ഭരത് മുരളി ഷോർട്ട് ഫിലിം മത്സരം:പുരസ്കാരനിറവിൽ 'ഓലച്ചൂട്ടുകൾ'
text_fieldsദോഹ: അന്തരിച്ച നടൻ ഭരത് മുരളിയുടെ ഓർമക്കായി മീഡിയ ഹബ് തിരുവനന്തപുരം ഏർപ്പെടുത്തിയ ഷോർട്ട് ഫിലിം അവാർഡുകൾ (ഗൾഫ് റീജനൽ) പ്രഖ്യാപിച്ചപ്പോൾ ഖത്തറിൽ നിന്നുള്ള 'ഓലച്ചൂട്ടുകൾ'ക്ക് മികച്ച നേട്ടം. ചിത്രം ഒരുക്കിയ കൊല്ലം കെ. രാജേഷ് മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. ചിത്രത്തിലെ അച്ഛനായും മുത്തച്ഛനായും തകർത്തഭിനയിച്ച എ.വി.എം. ഉണ്ണിയാണ് മികച്ച നടൻ. സംഗീത സംവിധായകൻ നന്തു കർത്തക്ക് പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരവും ലഭിച്ചു.
അജിത സിനി ആർട്സ് നിർമിച്ച് ചെമ്പകം സിനി ക്രിയേഷൻ പുറത്തിറക്കിയ 'ഓലച്ചൂട്ടുകൾ' ചിത്രത്തിൻെറ അണിയറ ശിൽപികളെല്ലാം ഖത്തർ പ്രവാസികളാണ്. വർത്തമാനകാലത്ത് കുടുംബബന്ധത്തിനുണ്ടാകുന്ന വിള്ളലുകളാണ് ചിത്രത്തിൻെറ ഇതിവൃത്തം. ദോഹയിൽ ഏറെ വർഷങ്ങളായി നാടകരംഗത്ത് സജീവമായ എ.വി.എം ഉണ്ണിയുടെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലാണ് ചിത്രത്തിലെ അച്ഛൻ കഥാപാത്രം. കൺമുന്നിൽ കണ്ടത് മകനോടും മരുമകളോടും പറയാൻ വിമ്മിഷ്ടപ്പെടുന്ന മുത്തച്ഛനായും ചിത്രത്തിൽ ജീവിക്കുകയാണ് ഉണ്ണി. കൊല്ലം കെ. രാജേഷ് ആണ് തിരക്കഥയൊരുക്കിയതും സംവിധാനം ചെയ്തതും. ദോഹയിൽ ആദ്യമായി നടത്തിയ അമച്വർ നാടക മത്സരത്തിൽ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
നിരവധി നാടകങ്ങൾ ഇതിനകം സംവിധാനം ചെയ്തിട്ടുണ്ട്. അഞ്ചുടെലിഫിലിമുകളും ഒരുക്കി. 2017ൽ 'ഉത്തരം പറയാതെ...' എന്ന ആദ്യ സിനിമ സംവിധാനം ചെയ്ത് ബിഗ്സ്ക്രീൻ സിനിമ എന്ന സ്വപ്നവും നിറവേറ്റി. കേരളത്തിലും ഖത്തറിലും ആണ് ആ സിനിമ റിലീസ് ചെയ്തത്. രണ്ടാമത്തെ ചിത്രത്തിൻെറ പണിപ്പുരയിൽ ആയിരുന്ന രാജേഷ് കോവിഡ് സമയത്ത് ദോഹയിലും നാട്ടിലും െവച്ച് ചിത്രീകരിച്ച ഹ്രസ്വ ചിത്രമാണ് 'ഓലച്ചൂട്ടുകൾ'. നിരവധി അന്താരാഷ്ട്ര ഷോർട്ട്ഫിലിം ഫെസ്റ്റിവലുകളിലേക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രാജേഷ് രാജൻ, ആരതി പ്രജിത്, അമാനി രാജേഷ് രാജൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
കാമറ: പ്രജിത് രാമകൃഷ്ണൻ, എഡിറ്റിങ്: അഭിലാഷ് വിശ്വനാഥ്, അയ്യപ്പൻ ആറ്റിങ്ങൽ, വിശാഖ് ആർ. നായർ , നജാദ് നജീബ് എന്നിവരും കാമറ കൈകാര്യം ചെയ്തു. പശ്ചാത്തലസംഗീതം: നന്ദുകർത്ത, അസിസ്റ്റൻറ് ഡയറക്ടർ: ആസിഫ് വയനാട്, നൗഷാദ് ദിൽസേ. മേക് അപ്: രവി, കൃഷ്ണദാസ് ബേപ്പൂർ, ഡിസൈൻ: സേതു ശിവാനന്ദൻ. സ്റ്റുഡിയോ: ഷകീർ സരിഗ ദോഹ, ബാലു മെട്രോ സ്റ്റുഡിയോ കൊച്ചി. ശബ്ദം: സുമേഷ് സി.കെ, സായി കൃഷ്ണ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.