വെടിനിർത്തൽ ദൗത്യവുമായി ബ്ലിങ്കൻ ദോഹയിൽ
text_fieldsദോഹ: ഗസ്സ വെടിനിർത്തൽ സാധ്യമാക്കുന്നതിനുള്ള മധ്യസ്ഥ ചർച്ചകൾ ഊർജിതമാകുന്നതിനിടെ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ദോഹയിലെത്തി.
കഴിഞ്ഞയാഴ്ച നടന്ന ദോഹ ചർച്ചയുടെ തുടർച്ചയായി മധ്യപൂർവേഷ്യൻ രാജ്യങ്ങളിലേക്കുള്ള സന്ദർശനങ്ങളുടെ ഭാഗമായാണ് ബ്ലിങ്കൻ ചൊവ്വാഴ്ച രാത്രി ദോഹയിലെത്തിയത്. കൈറോയിൽ നടക്കേണ്ട രണ്ടാം ഘട്ട ചർച്ച സംബന്ധിച്ച് അനിശ്ചിതാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഇസ്രായേലിനെയും ഹമാസിനെയും കരാറിലെത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ബ്ലിങ്കന്റെ സന്ദർശനങ്ങൾ. തിങ്കളാഴ്ച ഇസ്രായേലും ഈജിപ്തും സന്ദർശിച്ച ശേഷമായിരുന്നു ദോഹയിലേക്കുള്ള യാത്ര.
വെടിനിർത്തലും ബന്ദിമോചനവും ഉൾപ്പെടുന്ന മധ്യസ്ഥ കരാർ അവസാന ഘട്ടത്തിലാണെന്നും, ചർച്ചയുടെ അടിസ്ഥാനത്തിലെ നിർദേശങ്ങൾ ഇസ്രായേൽ അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു. ചർച്ചാ നിർദേശങ്ങൾ ഹമാസിനെയും അംഗീകരിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ബ്ലിങ്കന്റെ സന്ദർശനങ്ങൾ.
ദോഹയിൽ ഖത്തർ വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ ഖുലൈഫിയുമായി കൂടിക്കാഴ്ച നടത്തി. ആസ്ട്രേലിയ, ന്യൂസിലൻഡ് സന്ദർശനത്തിലുള്ള പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ആൽ ഥാനിയുമായി ബ്ലിങ്കൻ ഫോണിൽ ആശയ വിനിമയം നടത്തി. വെടിനിർത്തൽ ചർച്ചയിലെ നിലവിലെ സാഹചര്യവും മറ്റും ഇരുവരും സംസാരിച്ചതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.