താമസവാടകയിൽ വൻ വർധന
text_fieldsദോഹ: ലോകകപ്പിന് മുന്നോടിയായി രാജ്യത്ത് താമസ യൂനിറ്റുകളുടെ വാടകയിൽ വൻ വർധന. ഈ വർഷം രണ്ടാംപാദത്തിലെ റിയൽ എസ്റ്റേറ്റ് മാർക്കറ്റ് റിവ്യൂവിൽ കുഷ്മാൻ ആൻഡ് വെയ്ക്ക് ഫീൽഡാണ് ഇക്കാര്യം പുറത്തുവിട്ടത്.
ഫിഫ ലോകകപ്പിന് മുന്നോടിയായുള്ള ഹ്രസ്വകാല ആവശ്യങ്ങളുടെ വർധന 30 ശതമാനത്തിൽ കൂടുതൽ വാടക ഉയരുന്നതിന് ഇടയായെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ വർഷം ആദ്യപാദത്തിലെ അഞ്ച് മുതൽ ഏഴ് വരെ ശതമാനം വാടകയിൽ വർധനയുണ്ടായതായും ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ടുണ്ടായ ആവശ്യകതയിലെ വർധന ഏപ്രിൽ, മേയ് മാസങ്ങളിലെ വാടക വർധന ത്വരിതപ്പെടുത്തിയതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം ജൂണിലെ വാടകയേക്കാൾ ഈ വർഷം ജൂണിലെ വാടകയിൽ 30 ശതമാനത്തിലധികമാണ് വർധിച്ചതെന്ന് കമ്പനി കണക്കാക്കുന്നു. ലോകകപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്ന കമ്പനികൾക്കായി പതിനായിരക്കണക്കിന് അപ്പാർട്മെൻറുകൾ ആരാധകർക്കും ജീവനക്കാർക്കുമായി ബുക്ക് ചെയ്തിരിക്കുന്നതാണ് വാടക വർധനക്ക് പ്രധാന കാരണമെന്ന് കുഷ്മാൻ ആൻഡ് വെയ്ക്ക്ഫീൽഡ് റിപ്പോർട്ടിൽ പറയുന്നു. പ്രധാന കേന്ദ്രങ്ങളിലാണ് വാടക വർധന കൂടുതൽ പ്രകടമായത്. പോർട്ടോ അറേബ്യയിൽ സാധാരണ രണ്ട് ബെഡ്റൂം, സെമി ഫർണിഷ്ഡ് അപ്പാർട്മെൻറിന് 10,000 മുതൽ 12000 റിയാൽ വരെയുള്ളിടത്ത് ഇപ്പോൾ 13000 റിയാൽ മുതൽ 15000 റിയാൽവരെയാണ് മാസവാടക.
ബിൻ മഹ്മൂദ് പോലെയുള്ള മധ്യഭാഗങ്ങളിൽ അപ്പാർട്മെന്റുകൾക്കും ഫ്ലാറ്റുകൾക്കും 2000 മുതൽ 3000 റിയാൽ വരെ 2021 മുതൽ വർധിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ 30 ശതമാനത്തിലധികം വാടക വർധന ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈയടുത്ത മാസങ്ങളിലായി വില്ല കോമ്പൗണ്ടുകളിലും വാടക വർധനയുണ്ടായി. എന്നാൽ അപ്പാർട്മെന്റുകളേക്കാൾ കുറവാണ് നിരക്ക്. മൂന്നു ശതമാനത്തിനും 10 ശതമാനത്തിനുമിടയിലാണ് വാടക വർധന.അതേസമയം, വാടക വർധന ലോകകപ്പുമായി ബന്ധപ്പെട്ട ഹ്രസ്വകാലത്തേക്ക് മാത്രമായുള്ളതാണെന്നും ആവശ്യകത കുറയുകയും യൂനിറ്റുകൾ വിപണിയിൽ തിരികെയെത്തുകയും ചെയ്യുന്നതിനാൽ അടുത്തവർഷം മുതൽ വാടകയിൽ കുറവുണ്ടാകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.