രാജ്യത്ത് ഇ-കോമേഴ്സ് മേഖലയിൽ വൻ വളർച്ച
text_fieldsദോഹ: രാജ്യത്ത് ഇ-കോമേഴ്സ് മേഖലയിൽ വൻ വളർച്ചയെന്ന് റിപ്പോർട്ട്. ഐ.ടി മേഖലയിലെ പുത്തനുണർവും കോവിഡിനെ തുടർന്നുണ്ടായ വെല്ലുവിളികളും ഒപ്പം ഷോപ്പിങ് സാഹചര്യങ്ങളിലുണ്ടായ മാറ്റവുമാണ് ഖത്തറിൽ ഇ-കോമേഴ്സ് രംഗത്തെ വളർച്ചക്കിടയാക്കിയ പ്രധാന ഘടകങ്ങളെന്നാണ് വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ ആറു മാസത്തിനിടെ 60ലധികം പുതിയ ഇ-കോമേഴ്സ് സംരംഭങ്ങളാണ് ഖത്തറിൽ രൂപംകൊണ്ടിരിക്കുന്നത്. ഈ വർഷം ജൂണിൽ ഗതാഗത വാർത്തവിനിമയ മന്ത്രാലയത്തിെൻറ ഇ-കോമേഴ്സ് രജിസ്ട്രിയിൽ 350 വെബ്സൈറ്റുകളാണുണ്ടായിരുന്നത്. എന്നാൽ നിലവിൽ 416 വെബ്സൈറ്റുകളാണുള്ളത്. കൂടുതൽ കമ്പനികൾ ഒൺലൈൻ റീട്ടെയിൽ വിപണിയിലേക്ക് ചുവടുവെക്കുന്നുവെന്നതാണ് ഇ-കോമേഴ്സ് രംഗം വളരുന്നതിലൂടെ പ്രതിഫലിക്കുന്നത്.
പ്രമുഖ ഹൈപ്പർമാർക്കറ്റുകൾ, റസ്റ്റാറൻറുകൾ, ഫാർമസികൾ, അപ്പാരൽ ഔട്ട്ലറ്റുകളെല്ലാം ഇതിനകം ഒൺലൈൻ വിപണിയിലേക്കുകൂടി തങ്ങളുടെ പ്രവർത്തനമണ്ഡലം വിശാലമാക്കിയിട്ടുണ്ട്. കൂടാതെ, ഒാൺലൈൻ രംഗത്തുമാത്രം പ്രവർത്തിക്കുന്ന കമ്പനികളും രാജ്യത്ത് വർധിച്ചുവരുന്നുണ്ട്. പ്രധാനമായും ട്രാവൽ, ടൂറിസം തുടങ്ങിയ മേഖലകളിലാണ് ഇവ പ്രവർത്തിക്കുന്നത്. അതേസമയം, ഗ്ലോബൽ മാർക്കറ്റ് റിസർച് കമ്പനി(ഇപ്സോസ്)യുമായി സഹകരിച്ച് ഗതാഗത, വാർത്തവിനിമയ മന്ത്രാലയം നടത്തിയ സർവേയിൽ 60 ശതമാനം ആളുകളും ഒൺലൈൻ ഷോപ്പിങ്ങിനാണ് താൽപര്യപ്പെടുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു. കമ്പനികൾക്കു പുറമേ, കുടിൽ വ്യവസായ സംരംഭങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ ഒൺലൈൻ വിപണിയെയാണ് പ്രധാനമായും മാർക്കറ്റിങ്ങിനും കച്ചവടത്തിനുമായി ആശ്രയിക്കുന്നത്.
ഈയിടെ പുറത്തുവന്ന റിപ്പോർട്ടിൽ സോഷ്യൽ കോമേഴ്സിനും ഖത്തറിൽ അഭൂതപൂർവമായ വളർച്ചയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, വാട്സ്ആപ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ വിപണനവുമായി രംഗത്തുവരുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. 2022 ലോകകപ്പ് മുന്നിൽക്കണ്ട് ഈ മേഖല കൂടുതൽ വളരാനാണ് സാധ്യതയെന്നാണ് നിരീക്ഷകർ സൂചിപ്പിക്കുന്നത്. കൂടുതൽ ഉൽപന്നങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിനുള്ള ഏറ്റവും മികച്ച അവസരമായാണ് ലോകകപ്പിനെ കണക്കാക്കുന്നത്. പ്രാദേശിക ഇ-കോമേഴ്സ് വിപണിയുടെ വളർച്ചയും സേവന ഗുണമേന്മയും ഉപഭോകൃത സംതൃപ്തിയും ലക്ഷ്യംവെച്ച് കഴിഞ്ഞവർഷം 'ഥിഖ' എന്ന പുതിയ വെബ്സൈറ്റിന് ഗതാഗത വാർത്ത വിനിമയ മന്ത്രാലയം രൂപം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.