പ്രവാചകനിന്ദ: ഇസ്ലാമിനെതിരായ അവഹേളനം -മന്ത്രിസഭ
text_fieldsദോഹ: ഇന്ത്യയിൽ ബി.ജെ.പി നേതാക്കളുടെ പ്രവാചകനിന്ദയെ കടുത്തഭാഷയിൽ അപലപിച്ച് ഖത്തർ മന്ത്രിസഭ. ബുധനാഴ്ച പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽ ഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് പ്രവാചകനിന്ദക്കെതിരെ ശക്തമായി പ്രതിഷേധിച്ചത്.
ഇസ്ലാമിനെതിരായ കടുത്ത അവഹേളനയാണ് പ്രവാചകനിന്ദയെന്ന് മന്ത്രിസഭ അപലപന പ്രമേയത്തിൽ വ്യക്തമാക്കി. ലോക മുസ്ലികൾക്ക് നേരെയുള്ള പ്രകോപനമാണിത്. സഹിഷ്ണുതക്കും സഹവർത്തിത്വത്തിനും പരിഷ്കൃത സമൂഹത്തിന്‍റെ മൂല്യങ്ങൾക്കും വിരുദ്ധമാണ് പ്രവാചകനെ അവഹേളിക്കുന്ന പരാമർശങ്ങൾ.
ഇസ്ലാമിക മൂല്യങ്ങളെയും വിശാലമായ കാഴ്ചപ്പാടിനെയും അപമാനിക്കുന്ന നിരുത്തരവാദ പരാമർശങ്ങളെ മന്ത്രിസഭ തള്ളി. വിദ്വേഷവും ശത്രുതയും ഭിന്നതയും പടർത്തുന്നതിനു പകരം, എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിപ്പിക്കുന്നതിലും രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ബന്ധം ശക്തിപ്പെടുത്തുന്നതിലും മതങ്ങളെ ബഹുമാനിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ മന്ത്രിസഭ ആഹ്വാനം ചെയ്തു.
വിദേശകാര്യ മന്ത്രാലയത്തിന്‍റെയും ശൂറാ കൗൺസിലിന്‍റെയും നീക്കങ്ങൾക്കു പിന്നാലെയാണ് മന്ത്രിസഭ അപലപിച്ചത്. ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തലിനെ വിളിച്ചുവരുത്തിയായിരുന്നു വിദേശകാര്യ മന്ത്രാലയം ഖത്തറിന്‍റെ പ്രതിഷേധം ആദ്യം അറിയിച്ചത്.
അമീരി ദിവാനില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ വിവിധ വിഷയങ്ങളിൽ മന്ത്രിസഭ തീരുമാനമെടുത്തു. ഇടപാടുകളില്‍ പണത്തിന്റെ ഉപയോഗം നിയന്ത്രിക്കുന്നത് സംബന്ധിച്ച കരട് നിയമം വിലയിരുത്തി ആവശ്യമായ നടപടി സ്വീകരിച്ചു. ജൂഡീഷ്യല്‍ അതോറിറ്റി, പബ്ലിക് പ്രോസിക്യൂഷന്‍ കരട് നിയമങ്ങളും പരിശോധിച്ചു. പൊലീസ് അക്കാദമി രൂപവത്കരണത്തിന്റെ കരട് അമീരി ഉത്തരവ്, ദേശീയ മനുഷ്യാവകാശ കമ്മിറ്റി രൂപവത്കരണത്തിന്റെ 2010ലെ 17ാം നമ്പര്‍ നിയമത്തിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്തുകൊണ്ടുള്ള കരട് നിയമം എന്നിവക്കും അംഗീകാരം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.