സ്നേഹബിരിയാണി നാടാകെയെത്തി; മൽഖക്കായി സമാഹരിച്ചത് 2.15 ലക്ഷം റിയാൽ
text_fieldsദോഹ: രണ്ടു പകലിലായി ഖത്തറിന്റെ തെക്ക് മുതൽ വടക്കുവരെ അവർ വിതരണം ചെയ്തത് ഒരു നാടിന്റെ പ്രാർഥനയും സ്നേഹവുമെല്ലാം പൊതിഞ്ഞെടുത്ത ബിരിയാണികളായിരുന്നു. തങ്ങളെപോലെ തൊഴിൽ തേടിയെത്തിയ ഒരു കുടുംബത്തിന്റെ നോവായി മാറിയ പിഞ്ചു കുഞ്ഞിന്റെ ചികിത്സയെ അവർ ഓരോരുത്തരും തങ്ങളുടേത് കൂടിയാക്കി മാറ്റി. രാവും പകലുമില്ലാതെ പണിയെടുത്ത് ആവശ്യക്കാരിലേക്കെല്ലാം സ്നേഹത്തിൽ പൊതിഞ്ഞ ബിരിയാണിയെത്തിച്ച് സമാഹരിച്ചത് 2.15 ലക്ഷം റിയാൽ (49.07 ലക്ഷം രൂപ). എസ്.എം.എ ടൈപ് വൺ ബാധിച്ച ആറു മാസക്കാരി മൽഖ റൂഹിക്ക് മരുന്നെത്തിക്കാൻ ധനസമാഹരണത്തിനുള്ള ഖത്തർ ചാരിറ്റിയുടെ അഭ്യർഥന ഏറ്റെടുത്താണ് ഖത്തറിലെ മലയാളികളുടെ സമൂഹ മാധ്യമ കൂട്ടായ്മയായ ‘ഖത്തർ മലയാളീസ്’ ബിരിയാണി ചലഞ്ചിന് ആഹ്വാനം ചെയ്തത്.
മേയ് 10, 24 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായി നടത്തിയ ബിരിയാണി ചലഞ്ചിലൂടെ 12,000ത്തോളം ബിരിയാണി പൊതികൾ ആണ് രാജ്യത്താകമാനം വിതരണം ചെയ്തത്. ഇതിന് പുറമെ ഗോൾഡ് ലൂപ് ചലഞ്ച്, ക്യൂ ആർ കോഡ് കളക്ഷൻ എന്നിവയിലൂടെയും ധനശേഖരണം നടത്തി. ഖത്തർ മലയാളീസ് ഫേസ്ബുക് ഗ്രൂപ്പ് വഴി സേവന സന്നദ്ധരായ 200 ഓളം വളന്റിയർമാരുടെ നേതൃത്വത്തിലായിരുന്നു ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ ബിരിയാണി എത്തിച്ചു കൊടുത്തത്.
സമാഹരിച്ച തുക ലുസൈലിലുള്ള ഖത്തർ ചാരിറ്റിയുടെ ഓഫീസിൽ ഖത്തർ മലയാളീസ് പ്രതിനിധികളായ ബിലാൽ, സൗഭാഗ്യ, അബൂസ്, ഷാഫി, ഫസൽ, ഉബൈദ്, നിസാം, ബിൻഷാദ് എന്നിവർ നേരിട്ടെത്തി കൈമാറി. ഖത്തർ ചാരിറ്റി സി. എം. ഒ അഹ്മദ് യൂസുഫ് ഫഖ്റു തുക ഏറ്റുവാങ്ങി. മരുന്നിനാവശ്യമായ 1.16 കോടി റിയാലാണ് ഖത്തർ ചാരിറ്റി നേതൃത്വത്തിൽ സമാഹരിക്കുന്നത്. സ്കൂൾ വിദ്യാർഥികൾ, ബിസിനസ് സ്ഥാപനങ്ങൾ, വ്യക്തികൾ, വിവിധ കമ്യുണിറ്റി സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന ധന ശേഖരണത്തിൽ ഇതുവരെയായി 33.72 ലക്ഷം റിയാലാണ് സമാഹരിച്ചത്. ആവശ്യമായതിന്റെ 29 ശതമാനം മാത്രമാണ് ഇതു വരെയായും കണ്ടെത്താനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.