സാംസ്കാരിക സമന്വയത്തിന്റെ വേദിയായി പുസ്തക പ്രകാശനം
text_fieldsദോഹ: ഇന്ത്യയും ഖത്തറും തമ്മിലുള്ള സാംസ്കാരിക-വാണിജ്യ ബന്ധം ചിരപുരാതനമാണെന്നും സാഹിത്യവിവർത്തനത്തിലൂടെ അത് കൂടുതൽ ശക്തിപ്പെടുമെന്നും ഖത്തറിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകനും ഖത്തരീ ഫോറം ഫോർ ഓതേഴ്സ് പ്രോഗ്രാം ഡയറക്ടറുമായ സാലിഹ് ഗുറൈബ് അൽ-ഉബൈദലി പറഞ്ഞു. ഫൈസൽ അബൂബക്കറിന്റെ 'നിലാവിൻ നനവിൽ' എന്ന കവിതസമാഹാരത്തിന്റെ അറബി വിവർത്തനം 'മുൽഹമൻ മിൻ റുഇയത്തിൽ ഹിലാൽ' പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. നിരവധി ഗ്രന്ഥങ്ങൾ ഇന്ത്യൻ ഭാഷകളിൽനിന്ന് അറബിയിലേക്കും തിരിച്ചും മൊഴിമാറ്റപ്പെട്ടിട്ടുണ്ട്. ഇപ്പോഴും അത് നടന്നുകൊണ്ടിരിക്കുന്നു. അറബികളുടെ ഭക്ഷണത്തിലും ഭാഷയിലും വേഷത്തിലുമെല്ലാം ഇന്ത്യൻ സ്പർശം കാണാവുന്നതാണ് -അദ്ദേഹം കൂട്ടിച്ചേർത്തു. ഹൃദ്യവും സരസവുമായ പ്രസംഗം സുഹൈൽ വാഫി പരിഭാഷപ്പെടുത്തി.
ഗ്രന്ഥത്തിന്റെ അറബി മൊഴിമാറ്റം നിർവഹിച്ചത് ഗ്രന്ഥകാരനും വിവർത്തകനും ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം (ഖിയാഫ്) ജനറൽ സെക്രട്ടറിയുമായ ഹുസൈൻ കടന്നമണ്ണയാണ്.
ഐ.സി.സി മുംബൈ ഹാളിൽ ഖിയാഫ് സംഘടിപ്പിച്ച പ്രകാശന ചടങ്ങിൽ പ്രസിഡന്റ് ഡോ. കെ.സി. സാബു അധ്യക്ഷത വഹിച്ചു. ഐ.സി.സി പ്രസിഡന്റ് പി.എൻ. ബാബുരാജൻ ഉദ്ഘാടനം ചെയ്തു.
ഹ്രസ്വസന്ദർശനത്തിനായി ഖത്തറിലെത്തിയ മലയാളിയായ ഇംഗ്ലീഷ് കവയിത്രി സമീഹ ജുനൈദിനെ ഖിയാഫ് ആദരിച്ചു. ഖിയാഫിന്റെ സ്നേഹോപഹാരം പ്രസിഡന്റ് കൈമാറി. സിയാദ് ഉസ്മാൻ, ഖിയാഫ് വൈസ് പ്രസിഡന്റ് ഷീല ടോമി, ട്രഷറർ സലീം നാലകത്ത് തുടങ്ങിയവർ സംസാരിച്ചു.
ബാലഗായിക രേന സൂസൻ മാത്യു ഗാനവും അസീസ് മഞ്ഞിയിൽ കവിതയും ആലപിച്ചു. ഖിയാഫ് അംഗം ആൻസി മോഹൻ മാത്യു പരിപാടി നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി ഹുസൈൻ കടന്നമണ്ണ സ്വാഗതവും എക്സിക്യൂട്ടിവ് സമിതിയംഗം മുഹമ്മദ് ഹുസൈൻ വാണിമേൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.