ജൈവവൈവിധ്യം സംരക്ഷിക്കുന്നതിന് വൻ പദ്ധതികളുമായി ഖത്തർ
text_fieldsദോഹ: രാജ്യത്തിെൻറ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും വൻ പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. ജൈവ വൈവിധ്യങ്ങളുടെ സംരക്ഷണത്തിനായുള്ള ഐക്യരാഷ്ട്രസഭാ കൺവെൻഷെൻറ 25ാം വാർഷികത്തോടനുബന്ധിച്ച് ഖത്തറിനെ പ്രതിനിധീകരിച്ചാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. അറേബ്യൻ ഇനത്തിൽ പെട്ട മാനുകളുെടയും കണ്ടൽകാടുകളുടെയും സംരക്ഷണവും പവിഴപ്പുറ്റുകളുടെ പരിപാലനവും പദ്ധതികളിൽ ഉൾപ്പെടുന്നതായും ഇതിനായി പ്രത്യേക പാക്കേജുകൾ രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം വിശദീകരിച്ചു.
കഴിഞ്ഞ വർഷം മാത്രം 14000 ചതുരശ്ര കിലോമീറ്ററിൽ കടൽ സസ്യങ്ങളും പവിഴപ്പുറ്റുകളും കൃത്രിമമായി വളർത്തിയെടുത്തുവെന്നും ഇതിെൻറ ഭാഗമായി വംശനാശഭീഷണി നേരിടുന്ന 11595 കര പവിഴപ്പുറ്റുകളും 500ഓളം മറ്റു പവിഴപ്പുറ്റുകളും മാറ്റി സ്ഥാപിക്കുകയും ചെയ്തുവെന്നും മന്ത്രാലയം പറഞ്ഞു. കണ്ടൽക്കാടുകൾക്കിടയിൽ നിന്ന് 30000ലേറെ അവിസീനിയ മരങ്ങൾ തീരപ്രദേശത്തേക്ക് മാറ്റി നട്ടതായും മന്ത്രാലയം വ്യക്തമാക്കി.
വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള യു.എൻ കൺവെൻഷനിലെ അഞ്ച് അറബ് രാജ്യങ്ങളിലൊന്നാണ് ഖത്തർ. ഈ കൺവെൻഷനുമായി ഏറ്റവും അടുത്ത് സഹകരിക്കുന്ന പ്രധാന രാജ്യങ്ങളിലൊന്നുകൂടിയാണ് ഖത്തർ. രാജ്യത്തെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് അധികവും നേരിട്ട് മേൽനോട്ടം വഹിക്കുന്നത് പരിസ്ഥിതി മന്ത്രാലയമാണ്. ഇതിൻറ ഭാഗമാണ് ഓരോ വർഷവും കടലാമകളുടെ പ്രജനനത്തിനായി ഫുവൈരീത് ബീച്ച് അടച്ചിടുന്നതും സന്ദർശകരെ വിലക്കുന്നതും.
കൂടാതെ ഈ സമയത്ത് മാലിന്യങ്ങൾ കടലിലേക്ക് ഒഴുകുന്നത് തടയാനും ആഴക്കടലിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും പ്രത്യേകം സംവിധാനങ്ങളും മന്ത്രാലയം നടപ്പിലാക്കുന്നുണ്ട്. ഇതോടൊപ്പം ഹാലൂൽ ദ്വീപിലെ പവിഴപ്പുറ്റുകളുടെയും അപൂർവയിനം മത്സ്യങ്ങളുടെയും സംരക്ഷണത്തിനും മന്ത്രാലയം വലിയ പ്രാധാന്യമാണ് നൽകുന്നത്. രാജ്യത്തിെൻറ സമൃദ്ധമായ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനായി പ്രത്യേക നിയമം തന്നെ മന്ത്രാലയം നിർമ്മിച്ചിട്ടുണ്ട്. 1992 മുതലാണ് എല്ലാ വർഷവും മാർച്ച് 22 ലോക ജൈവവൈവിധ്യ ദിനമായി ഐക്യരാഷ്ട്രസഭ ആചരിച്ചു വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.