ഗിന്നസിലേക്കൊരു ഷോട്ടു തീർക്കാൻ 'ബിഗ് ബൂട്ട്'
text_fields‘ബിഗ് ബൂട്ട്’അനാച്ഛാദനം സംബന്ധിച്ച
വാർത്ത സമ്മേളനത്തിൽ ഫോക്കസ് ഇന്റർനാഷനൽ
ഭാരവാഹികൾ, ഐ.സി.സി പ്രസിഡന്റ് പി.എൻ ബാബുരാജൻ, കതാറ പബ്ലിക് ഡിപ്ലോമസി സി.ഇ.ഒ ദാര്‍വിഷ് അഹ്മദ് അല്‍ ഷബാനി എന്നിവർ
ദോഹ: പന്തും ബൂട്ടും ഗോളടിച്ചു കൂട്ടാനൊരുങ്ങുന്ന ഖത്തറിലേക്ക് ലോകത്തിലെ ഏറ്റവും വലിയ ഫുട്ബാൾ ബൂട്ടുമായി ഖത്തറിലെ പ്രവാസി യുവജന സംഘടനയായ ഫോക്കസ് ഇന്റർനാഷനൽ. ലോകകപ്പിനായി വിവിധ വൻകരകൾ കടന്ന് ഒഴുകിയെത്തുന്ന കാണികൾക്കു മുന്നിൽ പ്രദർശനത്തിനായാണ് 17 അടി നീളവും ഏഴ് അടി ഉയരവുമുള്ള ബൂട്ട് നിർമിച്ചത്. ഇന്ത്യയിൽ നിർമാണം പൂർത്തിയാക്കിയ ബൂട്ട്, ദോഹയിൽ മിനുക്കുപണികൾ കൂടി പൂർത്തിയാക്കിയ ശേഷം ഈ മാസം 14ന് കതാറ കൾചറൽ വില്ലേജിൽ അനാച്ഛാദനം ചെയ്യും.
ഗിന്നസ് റെക്കോഡ് ബുക്കിൽ ഇടം പിടിക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് കത്താറ പബ്ലിക് ഡിപ്ലോമസിയുമായി സഹകരിച്ച് ബൂട്ട് പ്രദർശനത്തിനൊരുക്കുന്നതെന്ന് ഫോക്കസ് ഇന്റര്‍നാഷനല്‍ ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ വിശദമാക്കി. ലോകത്തിലെ ഏറ്റവും നീളം കൂടിയ ഖുര്‍ആന്‍, ഏറ്റവും വലിയ മാര്‍ക്കര്‍ പെന്‍ തുടങ്ങി വിവിധ മേഖലകളിലെ ഗിന്നസ് ലോക റെക്കോഡ് ജേതാവു കൂടിയായ ആര്‍ട്ടിസ്റ്റ് എം. ദിലീഫ് ആണ് ബൂട്ട് നിര്‍മിച്ചത്. ലെതര്‍, ഫൈബര്‍, റെക്‌സിന്‍, ഫോം ഷീറ്റ്, അക്രിലിക് ഷീറ്റ് എന്നിവകൊണ്ടാണ് ബൂട്ടിന്റെ നിര്‍മാണം. 14ന് നടക്കുന്ന അനാച്ഛാദന ചടങ്ങിന് മുമ്പായി ഇന്ത്യന്‍ എംബസി എപ്പെക്‌സ് സംഘടനയായ ഇന്ത്യന്‍ കള്‍ചറല്‍ സെന്ററിന്റെ (ഐ.സി.സി) സഹകരണത്തോടെ ദോഹയിലെ ഇന്ത്യന്‍ കമ്യൂണിറ്റികളിലെ കലാകാരന്മാര്‍ പങ്കെടുക്കുന്ന സാംസ്‌കാരിക ഘോഷയാത്ര നടക്കും.
ഇന്ത്യയും അറബ് ലോകവും തമ്മിലുള്ള സാംസ്‌കാരിക വിനിമയ പൈതൃകം പുതുതലമുറക്ക് പരിചയപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ബിഗ് ബൂട്ട് പ്രദർശനത്തിലൂടെ ലക്ഷ്യമിടുന്നത്.
1948ല്‍ ലണ്ടനില്‍ നടന്ന ഒളിമ്പിക്‌സില്‍ ഇന്ത്യ-ഫ്രാന്‍സ് മത്സരത്തിനിടെ ഇന്ത്യന്‍ താരങ്ങളില്‍ ചിലര്‍ ബൂട്ട് ധരിക്കാതെ കളിക്കളത്തിലിറങ്ങിയിരുന്നു.
ഇന്ത്യയുടെ പ്രഥമ രാജ്യാന്തര ഫുട്‌ബാള്‍ മത്സരത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയായാണ് ലോകത്തിലെ ഏറ്റവും വലിയ ബൂട്ട് നിര്‍മിച്ച് പ്രദര്‍ശിപ്പിക്കുന്നതിന്റെ പിന്നിലെ പ്രചോദനമെന്ന് ഫോക്കസ് ഭാരവാഹികള്‍ വ്യക്തമാക്കി.
ലാ സിഗാലെ ഹോട്ടലില്‍ നടന്ന വാര്‍ത്തസമ്മേളനത്തില്‍ കതാറ പബ്ലിക് ഡിപ്ലോമസി സി.ഇ.ഒ ദാര്‍വിഷ് അഹ്മദ് അല്‍ ഷബാനി, ഐ.സി.സി പ്രസിഡന്റ് പി.എന്‍. ബാബുരാജന്‍, ഫോക്കസ് ഇന്റര്‍നാഷനല്‍ സി.ഇ.ഒ ഷമീര്‍ വലിയവീട്ടില്‍, സി.എഫ്.ഒ മുഹമ്മദ് റിയാസ്, ഇവന്റ് ഡയറക്ടര്‍ അസ്‌കര്‍ റഹ്‌മാന്‍, ഖത്തര്‍ റീജനല്‍ സി.ഇ.ഒ ഹാരിസ്.പി.ടി എന്നിവര്‍ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.