വീണ്ടും പൂക്കുന്നു, ബന്ധങ്ങൾ
text_fieldsദോഹ: ഉപരോധം അവസാനിച്ച് അതിർത്തികൾ തുറന്നതോടെ മനുഷ്യബന്ധങ്ങൾ വീണ്ടും പൂക്കുകയാണ്. ഖത്തറിൽനിന്ന് സൗദിയിലേക്ക് അബൂസംറ അതിർത്തി വഴി വാഹനങ്ങൾ ഇന്നലെ മുതൽ യാത്ര തുടങ്ങിയിരുന്നു. ചരക്കുനീക്കവും ഉടൻ ആരംഭിക്കും. ഇന്നലെ അതിർത്തി കടന്ന ഖത്തറിലുള്ളവരെ പൂക്കൾ നൽകിയാണ് സൽവയിൽ സൗദി കസ്റ്റംസ് സ്വീകരിച്ചത്. ഖത്തറിൽനിന്നും അബൂ സംറ അതിർത്തി
കടന്ന് സൗദിയിലെ സൽവ അതിർത്തി വഴി പ്രവേശിക്കുന്ന എല്ലാവരേയും സ്വീകരിക്കാൻ സജ്ജമാണെന്ന് സൗദി കസ്റ്റംസ് വിഭാഗം നേരത്തേതന്നെ അറിയിച്ചിട്ടുണ്ട്. മിക്ക ഗൾഫ്രാജ്യങ്ങളിലും പരന്നുകിടക്കുന്ന കുടുംബബന്ധങ്ങളാണ് അറബികൾക്കുള്ളത്. മൂന്നരവർഷമായി തുടർന്ന ഉപരോധം മൂലം കുടുംബങ്ങൾക്ക് പരസ്പരം കാണാനുള്ള വഴി കൂടിയാണ് അടഞ്ഞിരുന്നത്. 41ാം ജി.സി.സി ഉച്ചകോടിയിൽ ഉപരോധം അവസാനിപ്പിച്ച് അൽഉല കരാറിൽ ഒപ്പുവെച്ചതോടെ മനുഷ്യർ തമ്മിലുള്ള ബന്ധംകൂടിയാണ് വീണ്ടും തളിർക്കുന്നതും പൂക്കുന്നതും. സൗദിയിൽനിന്നും ഖത്തറിൽ
നിന്നും പരസ്പരം വിവാഹം കഴിച്ചവർക്ക് ബന്ധുവീടുകളിലേക്കുള്ള സന്ദർശനം അതിർത്തി തുറന്നതോടെ പഴയപടി ആവുകയാണ്. മൂന്നര വർഷത്തെ ഇടവേളക്കുശേഷം ഖത്തർ എയർവേസ് വിമാനങ്ങൾ വീണ്ടും സൗദി അറേബ്യയുടെ വ്യോമപാത ഉപയോഗിക്കാൻ കഴിഞ്ഞ ദിവസംതന്നെ ആരംഭിച്ചിരുന്നു. ആദ്യ വിമാനം കഴിഞ്ഞ വ്യാഴാഴ്ച രാത്രി സൗദിക്ക് മുകളിലൂടെ ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിലേക്ക് പറന്നിരുന്നു. ഉപരോധം അവസാനിച്ചതിനുശേഷം ആദ്യമായി ഖത്തർ എയർവേസിെൻറ വിമാനം നാളെ റിയാദിലേക്ക് പറക്കും.
ഖത്തർ എയർവേസിെൻറ വെബ്സൈറ്റ് പ്രകാരം ദോഹയിൽനിന്ന് ഉച്ചകഴിഞ്ഞ് 2.50ന് പുറപ്പെട്ട് വൈകുന്നേരം 3.30നാണ് വിമാനം സൗദിയിൽ എത്തുക. ഈ വിമാനത്തിലേക്കുള്ള ബുക്കിങ് നേരത്തേ തുടങ്ങിയിരുന്നു. ജനുവരി 14ന് ജിദ്ദയിലേക്കും ജനുവരി 16ന് ദമ്മാമിലേക്കും വിമാനങ്ങളുണ്ടാകുമെന്ന് ഖത്തർ എയർവേസ് അറിയിച്ചു. സൗദിയിൽനിന്ന് ഖത്തറിലേക്കുള്ള സർവിസുകൾ സൗദിയ എയർലൈൻസും പ്രഖ്യാപിച്ചിട്ടുണ്ട്. തുടക്കത്തിൽ റിയാദിൽനിന്നും ജിദ്ദയിൽനിന്നും ആഴ്ചയിൽ ഏഴു സർവിസുകളായിരിക്കും ഉണ്ടാകുക. റിയാദിൽനിന്ന് ആഴ്ചയിൽ നാലു വിമാനങ്ങളും ജിദ്ദയിൽനിന്ന് ആഴ്ചയിൽ മൂന്ന് വിമാനങ്ങളും സർവിസ് നടത്തും. ആദ്യ സർവിസ് തിങ്കാഴ്ച വൈകീട്ട് 4.40നാണ്.
