വിരുന്നുകാരായി അവരെത്തുന്നു; കടലിൽ തിമിംഗല സ്രാവുകളുടെ സംഗമം
text_fieldsദോഹ: അപൂർവമായ തിമിംഗല സ്രാവുകളുടെ സംഗമത്തെ വരവേൽക്കാനൊരുങ്ങി ഖത്തറിന്റെ തീര സമുദ്ര മേഖല.
ലോകത്ത് വംശനാശ ഭീഷണി നേരിടുന്ന മത്സ്യവിഭാഗങ്ങളിലൊന്നായ ഭീമൻ തിമിംഗല സ്രാവുകളുടെ പ്രധാന ആവാസകേന്ദ്രങ്ങളിൽ ഒന്നാണ് ഖത്തറിന്റെ തീര സമുദ്ര മേഖല.
പ്രധാനമായും അൽ ഷഹീൻ എണ്ണപ്പാടങ്ങളിലാണ് തിമിംഗല 'സ്രാവു'കളുടെ സാന്നിധ്യം അടയാളപ്പെടുത്തുന്നത്.
മേയ് മുതൽ ഒക്ടോബർ വരെയാവും മേഖലയിൽ ഈ മത്സ്യങ്ങൾ കൂട്ടമായെത്തുന്നതെന്ന് ഖത്തർ പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വടക്കൻ സമുദ്രമേഖലയിലാണ് ഇവയെത്തുക. തിമിംഗല സ്രാവുകളുടെ സംഗമകാലമായാണ് ഈ സീസണിനെ വിശേഷിപ്പിക്കുന്നത്. ബീച്ചുകളിലും വടക്കന്‍ ദ്വീപുകളിലേയ്ക്കും എത്തുന്ന സന്ദര്‍ശകര്‍ തിമിംഗല സ്രാവുകള്‍ ഒത്തുചേരുന്ന ഭാഗങ്ങളിലേയ്ക്ക് പ്രവേശിക്കരുതെന്ന് പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ആഹ്വാനം ചെയ്തു.
വടക്കന്‍ സമുദ്രമേഖലകളില്‍ തിമിംഗല സ്രാവുകളെ കണ്ടാല്‍ 184 എന്ന നമ്പറില്‍ അധികൃതരെ അടിയന്തരമായി അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.
ഇവയെ അലോസരപ്പെടുത്തുന്ന തരത്തിലുള്ള പെരുമാറ്റങ്ങളും പാടില്ല.
ഖത്തറിന്റെ പരിസ്ഥിതിയും ജൈവവൈവിധ്യവും സംരക്ഷിക്കുന്നതില്‍ തിമിംഗല സ്രാവുകളുടെ ഒത്തുചേരല്‍ വിജയകരമാക്കാന്‍ പൊതുജനങ്ങള്‍ക്കുള്ള പങ്കാളിത്തം സുപ്രധാനമാണെന്നും മന്ത്രാലയം ഓർമപ്പെടുത്തി.
വംശനാശ ഭീഷണി നേരിടുന്ന ഈ വിഭാഗത്തിന്റെ ഏറ്റവും വലിയ സാന്നിധ്യമായി ഗവേഷകർ അടയാളപ്പെടുത്തുന്നതും ഖത്തർ സമുദ്രതീരമാണ്.
അൽ ഷാഹീൻ എണ്ണപ്പാടങ്ങളിൽ 2020ല്‍ ഖത്തരി സമുദ്രത്തില്‍ 600 തിമിംഗല സ്രാവുകളെ കണ്ടെത്തിയതില്‍ നൂറിലധികവും അല്‍ ഷാഹീന്‍ സമുദ്രമേഖലയിലാണുള്ളത്.
18 മീറ്റര്‍നീളവും 30 ടണ്‍ വരെ ഭാരവുമുള്ള ഇവയ്ക്ക് 70 വര്‍ഷംവരെ ആയുസ്സുണ്ടെന്നാണ് പറയപ്പെടുന്നത്.
പെണ് തിമിംഗല സ്രാവുകളാണ് ആണിനേക്കാള്‍ വലുത്. വലുപ്പമേറെയാണെങ്കിലും ഇവ മനുഷ്യരെ ഉപദ്രവിക്കില്ല. 2010ലും 2011ലും തിമിംഗല സ്രാവുകളെ സംരക്ഷിക്കാനും അവയുടെ പെരുമാറ്റത്തെക്കുറിച്ചും ഖത്തര്‍ പഠനം നടത്തിയിരുന്നു. തിമിംഗല സ്രാവുകളെ സംരക്ഷിക്കാനായി പരിസ്ഥിതി മന്ത്രാലയം പ്രത്യേക പദ്ധതികളും നടപ്പാക്കുന്നുണ്ട്.
മത്സ്യങ്ങൾ വളരുകയും പ്രജനനം നടത്തുകയും ചെയ്യുന്ന മേഖലയായതിനാലാണ് ഭക്ഷണം തേടി തിമിംഗല സ്രാവുകൾ കൂട്ടത്തോടെ ഇവിടെയെത്തുന്നതെന്ന് ഗവേഷകർ പറയുന്നു.
ട്യൂണ വിഭാഗത്തിലെ മത്സ്യങ്ങളും മുട്ടകളുമാണ് ഇവയുടെ പ്രധാന ഭക്ഷണങ്ങളെന്ന് ഏതാനും വർഷം മുമ്പ് നടന്ന ശാസ്ത്രീയ പഠനങ്ങളിൽ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.