വിമാനയാത്രികരുടെ എണ്ണത്തിൽ വലിയ വർധന
text_fieldsദോഹ: മേയിലെ പ്രാഥമിക വ്യോമഗതാഗത സ്ഥിതിവിവരക്കണക്കുകൾ പുറത്തുവിട്ടപ്പോൾ വിമാനയാത്രക്കാരുടെയും വിമാനങ്ങളുടെയും എണ്ണത്തിൽ ഗണ്യമായ വർധന രേഖപ്പെടുത്തി. 2022 മേയ് മാസത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 22.2 ശതമാനവും വിമാനയാത്രയിൽ 16.6 ശതമാനവും വർധനവാണ് രേഖപ്പെടുത്തിയത്.
ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ പുതിയ ട്വീറ്റിൽ മേയ് മാസത്തോടെ രാജ്യത്ത് 34 ദശലക്ഷം വിമാനയാത്രക്കാർ രജിസ്റ്റർ ചെയ്തതായും മുൻവർഷത്തിൽ ഇത് 28 ദശലക്ഷമായിരുന്നുവെന്നും ചൂണ്ടിക്കാട്ടി.
എയർ കാർഗോ വിഭാഗത്തിലും നേരിയ വർധന രേഖപ്പെടുത്തി. 2022 മേയ് മാസത്തെ അപേക്ഷിച്ച് 0.7 ശതമാനം വർധന ഉണ്ടായതായി സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. 2022 മേയ് മാസത്തിൽ 1,91,675 ടൺ കാർഗോ കൈകാര്യം ചെയ്തപ്പോൾ ഈ വർഷം ഇതേ കാലയളവിൽ 1,93,008 ടൺ കാർഗോ ഹാൻഡിൽ ചെയ്തതായും അതോറിറ്റി വ്യക്തമാക്കി.അതേസമയം, ഏപ്രിൽ മാസത്തിൽ ഖത്തറിന്റെ വിമാനയാത്രക്കാരുടെ എണ്ണത്തിൽ 31 ശതമാനം വർധന രേഖപ്പെടുത്തി. വിമാനയാത്രയുടെ എണ്ണത്തിൽ 14.3 ശതമാനം വർധനവുമുണ്ടായിട്ടുണ്ട്.
2023ന്റെ ആദ്യത്തിൽ ഹയ്യാ കാർഡുവഴി യാത്രക്കാരെ സ്വാഗതംചെയ്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചതും ഒപ്പം അവധിക്കാലവുമെത്തിയതോടെ രാജ്യത്ത് വ്യോമഗതാഗതങ്ങളും വർധിച്ചിരുന്നു.2022 ഫിഫ ലോകകപ്പിന്റെ സ്വാധീനമെന്നോണം ഈ വർഷം ജനുവരിയിൽ യാത്രക്കാരുടെ എണ്ണത്തിൽ 64.4 ശതമാനം റെക്കോർഡ് വർധനവ് രേഖപ്പെടുത്തി.
വരും വർഷങ്ങളിലും രാജ്യത്തേക്കുള്ള സഞ്ചാരികളുടെ എണ്ണം വർധിക്കുമെന്നാണ് കണക്കുകൾ സൂചന നൽകുന്നത്. 2030ഓടെ പ്രതിവർഷം 60 ലക്ഷത്തിലധികം സന്ദർശകർ ഖത്തറിലെത്തുമെന്നാണ് ഖത്തർ ടൂറിസത്തിന്റെയും ഖത്തർ എയർവേസിന്റെയും ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. അടുത്ത ഏഴ് വർഷത്തിനുള്ളിൽ ഖത്തറിൽ ജി.ഡി.പി വളർച്ചയിൽ ടൂറിസം മേഖലയിൽ നിന്നുള്ള സംഭാവന ഏഴ് ശതമാനം മുതൽ 12 ശതമാനമായിരിക്കുമെന്നും ടൂറിസം അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.