സൗദി-ഖത്തർ: ചരക്കുനീക്കം ഉടൻ
കര അതിർത്തി തുറന്നതോടെ ഖത്തറും സൗദിക്കുമിടയിലെ ചരക്കുഗതാഗതവും ഉടൻ ആരംഭിച്ചേക്കും. ഇതോടെ വ്യാപാര മേഖല വൻ പ്രതീക്ഷയിലാണ്. പ്രതിവർഷം 700 കോടി റിയാലിെൻറ കച്ചവടമാണ് 2017 വരെ ഖത്തറുമായി സൗദിക്കുണ്ടായിരുന്നത്. നയതന്ത്രവും വ്യാപാരബന്ധവും ഊഷ്മളമാകുന്നത് ഇരു രാജ്യങ്ങൾക്കും നേട്ടമാകും. ഉപരോധ സമയത്ത് ഇറാൻ വ്യോമപാത ഉപയോഗിച്ചാണ് ഖത്തർ വിമാനങ്ങൾ പറന്നത്. ഉപരോധമവസാനിച്ചതോടെ ബില്യൺ കണക്കിന് ഡോളറിെൻറ ചെലവ് ഖത്തർ വിമാനങ്ങൾക്ക് കുറക്കാനാകും. ഇരു അതിർത്തികളോടും ചേർന്നുള്ള പ്രവാസികളുടെ സ്ഥാപനങ്ങൾക്കും തീരുമാനം നേട്ടമാകും. അതിർത്തി തുറന്നതോടെ ഖത്തറിലുള്ളവർക്ക് തടസ്സങ്ങളില്ലാതെ ഹജ്ജ്-ഉംറ നിർവഹിക്കാനാവും. സാമൂഹിക-സാമ്പത്തിക-വാണിജ്യ മേഖലകൾക്ക് പുത്തൻ ഉണർവുണ്ടാകും. റിയൽ എസ്റ്റേറ്റ്, വിനോദസഞ്ചാരം, ട്രാവൽസ് തുടങ്ങിയ വിവിധ മേഖലകളിലുണ്ടായ പ്രതിസന്ധി നീങ്ങും. ഹജ്ജ്, ഉംറ തീർഥാടനത്തിന് ഖത്തറിൽനിന്ന് ട്രാവൽസ് സ്ഥാപനങ്ങൾ പ്രത്യേക പാക്കേജുകൾ ഏർപ്പെടുത്തുന്നത് പുനരാരംഭിക്കും.
വാരാന്ത്യഅവധി ദിനങ്ങളിലും മറ്റും കരമാർഗം അയൽരാജ്യങ്ങളിലേക്കും തിരിച്ചും നിരവധി പേരാണ് എത്തിയിരുന്നത്. ഇത് ഹോട്ടൽ മേഖലക്ക് വൻ നേട്ടമായിരുന്നു. ഗതാഗതം പുനരാരംഭിക്കുന്നതോടെ ഹോട്ടൽ വ്യവസായം കൂടുതൽ ഊർജസ്വലമാകും. ഖത്തർ കര അതിർത്തി പങ്കിടുന്ന സൗദിയുടെ ഭാഗമായ അൽഅഹ്സയിലെ ഹോട്ടൽ, അപ്പാർട്ട്മെൻറ് മേഖലയും പഴയ ഉണർവിലേക്ക് വരും. ഖത്തറിലും സൗദിയിലും മറ്റ് ജി.സി.സി രാജ്യങ്ങളിലും ശാഖകളും ബന്ധവുമുള്ള കമ്പനികൾക്കും സ് ഥാപനങ്ങൾക്കും ഉപരോധം നീങ്ങിയത് വൻനേട്ടമാണ്. മലയാളികളടക്കം ആയിരക്കണക്കിന് പ്രവാസികൾ തങ്ങളുടെ സ്ഥാപനങ്ങളിലേക്ക് വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ് സാധനങ്ങൾ, സ്പെയർപാർട്സ് തുടങ്ങിയവ എത്തിച്ചിരുന്നത് കരമാർഗം ദുബൈയിൽനിന്നായിരുന്നു. ഈ മേഖലയും പഴയ രൂപത്തിലേക്ക് വരും. ഗൾഫിലെ തൊഴിൽസാധ്യതകളും കൂടിയാണ് വർധിക്കാൻ പോകുന്നത്.
ഒമാൻ, യു.എ.ഇ, ബഹ്ൈറൻ രാജ്യങ്ങളിലേക്ക് പോകാൻ ഖത്തറിലുള്ളവർ ആശ്രയിക്കുന്നത് സൗദിയുടെ സൽവ അതിർത്തിയാണ്. ഉപരോധം വന്നയുടനാണ് ഈ അതിർത്തി അടക്കെപ്പട്ടത്. യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത് രാജ്യങ്ങൾ ഈ ആഴ്ച തന്നെ ഖത്തറുമായുള്ള വാണിജ്യബന്ധങ്ങളും യാത്രാസംബന്ധമായ കാര്യങ്ങളും പുനരാരംഭിക്കുമെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി അൻവർ ഗർഗാഷ് പറഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.