കലാവൈവിധ്യത്തിന്റെ ‘ഭാരത് ഉത്സവം’
text_fieldsദോഹ: കശ്മീർ മുതൽ കന്യാകുമാരി വരെ ഇന്ത്യയുടെ പലദിക്കിൽനിന്നെത്തിയ പ്രവാസികളാൽ നിറഞ്ഞ സദസ്സും, 25ഓളം രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളും ഖത്തറിന്റെ വിവിധ മന്ത്രാലയം ഉദ്യോഗസ്ഥരും നിറഞ്ഞ രാവിൽ ഉത്സവാഘോഷത്തോടെ ഇന്ത്യയും ഖത്തറും തമ്മിലെ നയതന്ത്ര സുവർണ ജൂബിലി ആഘോഷങ്ങൾക്ക് കൊടിയേറ്റം. ഇന്ത്യൻ കൾച്ചറൽ സെന്റർ സംഘടിപ്പിച്ച ‘ഭാരത് ഉത്സവ്’ വേദി പല സംസ്കാരങ്ങളാൽ സമ്പന്നമായ ഭാരതത്തിന്റെ കലാസാംസ്കാരിക വൈവിധ്യത്തിന്റെ പ്രദർശന വേദിയായി മാറി. വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെ തന്നെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള കലാ പരിപാടികളുമായി നർത്തകർ ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററിലെ ‘അൽ മയാസ’ തിയറ്ററിൽ ആരംഭിച്ചിരുന്നു.
വൈകുന്നേരത്തോടെ ഒഴുകിയെത്തിയ 2500ഓളം വരുന്ന പ്രവാസി സമൂഹത്തിന്റെ സാന്നിധ്യത്തിൽ തിയറ്റർ ഹാൾ നിറഞ്ഞുകവിഞ്ഞു. ഇന്ത്യ-ഖത്തര്‍ നയതന്ത്ര ബന്ധത്തിന്റെ സുവര്‍ണ ജൂബിലിയോട് അനുബന്ധിച്ചായിരുന്നു ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ (ഐ.സി.സി) ഭാരത് ഉത്സവ് സംഘടിപ്പിച്ചത്.43 ഐ.സി.സി അനുബന്ധ അസോസിയേഷനുകളും ഖത്തറിലെ ഇന്ത്യന്‍ സ്കൂള്‍ വിദ്യാർഥികളും ചേര്‍ന്നാണ് കാണികള്‍ക്ക് അഞ്ചര മണിക്കൂര്‍ നീണ്ട മികച്ച കാഴ്ച വിരുന്ന് സമ്മാനിച്ചത്. കേരളം ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ തനത് പരമ്പരാഗത നാടന്‍ കലാ രൂപങ്ങളും നൃത്തങ്ങളുമാണ് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ള 640 ഓളം കലാകാരന്മാര് വേദിയില്‍ അവതരിപ്പിച്ചത്.
കോൽക്കളി, ദഫ്മുട്ട് തുടങ്ങി കേരളത്തിന്റേത് ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ നാടന്‍ കലാരൂപങ്ങളും സിനിമാറ്റിക് ഡാന്‍സും പരമ്പരാഗത നൃത്തങ്ങളുമായി വര്‍ണശബളമായ ദൃശ്യവിരുന്നാണ് ഒരുക്കിയത്. ഇന്ത്യന്‍ എംബസി ഷെർഷെ ഡി അഫയേഴ്സ് ആഞ്ജലീന പ്രേമലത ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ഖത്തറിലെ 15 രാജ്യങ്ങളുടെ അംബാസഡർമാരും എട്ടോളം രാജ്യങ്ങളിലെ ഉന്നത നയതന്ത്ര പ്രതിനിധികളും പങ്കെടുത്തിരുന്നു.ബെനിൻ, മലാവി, മൾഡോവ, നേപ്പാൾ, നൈജീരിയ, പോർചുഗൽ, തജികിസ്താൻ, ഇന്തോനേഷ്യ, ബ്രസീൽ, ഇറാഖ്, മെക്സികോ, പാനമ, റുമേനിയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളുടെ സാന്നിധ്യം ആഘോഷത്തിന് മിഴിവേകി.
ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠന് അധ്യക്ഷനായിരുന്നു. ഭാരതോത്സവത്തിന്റെ ഭാഗമായി പുറത്തിറക്കിയ സുവനീർ ചടങ്ങിൽ പ്രകാശനം ചെയ്തു.
ഖത്തര്‍ ആഭ്യന്തര, സാംസ്കാരിക, തൊഴില്‍ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍, ഐ.സി.സി മുന്‍ പ്രസിഡന്റ് പി.എന്‍. ബാബുരാജന്, ഐ.സി.സി മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങള്‍, ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ മുന്‍ പ്രസിഡന്റ് ഡോ. മോഹന്‍ തോമസ്. ഇന്ത്യന്‍ എംബസി എപ്പെക്സ് സംഘടനാ ഭാരവാഹികള്‍, വിവിധ പ്രവാസി അസോസിയേഷന് പ്രതിനിധികള്‍, മാധ്യമ പ്രതിനിധികള്‍ എന്നിവർ പങ്കെടുത്തു. വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗേലു ഉദ്ഘാടന ചടങ്ങിന് നന്ദി പറഞ്ഞു. രാത്രി 10 മണിവരെ കലാപരിപാടികൾ തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.