'ഭ്രാന്തൻ സെല്ലുകളുടെ കണക്കുപുസ്തകം'; പ്രകാശനവും ചർച്ചയും നാളെ
text_fieldsദോഹ: സുഹാസ് പാറക്കണ്ടി എഴുതിയ കാൻസർ അതിജീവനത്തിന്റെ പുസ്തകം 'ഭ്രാന്തൻ സെല്ലുകളുടെ കണക്കു പുസ്തക'ത്തിന്റെ ഖത്തറിലെ പ്രകാശനവും ചർച്ചയും ഞായറാഴ്ച വൈകുന്നേരം 7.30 മുതൽ അബുഹമൂറിലെ ഐ.സി.സി അശോക ഹാളിൽ നടക്കും. ഖത്തർ സംസ്‌കൃതി സംഘടിപ്പിക്കുന്ന പരിപാടിയിൽ ദോഹയിലെ സാമൂഹിക പ്രവർത്തകർ, എഴുത്തുകാർ, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും.
ലിവറിലേക്ക് പടർന്ന കൊളോ റെക്ടൽ കാൻസറിനെ അതിജീവിച്ചു സുഹാസ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നതിന്റെയും 2019 മുതൽ 2021 വരെയുള്ള കാലയളവിൽ ഖത്തറിലെ ഹമദ് മെഡിക്കൽ കോർപറേഷന്റെ കീഴിലുള്ള എൻ.സി.സി.സി.ആറിൽനിന്നും ലഭിച്ച വിദഗ്ധ ചികിത്സയുടെയും അനുഭവങ്ങളാണ് ഈ പുസ്തകം പറയുന്നത്.
ഗ്രാൻഡ്മാസ്റ്റർ ജി.എസ്. പ്രദീപ് അവതാരികയും കേരള സാഹിത്യ അക്കാദമി ഭാരവാഹികളായ പ്രഫ. സി.പി. അബൂബക്കർ, അശോകൻ ചരുവിൽ എന്നിവരുടെ കുറിപ്പുകളും ചേർന്ന ഈ പുസ്തകത്തിന്റെ നാട്ടിലെ പ്രകാശനം എഴുത്തുകാരി കെ.ആർ. മീരയായിരുന്നു നിർവഹിച്ചത്. കോഴിക്കോട് ആസ്ഥാനമായ ഇങ്ക് ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.