കേ രംഗ് 2024’ എന്ന പേരിൽ സ്വാതന്ത്ര്യ ദിന പരിപാടി നടത്തിയത്. റാസ് ലഫാൻ, മിസൈദ്, ദുഖാൻ, അൽഖോർ, ഇൻഡസ്ട്രിയൽ ഏരിയ തുടങ്ങി, ഖത്തറിലെ വിവിധ പ്രദേശങ്ങളിലെ ലേബർ ക്യാമ്പുകളിൽ നിന്നുള്ള 300 ഓളം തൊഴിലാളികളടക്കമുള്ളവർ പങ്കെടുത്തു.
മൂന്നര മണിക്കൂർ നീണ്ടുനിന്ന കലാപരിപാടികൾ, ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു. ഇന്ത്യൻ സ്ഥാനപതി വിപുൽ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറിയും ഐ.സി.ബി.എഫ് കോഓഡിനേറ്റിങ് ഓഫിസറുമായ ഐഷ് സിംഗാൾ സന്നിഹിതനായി.
ഇന്ത്യൻ സമൂഹത്തിന്റെ കൂട്ടായ്മയെ വിപുൽ പ്രശംസിച്ചു. ഇന്ത്യൻ എംബസിയെ തങ്ങളുടെ സ്വന്തം എംബസിയായി കരുതണമെന്നും, ഐ.സി.ബി.എഫ് മുഖേനയോ മറ്റേതെങ്കിലും കമ്യൂണിറ്റി കൂട്ടായ്മകൾ മുഖേനയോ, നേരിട്ടു തന്നെയോ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാമെന്നും, അവരുടെ സഹായത്തിന് ഇന്ത്യൻ എംബസി എപ്പോഴും ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി വർക്കി ബോബൻ സ്വാഗതം ആശംസിച്ചു.
ചടങ്ങിൽ ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷത വഹിച്ചു. ഐ.സി.ബി.എഫ് ഉപദേശക സമിതി ചെയർമാൻ എസ്.എ.എം. ബഷീർ, ഐ.സി.സി പ്രസിഡന്റ് എ.പി.മണികണ്ഠൻ, ഐ.എസ്.സി ജനറൽ സെക്രട്ടറി നിഹാദ് അലി എന്നിവരും ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിലെ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ പങ്കെടുത്തു.
ഐ.സി.ബി.എഫ് സെക്രട്ടറി ടി.കെ.മുഹമ്മദ് കുഞ്ഞി നന്ദി പറഞ്ഞു. നീലാംബരി സുശാന്ത്, സമീർ അഹമ്മദ്, ശങ്കർ ഗൗഡ്, കുൽവീന്ദർ സിംഗ്, ഉപദേശക സമിതി അംഗം ടി. രാമശെൽവം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഐ.എസ്.സി സെക്രട്ടറി പ്രദീപ് പിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് കലാപരിപാടികൾ ചിട്ടപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.