അറിവ് പകരാൻ ശതകോടികൾ; ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായി ഖത്തർ നൽകുന്നത് 230 കോടി ഡോളർ
text_fieldsദോഹ: വിവിധ ലോകരാജ്യങ്ങളിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായി ഖത്തർ 230 കോടി ഡോളറിന്റെ സഹായപദ്ധതികൾ നടപ്പാക്കുന്നതായി വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രി ബുഥൈന ബിൻത് അലി അൽ ജാബിർ അൽ നുഐമി. ആഗോളതലത്തിൽ വിദ്യാഭ്യാസപ്രവർത്തനങ്ങളെ പിന്തുണക്കുകയെന്നതാണ് ഖത്തറിന്റെ വികസന അജണ്ടയെന്നും ദശലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് ഗുണമേന്മയുള്ള പഠനാവസരം നൽകാൻ ഈ പിന്തുണ സഹായിച്ചതായും അവർ ചൂണ്ടിക്കാട്ടി.
വിവിധ വിദ്യാഭ്യാസ പദ്ധതികളിലൂടെ യുവാക്കളെ അവരുടെ സമൂഹത്തിന്റെ വികസനത്തിനും ക്ഷേമത്തിനും സംഭാവന ചെയ്യാൻ പ്രാപ്തരാക്കിയെന്നും ന്യൂയോർക്കിൽ നടന്ന 78ാമത് ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയോടുബന്ധിച്ച് ഉന്നതതല യോഗത്തിൽ വിശദീകരിച്ചു. യു.എന്നിലെ ഖത്തർ സ്ഥിരം പ്രതിനിധി ശൈഖ അൽയാ ബിൻത് അഹ്മദ് ബിൻ സൈഫ് ആൽഥാനിയും പങ്കെടുത്തു.എല്ലാവർക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുള്ള സംയുക്ത പ്രതിബദ്ധതയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അൽ നുഐമി, വിദ്യാഭ്യാസം ഒരു ആഗോള താൽപര്യമാണെന്നും 17 സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പുരോഗതിക്ക് അനിവാര്യമായ ചാലകശക്തിയാണെന്നും പറഞ്ഞു.
വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിൽ നാലാമത്തെ സുസ്ഥിര വികസനലക്ഷ്യം കൈവരിക്കുന്നതിനുള്ള ആഗോള ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഐക്യരാഷ്ട്രസഭയുടെ ട്രാൻസ്ഫോർമിങ് എജുക്കേഷൻ സമ്മിറ്റി (ടി.ഇ.എസ്)ന്റെ പ്രതിബദ്ധതകൾ നടപ്പാക്കുന്നതിനുള്ള ആഗോള ശ്രമങ്ങളുടെ തുടർച്ച ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ സെഷൻ സംഘടിപ്പിച്ചത്. ലോകത്തിന്റെ രാഷ്ട്രീയ അജണ്ടയിൽ വിദ്യാഭ്യാസത്തെ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മുൻ ജനറൽ അസംബ്ലിയിൽ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.